‘പോരാളി ഷാജി’യെ തള്ളിപ്പറയൽ ഒരുമുഴം മുമ്പേയുള്ള ഏറ്
text_fieldsകോഴിക്കോട്: തെരഞ്ഞെടുപ്പ് പ്രചാരണ വേളയിലുൾപ്പെടെ സി.പി.എം സൈബർ സേനയുടെ നാവെന്നോണം പ്രവർത്തിച്ച ‘പോരാളി ഷാജി’ അടക്കമുള്ള ഫേസ് ബുക്ക് പേജുകളെ പാർട്ടി തള്ളിപ്പറഞ്ഞത് വടകരയിലെ ‘കാഫിർ സ്ക്രീൻ ഷോട്ട്’ കേസന്വേഷണ പുരോഗതി മുന്നിൽക്കണ്ട്.
ആരാണീ പോരാളി ഷാജിയെന്നും അതിന്റെ അഡ്മിൻ ധൈര്യമായി പുറത്തുവരണമെന്നും ചൂണ്ടിക്കാട്ടി വ്യാഴാഴ്ച സി.പി.എം കണ്ണൂർ ജില്ല സെക്രട്ടറി എം.വി. ജയരാജനാണ് വാർത്തസമ്മേളനം വിളിച്ച് ആദ്യം രംഗത്തുവന്നത്. പോരാളി ഷാജിയിൽ ആദ്യകാലത്ത് ഇടത് അനുകൂല പോസ്റ്റുകൾ വന്നെങ്കിലും ഇപ്പോൾ ഇടതു വിരുദ്ധതയാണ് കൂടുതലെന്നായിരുന്നു അദ്ദേഹത്തിന്റെ വിമർശനം. വടകരയിലെ എൽ.ഡി.എഫ് സ്ഥാനാർഥി കെ.കെ. ശൈലജക്കെതിരായ ‘കാഫിർ സ്ക്രീൻ ഷോട്ട്’ പ്രചാരത്തിൽ സി.പി.എം പരാതി നൽകി, പ്രതിയെന്ന് ചൂണ്ടിക്കാട്ടിയത് എം.എസ്.എഫ് കോഴിക്കോട് ജില്ല സെക്രട്ടറി പി.കെ. മുഹമ്മദ് കാസിമിനെയാണ്.
കാസിം പ്രഥമദൃഷ്ട്യ കുറ്റക്കാരനല്ലെന്നും മുൻ എം.എൽ.എ കെ.കെ. ലതിക അടക്കം 12 പേരെ ചോദ്യം ചെയ്തെന്നും അമ്പാടിമുക്ക് സഖാക്കൾ -കണ്ണൂർ, പോരാളി ഷാജി തുടങ്ങി ഫേസ് ബുക്ക് പേജുകളിലേക്ക് അന്വേഷണം വ്യാപിപ്പിക്കണമെന്നുമാണ് പൊലീസ് കോടതിയിൽ നൽകിയ സത്യവാങ്മൂലത്തിലുള്ളത്.
ഈ റിപ്പോർട്ട് മുൻകൂട്ടിയറിഞ്ഞാണ് പാർട്ടി ‘പോരാളി ഷാജി’ അടക്കമുള്ള ഗ്രൂപ്പുകളെ തള്ളിപ്പറഞ്ഞത് എന്നാണ് വിവരം. വരുംനാളിൽ അന്വേഷണം പോരാളി ഷാജിയിലേക്ക് നീളുന്നതോടെ സി.പി.എം നേതൃത്വത്തിന്റെ അറിവോടെയും ഒത്താശയോടെയുമാണ് വ്യാജ പോസ്റ്റ് ഉണ്ടാക്കിയത് എന്നതടക്കമുള്ള കണ്ടെത്തലുണ്ടായേക്കുമെന്നാണ് പാർട്ടി കരുതുന്നത്. പാർട്ടിയുടെ മതേതര മുഖത്തെ കരിയടയാളമായേക്കാവുന്ന ‘പ്രതിസന്ധി’ മുന്നിൽ കണ്ടാണ് ‘പോരാളി ഷാജി’യുമായി പാർട്ടിക്ക് ഒരുവിധ ബന്ധവുമില്ലെന്ന് മുൻകൂട്ടി സ്ഥാപിക്കുന്നത് എന്നാണ് ചൂണ്ടിക്കാണിക്കപ്പെടുന്നത്. -
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.