‘കാഫിർ പോസ്റ്റ്’; കെ.കെ. ലതികയെ ഉടൻ അറസ്റ്റ് ചെയ്യണമെന്ന് കെ.കെ. രമ
text_fieldsകോഴിക്കോട്: ‘കാഫിർ’ പോസ്റ്റ് പിൻവലിച്ചതുകൊണ്ട് മാത്രം പ്രശ്നം തീരില്ലെന്നും കെ.കെ.ലതികയെ പൊലീസ് ഉടൻ അറസ്റ്റു ചെയ്യണമെന്നും കെ.കെ.രമ എം.എൽ.എ. യാഥാർഥ്യവുമായി ബന്ധമില്ലാത്ത കാര്യം പങ്കുവച്ചതിലൂടെ സി.പി.എം അണികളെയടക്കം ധാരാളം പേരെ തെറ്റിദ്ധരിപ്പിക്കുകയാണ് ലതിക ചെയ്തത്.
ഒരു നാടിനെ മുഴുവൻ വർഗീയമായി വേർതിരിക്കാൻ നേതൃത്വം കൊടുക്കുകയാണുണ്ടായതെന്ന് രമ കുറ്റപ്പെടുത്തി. ഇതിന്റെ ഉറവിടം കണ്ടെത്താൻ പൊലീസ് തയാറായിരുന്നില്ല. ഇന്നലെവരെ ലതികയുടെ ഫേസ്ബുക്ക് പേജിൽ നിന്നാണ് ഈ വിവരം കൂടുതലായി പങ്കുവെക്കപ്പെട്ടത്. ആധികാരികമായി സി.പി.എമ്മിന്‍റെ ഒരു നേതാവ് പറയുമ്പോൾ അത് വിശ്വസിക്കാൻ അണികളടക്കം ധാരാളംപേരുണ്ടായി. യാഥാർഥ്യവുമായി പുലബന്ധം പോലുമില്ലാത്ത കാര്യമാണവർ പങ്കുവച്ചത്. പൊലീസിനോട് എം.എസ്.എഫ് പ്രവർത്തകൻ അന്വേഷണം ആവശ്യപ്പെട്ടപ്പോൾ തന്നെ അത് അയാളുടെ അറിവോടെ സംഭവിച്ചതല്ലെന്ന് വ്യക്തമായതാണ്. ഞങ്ങൾ ആരെങ്കിലുമാണെങ്കിൽ കേസെടുക്കണമെന്നും അവർ ആണയിട്ട് പറഞ്ഞിരുന്നു.
എന്നിട്ടും അത് തിരുത്താനോ പിൻവലിക്കാനോ ശ്രമിച്ചില്ല. ഇത്രയും പ്രശ്നങ്ങൾ ഇവിടെ ഉണ്ടാക്കിയിട്ട് ഇന്ന് പോസ്റ്റ് പിൻവലിച്ചു എന്നു പറയുന്നത് അംഗീകരിക്കാനാവില്ലെന്നും രമ പറഞ്ഞു.
‘കാഫിർ’ പരാമർശമുള്ള വ്യാജ സ്ക്രീൻഷോട്ട് പ്രചരിച്ചതിലും നിർമിച്ചതിലും എം.എസ്.എഫ് നേതാവിന് പങ്കില്ലെന്ന് പ്രഥമദൃഷ്ട്യാ കണ്ടെത്തിയതായി പൊലീസ് ഹൈകോടതിയിൽ അറിയിച്ചിരിക്കുകയാണ്. പ്രതിചേർക്കപ്പെട്ട എം.എസ്.എഫ് കോഴിക്കോട് ജില്ല സെക്രട്ടറി പി.കെ. മുഹമ്മദ് കാസിമിന്റെ മൊബൈൽ ഫോൺ ഉൾെപ്പടെയുള്ളവ സൈബർ സെൽ പരിശോധിച്ച ശേഷമാണ് ഇത് സ്ഥിരീകരിച്ചതെന്ന് വടകര സർക്കിൾ ഇൻസ്പെക്ടർ സമർപ്പിച്ച റിപ്പോർട്ടിൽ പറയുന്നു.
യു.ഡി.എഫ് സ്ഥാനാർഥി ഷാഫി പറമ്പിലിനെ ദീനിയായ മുസ്ലിമായും ഇടതുസ്ഥാനാർഥി കെ.കെ. ശൈലജയെ കാഫിറായും ചിത്രീകരിച്ച് സമൂഹ മാധ്യമങ്ങളിലൂടെ നടത്തിയ പ്രചാരണം സംബന്ധിച്ച അന്വേഷണത്തിൽ വീഴ്ചയുണ്ടെന്നുകാട്ടി കാസിം നൽകിയ ഹരജിയിലാണ് പൊലീസിന്റെ വിശദീകരണം. ഹരജി വീണ്ടും ഈമാസം 28ന് പരിഗണിക്കാൻ ജസ്റ്റിസ് ബെച്ചു കുര്യൻ തോമസ് മാറ്റിവെച്ചിരിക്കുകയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.