കാഫിർ പോസ്റ്റ് വ്യാജം: പോസ്റ്റ് നിർമിച്ചത് എം.എസ്.എഫ് പ്രവർത്തകനല്ലെന്ന് പൊലീസ് കോടതിയിൽ
text_fieldsകൊച്ചി: ലോക്സഭാ തെരഞ്ഞെടുപ്പിന്റെ തലേന്ന് വടകര മണ്ഡലത്തിൽ ‘കാഫിർ’ പരാമർശമുള്ള വ്യാജ സ്ക്രീൻഷോട്ട് പ്രചരിച്ചതിലും നിർമിച്ചതിലും എം.എസ്.എഫ് നേതാവിന് പങ്കില്ലെന്ന് പ്രഥമദൃഷ്ട്യാ കണ്ടെത്തിയതായി പൊലീസ് ഹൈകോടതിയിൽ. പ്രതിചേർക്കപ്പെട്ട എം.എസ്.എഫ് കോഴിക്കോട് ജില്ലാ സെക്രട്ടറി പി.കെ. മുഹമ്മദ് കാസിമിന്റെ മൊബൈൽ ഫോൺ ഉൾെപ്പടെയുള്ളവ സൈബർ സെൽ പരിശോധിച്ച ശേഷമാണ് ഇത് സ്ഥിരീകരിച്ചതെന്ന് വടകര സർക്കിൾ ഇൻസ്പെക്ടർ സമർപ്പിച്ച റിപ്പോർട്ടിൽ പറയുന്നു. കോൺഗ്രസ് സ്ഥാനാർഥി ഷാഫി പറമ്പിലിനെ ദീനിയായ മുസ്ലിമായും ഇടതുസ്ഥാനാർഥി കെ.കെ. ശൈലജയെ കാഫിറായും ചിത്രീകരിച്ച് സമൂഹ മാധ്യമങ്ങളിലൂടെ നടത്തിയ പ്രചാരണം സംബന്ധിച്ച അന്വേഷണത്തിൽ വീഴ്ചയുണ്ടെന്നുകാട്ടി കാസിം നൽകിയ ഹരജിയിലാണ് വിശദീകരണം. ഹരജി വീണ്ടും 28ന് പരിഗണിക്കാൻ ജസ്റ്റിസ് ബെച്ചു കുര്യൻ തോമസ് മാറ്റി.
സ്ക്രീൻഷോട്ട് ആദ്യമായി ഫേസ്ബുക്കിൽ പ്രചരിപ്പിച്ച ‘അമ്പാടിമുക്ക് സഖാക്കൾ കണ്ണൂർ’ എന്ന ഫേസ്ബുക്ക് ഗ്രൂപ്പിനെ സംബന്ധിക്കുന്ന വിവരങ്ങൾ ഫേസ്ബുക്ക് അധികൃതരോട് ആവശ്യപ്പെട്ടിട്ടുണ്ടെന്ന് റിപ്പോർട്ടിൽ പറയുന്നു. ‘അമ്പാടിമുക്ക് സഖാക്കൾ കണ്ണൂർ’, ‘പോരാളി ഷാജി’ തുടങ്ങിയ ഗ്രൂപ്പുകളിലേക്ക് അന്വേഷണം വ്യാപിപ്പിക്കേണ്ടതുണ്ട്. കേസുമായി ബന്ധപ്പെട്ട് കുറ്റ്യാടി മുൻ എം.എൽ.എ കെ.കെ. ലതിക അടക്കം 12 പേരെ ഇതുവരെ ചോദ്യം ചെയ്തിട്ടുണ്ട്.
ഫേസ്ബുക്ക് അധികൃതരിൽനിന്ന് റിപ്പോർട്ട് കിട്ടിയശേഷമേ യഥാർഥ പ്രതികളെ അറസ്റ്റ് ചെയ്യാനാവൂവെന്നും റിപ്പോർട്ടിലുണ്ട്. വ്യാജ പോസ്റ്റ് നീക്കാൻ നടപടി സ്വീകരിക്കാത്തതിന്റെ പേരിൽ ഫേസ്ബുക്കിന്റെ നോഡൽ ഓഫിസറെ പ്രതിചേർത്തതായും പൊലീസ് അറിയിച്ചു.
സൈബർ സെല്ലിന് ഫോൺ ഏൽപിച്ച്, പ്രചാരണത്തിന്റെ ഉറവിടം കണ്ടെത്തണമെന്ന് ആവശ്യപ്പെട്ടിരുന്നെങ്കിലും അതൊന്നും പരിഗണിക്കാതെ തനിക്കെതിരെ കേസെടുക്കുകയാണ് പൊലീസ് ചെയ്തതെന്ന് ഹരജിയിൽ പറയുന്നു.
പരാതി നൽകി ഒരു മാസമായിട്ടും യഥാർഥ ഉറവിടം കണ്ടെത്താൻ പൊലീസിന് കഴിഞ്ഞിട്ടില്ലെന്നും കാസിം ആരോപിക്കുന്നു.
അതിനിടെ,പോസ്റ്റ് ആദ്യം വന്ന അമ്പാടിമുക്ക് സഖാക്കൾ എന്ന ഫേസ്ബുക്ക് പേജിനെതിരെയും പോസ്റ്റ് ഇപ്പോഴും നീക്കം ചെയ്യാത്ത പോരാളി ഷാജി പേജിനെതിരെയും അന്വേഷണം തുടങ്ങിയെന്നും പൊലീസ് ഹൈകോടതിയെ അറിയിച്ചിട്ടുണ്ട്. തന്റെ പേരിൽ വ്യാജ വാട്സ് ആപ് സന്ദേശം സൃഷ്ടിച്ചവർക്കെതിരെ കണ്ടെത്തണമെന്നാവശ്യപ്പെട്ടാണ് കാസിം ഹരജി നൽകിയത്. വിവാദവുമായി ബന്ധപ്പെട്ട് പൊലീസ് കേസെടുത്തതിന് പിന്നാലെ കാസിം ഹൈകോടതിയെ സമീപിക്കുകയായിരുന്നു. ഹരജിക്കാരനോട് മറുപടി സത്യവാങ്മൂലം നൽകാൻ കോടതി നിർദേശം നൽകി. ഹരജി ജൂൺ 28ന് വീണ്ടും പരിഗണിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.