‘കാഫിറി’ലും തെളിഞ്ഞ് പാർട്ടി നേതാക്കളിലെ ഭിന്നത
text_fieldsകണ്ണൂർ: വടകര മണ്ഡലത്തിലെ വിവാദ കാഫിർ സ്ക്രീൻഷോട്ടിലും കലങ്ങിത്തെളിയുന്നത് സി.പി.എം നേതാക്കൾക്കിടയിലെ അഭിപ്രായ ഭിന്നത. സ്ക്രീൻഷോട്ട് സമൂഹ മാധ്യമത്തിൽ ഷെയർ ചെയ്ത സി.പി.എം നേതാവും മുൻ എം.എൽ.എയുമായ കെ.കെ. ലതികയെ വടകരയിലെ ഇടത് സ്ഥാനാർഥി കൂടിയായിരുന്ന കേന്ദ്രകമ്മിറ്റിയംഗം കെ.കെ. ശൈലജ തള്ളിപ്പറഞ്ഞതും തുടർന്ന് നേതൃത്വം ശൈലജക്കെതിരെ രംഗത്തുവന്നതിലും ഈ ഭിന്നത പ്രകടം.
സ്ക്രീൻഷോട്ട് സമൂഹമാധ്യമത്തിൽ ഷെയർ ചെയ്തത് തെറ്റാണെന്നും അക്കാര്യം അന്നുതന്നെ കെ.കെ. ലതികയോട് പറഞ്ഞിരുവെന്നുമാണ് കെ.കെ. ശൈലജ മൂന്നു ദിവസം മുമ്പ് കണ്ണൂരിൽ പറഞ്ഞത്. സ്ക്രീൻഷോട്ട് ഷെയർ ചെയ്യേണ്ടതില്ലായിരുന്നു എന്നുതന്നെയാണ് തന്റെ അഭിപ്രായമെന്നും ഇവർ ആവർത്തിച്ചു. പാർട്ടിയിൽനിന്ന് ആദ്യമായാണ് ലതികക്കെതിരെ പരസ്യ പ്രസ്താവന വന്നത്.
ജൂൺ 28ന് നിയമസഭയിൽ വ്യാജ സ്ക്രീൻഷോട്ട് വിവാദം കത്തിയപ്പോൾ ലതികയെ ന്യായീകരിക്കുകയാണ് മുഖ്യമന്ത്രിക്കുവേണ്ടി സംസാരിച്ച എം.ബി. രാജേഷ് ചെയ്തത്. വർഗീയതക്കെതിരായ പോസ്റ്റാണ് ലതിക ഷെയർ ചെയ്തതെന്നും അത് ദുരുപയോഗം ചെയ്തപ്പോൾ പിൻവലിക്കുകയാണുണ്ടായതെന്നും മന്ത്രി അന്ന് നിയമസഭയിൽ വിശദീകരിച്ചു. ഇക്കാര്യത്തിൽ പാർട്ടിയുടെ നിലപാട് കൂടിയായിരുന്നു അത്.
സ്ക്രീൻഷോട്ട് വിവാദത്തിൽ ഹൈകോടതിയിൽ പൊലീസ് സമർപ്പിച്ച റിപ്പോർട്ട് പുറത്തുവന്നതോടെയാണ്, ലതിക ചെയ്തത് ശരിയായില്ലെന്ന് കെ.കെ. ശൈലജ തുറന്നുപറഞ്ഞത്. അതുവരെ നേതൃത്വം കൈക്കൊണ്ട നിലപാടിനു വിരുദ്ധവുമായി ഈ പരാമർശം. മുതിർന്ന നേതാക്കൾക്കിടയിൽ ഇത് വലിയ അസ്വാരസ്യവുമുണ്ടാക്കി.
നേതൃത്വത്തിന്റെ ചില നിലപാടുകൾ പാർട്ടിക്കകത്ത് ശക്തമായി ചോദ്യം ചെയ്യുന്ന പി. ജയരാജനെ അനുകൂലിക്കുന്ന നേതാക്കളിലൊരാളായാണ് കെ.കെ. ശൈലജ അറിയപ്പെടുന്നത്. വടകരയിൽ തോറ്റപ്പോൾ ‘ശൈലജ മുഖ്യമന്ത്രി സ്ഥാനാർഥിയല്ലേ, ഇവിടെ നിൽക്കേണ്ടയാളല്ലേ’ എന്ന് സംസ്ഥാന സമിതിയോഗത്തിൽ തമാശരൂപേണ പി. ജയരാജൻ പറഞ്ഞത് പുറത്തുവന്നിരുന്നു.
ലതികക്കെതിരായ കെ.കെ. ശൈലജയുടെ പരാമർശത്തിനെതിരെ മുതിർന്ന നേതാവും കേന്ദ്രകമ്മിറ്റിയംഗവുമായ ഇ.പി. ജയരാജനാണ് ആദ്യം രംഗത്തുവന്നത്. ലതിക ചെയ്തതിൽ തെറ്റില്ലെന്നും നാട്ടിൽ ഒരാപത്ത് വരുന്നതിനെതിരെയാണ് ലതിക പോസ്റ്റിട്ടത് എന്നുമാണ് ഇ.പി കണ്ണൂരിൽ പറഞ്ഞത്. പിന്നാലെ, സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദനും ലതിക വിഷയത്തിൽ കെ.കെ. ശൈലജയെ തള്ളിപ്പറഞ്ഞു. ലതികക്ക് പ്രതിരോധം തീർക്കുന്നതിനപ്പുറം ശൈലജയെ തള്ളിപ്പറയലാണ് ഇതിലെല്ലാം പ്രധാനം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.