കൈരളി ഗ്ലോബൽ ലൈഫ് ടൈം അവാർഡ്: ചാത്തനാത്ത് അച്യുതനുണ്ണിക്കും പി.പി. ദിവാകരനും കെ.പി. മോഹനനും പുരസ്കാരം
text_fieldsതിരുവനന്തപുരം: ഗവേഷണരംഗത്തെ കേരളീയരായ പ്രഗല്ഭരെ അംഗീകരിക്കുന്നതിനായി സംസ്ഥാന സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയ കൈരളി റിസര്‍ച് അവാർഡുകൾ പ്രഖ്യാപിച്ചു. പ്രഫ. ചാത്തനാത്ത് അച്യുതനുണ്ണി (ആര്‍ട്സ് ആൻഡ് ഹ്യുമാനിറ്റീസ്), പ്രഫ. പി.പി. ദിവാകരന് (സയൻസ്), പ്രഫ.കെ.പി. മോഹനന് (സോഷ്യൽ സയൻസ്) എന്നിവരെ കൈരളി ഗ്ലോബല്‍ ലൈഫ് ടൈം അച്ചീവ്മെന്റ് അവാർഡിനായി തെരഞ്ഞെടുത്തു. അഞ്ചു ലക്ഷം രൂപയും പ്രശസ്തിപത്രവും അടങ്ങിയതാണ് പുരസ്കാരം. ഉന്നത വിദ്യാഭ്യാസ മന്ത്രി ഡോ.ആർ. ബിന്ദുവാണ് അവാർഡുകൾ പ്രഖ്യാപിച്ചത്.
പ്രഫ.ബി. രാജീവന് (ആര്‍ട്സ് ആൻഡ് ഹ്യുമാനിറ്റീസ്), പ്രഫ. കെ.എല്‍. സെബാസ്റ്റ്യന്‍ (സയന്‍സ്), പ്രഫ. കേശവന് വെളുത്താട്ട് (സോഷ്യല്‍ സയന്‍സ്) എന്നിവരെ കൈരളി ലൈഫ് ടൈം അച്ചീവ്മെന്റ് പ്രൈസിനും തെരഞ്ഞെടുത്തു. രണ്ടര ലക്ഷം രൂപയും പ്രശസ്തിപത്രവും അടങ്ങുന്നതാണ് പുരസ്കാരം. ഡോ. സമീറ ഷംസുദ്ദീന് (കുസാറ്റ് -ബയോളജിക്കല്‍ സയന്‍സ്), ഡോ.എ.എസ്. സുജേഷ് (അച്യുതമേനോന് ഗവ. കോളജ്, തൃശൂര്‍ -ഫിസിക്കല്‍ സയന്‍സ്) എന്നിവരെ ഇന്റര്‍ ഡിസിപ്ലിനറി മേഖലകളില്‍ പോസ്റ്റ് ഡോക്ടറല്‍ ഗവേഷണത്തിനുള്ള കൈരളി ഗവേഷക പുരസ്കാരത്തിനായും തെരഞ്ഞെടുത്തു. 25,000 രൂപയും പ്രശസ്തിപത്രവും രണ്ടു വര്‍ഷത്തേക്ക് റിസര്‍ച് ഗ്രാന്റായി നാലു ലക്ഷം രൂപയും ട്രാവല്‍ ഗ്രാന്റായി 75,000 രൂപയും ഇവര്‍ക്ക് ലഭിക്കും.
ഡോ. ആർ. രാകേഷ് (തിരുവനന്തപുരം മാര്‍ ഇവാനിയോസ് കോളജ് -ആര്‍ട്സ് ആൻഡ് ഹ്യുമാനിറ്റീസ്), ഡോ.ടി.എസ്. പ്രീത (തിരുവനന്തപുരം യൂനിവേഴ്സിറ്റി കോളജ് -ബയോളജിക്കല്‍ സയന്‍സ്), ഡോ.എസ്. അനസ് (എം.ജി സര്‍വകലാശാല -കെമിക്കല്‍ സയന്‍സ്), ഡോ.ജി. സുബോധ് (കേരള സര്‍വകലാശാല -ഫിസിക്കല്‍ സയന്‍സ്), ഡോ. സംഗീത കെ. പ്രതാപ് (കുസാറ്റ് -സോഷ്യല്‍ സയന്‍സ്) എന്നിവരെ ഗവേഷകരായ അധ്യാപകര്‍ക്കുള്ള കൈരളി ഗവേഷണ പുരസ്കാരങ്ങള്ക്കായും തെരഞ്ഞെടുത്തു.
ഒരു ലക്ഷം രൂപയും പ്രശസ്തിപത്രവുമാണ് ജേതാക്കള്‍ക്ക് പുരസ്കാരമായി ലഭിക്കുക. കൂടാതെ, രണ്ടു വര്‍ഷത്തേക്ക് റിസര്‍ച് ഗ്രാന്റായി 24 ലക്ഷം രൂപവരെ ഇവര്‍ക്ക് അര്‍ഹതയുണ്ടാകും. ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസ് മുൻ ഡയറക്ടർ പ്രഫ.പി. ബലറാം അധ്യക്ഷനും പ്രഫ. പ്രഭാത് പട്നായക്, ഡോ. ഇ.ഡി. ജെമ്മീസ്, പ്രഫ. സച്ചിദാനന്ദന് എന്നിവർ അംഗങ്ങളുമായ സമിതിയാണ് പുരസ്കാര നിർണയം നടത്തിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.