'ദേവാങ്കണങ്ങൾ' കൈവിട്ട് പാടിയാൽ ഇഷ്ടപ്പെടില്ലെന്ന് ഹരീഷ് ശിവരാമകൃഷ്ണനോട് കൈതപ്രം
text_fieldsകോഴിക്കോട്: 'ദേവാങ്കണങ്ങൾ കൈയൊഴിഞ്ഞ താരകം' കൈവിട്ട് പാടിയാൽ എനിക്ക് ഇഷ്ടപ്പെടില്ലെന്ന് ഗായകൻ ഹരീഷ് ശിവരാമകൃഷ്ണനോട് കൈതപ്രം ദാമോദരൻ നമ്പൂതിരി. 'ദേവാങ്കണങ്ങളും ദേവിയും' മാറ്റിപ്പാടി പ്രദർശിപ്പിക്കുന്നത് വിഡ്ഢിത്തമാണ്. ഗായകനായ ഹരീഷ് ശിവരാമകൃഷ്ണനൊക്കെ അങ്ങനെ ചെയ്യുന്നത് കണ്ടു. പാട്ടുകളൊക്കെ കുറെ വലിച്ച് നീട്ടി സംഗതികളൊക്കെ ഇട്ട് പാടുകയാണ്.
സിനിമകളിൽ പാട്ട് പാടുന്നത് ഒരു ചതുരത്തിനുള്ളിൽ നിന്നാണ്. അതിൽ നിന്ന് പുറത്തുപോകാനുള്ള അനുവാദം ഗായകർക്ക് ഉണ്ടായിരുന്നില്ല, കാരണം റെക്കോഡിൽ മൂന്നോ,നാലോ മിനിറ്റിൽ പാടിത്തീർക്കണം. ആ കുറുക്കൽ തന്നെയാണ് സിനിമാപാട്ടുകളുടെ സൗന്ദര്യവും. സംഗതികളിട്ട് പാടിയാൽ ആരേക്കാളും മികച്ച രീതിയിൽ ദാസേട്ടനും, ചിത്രയുമൊക്കെ പാടും.
സമയപരിമിതി ഇല്ലാത്തതിനാൽ ഹരീഷിനെ പ്പോലുള്ളവർക്ക് ഈ ചതുരമൊക്കെ വിട്ട് പാടി എന്തുസാഹസവും കാണിക്കാം. പക്ഷെ ചതുരത്തിൽ നിന്നാൽ മാത്രമെ പാട്ടിന്‍റെ സൗന്ദര്യം ഉണ്ടാവുകയുള്ളു എന്ന് മനസിലാക്കണമെന്നും കൈതപ്രം ഒരു മാഗസിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞു. ഈ പാട്ട് കേട്ട് ദാസേട്ടനെക്കാൾ വലിയ ഗായകരാണ് ഇവരെന്ന് ചിലർ പറഞ്ഞാൽ മണ്ടത്തരമാണ്.ഹരീഷ് നല്ലൊരു ഗായകനാണ് എന്നതിൽ തർക്കമില്ല.അദ്ദേഹം പാടി രംഗപുര വിഹാര പോലുള്ള ശാസ്ത്രീയ ഗാനങ്ങളുടെ ആരാധകനാണ് ഞാനെന്നും കൈതപ്രം കൂട്ടിച്ചേർത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.