Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightകാഫിര്‍ പോസ്റ്റ്;...

കാഫിര്‍ പോസ്റ്റ്; കെ.കെ. ലതികക്കെതിരെ കേസെടുക്കണമെന്നാവശ്യപ്പെട്ട് യൂത്ത് കോണ്‍ഗ്രസ് രംഗത്ത്, ഡി.ജി.പിക്ക് പരാതി നൽകി

text_fields
bookmark_border
kk lathika
cancel

കോഴിക്കോട്: വടകര പാർലമെന്റ് തെരഞ്ഞെടുപ്പിൽ വിവാദമായ കാഫിര്‍ പോസ്റ്റുമായി ബന്ധപ്പെട്ട് സി.പി.എം നേതാവ് കെ.കെ.ലതികക്കെതിരെ കേസെടുക്കണമെന്നാവശ്യപ്പെട്ട് യൂത്ത് കോണ്‍ഗ്രസ് രംഗത്ത്. ഈ ആവശ്യം ഉന്നയിച്ച് യൂത്ത് കോണ്‍ഗ്രസ് നേതാക്കള്‍ ഡി.ജി.പിക്ക് പരാതി നല്‍കിയിരിക്കുകയാണ്. വടകരയിലെ കാഫിര്‍ സ്ക്രീൻഷോട്ട് വിവാദവുമായി ബന്ധപ്പെട്ടുള്ള പോസ്റ്റ് നവമാധ്യമങ്ങളിലൂടെ പങ്കുവെച്ച് മതസ്പര്‍ദ്ധ സൃഷ്ടിക്കാൻ ശ്രമിച്ചതിനാൽ കേസെടുക്കണമെന്നാണ് പരാതിയിലെ ആവശ്യം.

കാഫിർ സ്ക്രീൻഷോട്ട് പ്രചരിപ്പിച്ചവർക്കെതിരെ അന്വേഷണം നടത്തുന്നതായി വടകര പൊലീസ് ഹൈകോടതിയിൽ റിപ്പോർട്ട് സമർപ്പിച്ച പശ്ചാത്തലത്തിലാണ് പരാതിയെന്ന് യൂത്ത് കോണ്‍ഗ്രസ് നേതാക്കള്‍ അറിയിച്ചു. വിവാദ സ്ക്രീൻഷോട്ട് മൂൻ എം.എൽ.എ കൂടിയായ കെ.കെ. ലതിക ഇന്നലെയാണ് ഫേസ്ബുക്കിൽ നിന്ന് നീക്കം ചെയ്തത്. ഇതിനിടെ, ഇൗ നിയമനടപടികൾ സ്വീകരിക്കാത്ത പക്ഷം പ്രക്ഷോഭത്തിന് നേതൃത്വം ​കൊടുക്കാനാണ് യു.ഡി.എഫ് തീരുമാനം.

സംഘപരിവാറിനെ പോലും നാണിപ്പിക്കുന്ന വർഗീയ പ്രചരണമാണ് സി.പി.എം വടകരയിലും മലബാറിലും നടത്തിയതെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീ​ശൻ കുറ്റപ്പെടുത്തി. വെള്ളത്തിന് തീപിടിപ്പിക്കുന്ന വർഗീയ പ്രചരണത്തിന് പിന്നിൽ അറിയപ്പെടുന്ന സി.പി.എം നേതാക്കളായിരുന്നു. ഹീനമായ വർഗീയ പ്രചരണം നടത്തിയവർ എത്ര ഉന്നതരായിരുന്നാലും അവരെ നിയമത്തിന് മുന്നിൽ കൊണ്ട് വരേണ്ടത് സർക്കാരിൻ്റെ ബാധ്യതയാണ്. പൊലീസ് കർശന നടപടി എടുക്കുന്നില്ലെന്നിൽ യു.ഡി.എഫ് ശക്തമായ പ്രക്ഷോഭം തുടങ്ങുമെന്നു സതീശൻ വാർത്താകുറിപ്പിൽ അറിയിച്ചു.

വടകരയിലെ ‘കാഫിർ’ പ്രയോഗം സി.പി.എം സൃഷ്ടി ആയിരുന്നുവെന്ന് തെളിഞ്ഞു. കേരളത്തെ ഭിന്നിപ്പിക്കാൻ സംഘപരിവാർ മെനയുന്ന അതേ തന്ത്രമാണ് വടകരയിൽ ജയിക്കാൻ സി.പി.എമ്മും പുറത്തെടുത്തത്. താൽക്കാലിക ലാഭത്തിന് വേണ്ടി പുറത്തെടുത്ത തന്ത്രം സമൂഹത്തിൽ ആഴത്തിലുള്ള മുറിവേൽപ്പിക്കുമെന്ന് മുതിർന്ന സി.പി എം നേതാക്കൾ പോലും മറന്നു. സി.പി.എമ്മിൽ നിന്ന് സംഘപരിവാറിലേക്ക് അധിക ദൂരമില്ലെന്ന് ഇതോടെ തെളിഞ്ഞു .

വർഗീയ പ്രചരണം രാഷ്ട്രീയ ലാഭത്തിന് ഉപയോഗിച്ചത് സി.പി.എമ്മിന്റെ മുതിർന്ന നേതാക്കാൾ തന്നെയാണ്. സമൂഹത്തിൽ ഭിന്നിപ്പിന്റെ വിത്ത് വിതച്ച് രാഷ്ട്രീയ നേട്ടം കൈവരിക്കാൻ ശ്രമിക്കുന്നത് അപകടകരമായ കളിയാണ്. അതുണ്ടാക്കുന്ന മുറിവുകൾ കാലമെത്ര കഴിഞ്ഞാലും ഉണങ്ങില്ല. ഇനിയെങ്കിലും സി.പി.എമ്മിന് തിരിച്ചറിവുണ്ടായാൽ നല്ലതെന്നും സതീശൻ പറഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Youth CongressKK Lathikakafir screenshot
News Summary - Kafir Post; Youth Congress is on the scene demanding a case against KK Lathika
Next Story