കല വധക്കേസ്: രണ്ടു മുതൽ നാലു വരെയുള്ള പ്രതികളുടെ കുറ്റസമ്മത മൊഴികൾ രേഖപ്പെടുത്തി
text_fieldsചെങ്ങന്നൂർ: മാന്നാർ ഇരമത്തൂർ സ്വദേശിനി കലയെ കൊലപ്പെടുത്തിയ കേസിൽ രണ്ടു മുതൽ നാലു വരെയുള്ള പ്രതികളുടെ കുറ്റസമ്മതമൊഴികൾ രേഖപ്പെടുത്തി. ഇവരെ തിങ്കളാഴ്ച ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ്സ് മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കും.
ചെന്നിത്തല - തൃപ്പെരുംന്തുറ ഇരമത്തൂർ കിഴക്ക് മൂന്നാം വാർഡിൽ ജിനുഭവനിൽ ജിനു ഗോപി( 46 ),കണ്ണമ്പള്ളിൽ കെ.ആർ.സോമരാജൻ (56) കെ.സി. പ്രമോദ് (40) എന്നിവരാണ് പൊലീസ് കസ്റ്റഡിയിലുള്ളത്. തെളിവുകൾ ഇതുവരെയും കണ്ടെത്താനായിട്ടില്ലാത്ത സാഹചര്യത്തിൽ കസ്റ്റഡി നീട്ടിക്കിട്ടാനായി അപേക്ഷ സമർപ്പിക്കും. അതേസമയം, ഇസ്രയേലിലുള്ള മുഖ്യപ്രതിയും കൊല്ലപ്പെട്ട കലയുടെ ഭർത്താവുമായ അനിലിനെ നാട്ടിലെത്തിക്കാനുള്ള ശ്രമങ്ങൾ പുരോഗമിക്കുകയാണ്.
ഒന്നര പതിറ്റാണ്ടു മുൻപ് കാണാതായതായെന്ന് കരുതിയ കലയെ ഭർത്താവ് അനിലും ബന്ധുക്കളും ചേർന്ന് കൊലപ്പെടുത്തിയന്നതാണ് പൊലീസ് കണ്ടെത്തൽ.
അനിലിന്റെ ഫോൺ നമ്പർ വീട്ടിൽ നിന്നും അന്വേഷണ സംഘത്തിന് ലഭിച്ചിരുന്നില്ല. ഉറ്റസുഹൃത്തിന്റെ പക്കൽ നിന്നുമാണ് പുതിയ മൊബൈൽ നമ്പർ കിട്ടിയത്. കെട്ടിട നിർമാണ കരാറുകാരനായ അനിൽ ഒട്ടനവധി കെട്ടിടങ്ങളാണ് പലയിടങ്ങളിലായി നിർമിച്ചു നൽകിയിട്ടുള്ളത്. ഇതുവഴി വലിയൊരു സുഹൃത്ത് വലയം അനിലിനുണ്ട്. കേസന്വേഷണം ആരംഭിച്ചപ്പോൾ അനിലുമായി അടുപ്പമുണ്ടെന്ന് പൊലീസ് സംശയിച്ച സുഹൃത്ത് മാന്നാറിൽ നേടുങ്കണ്ടത്തേക്ക് മുങ്ങിയിരുന്നു. ഇയാളെ ചോദ്യം ചെയ്യാനായി സ്റ്റേഷനിൽ വിളിച്ചുവരുത്തിയ സമയത്ത് തന്നെ സുഹൃത്തിന്റെ ഫോണിൽ അനിൽ വിളിച്ചത് പോലീസിന് പിടിവള്ളിയായി.
എന്നാൽ, അനിലിനെ നാട്ടിലെത്തിക്കാൻ പൊലീസിന് മുന്നിൽ വലിയ കടമ്പകളാണുള്ളത്. സ്വമേധയാ വന്നില്ലെങ്കിൽ സംസ്ഥാന പൊലീസ് മുതൽ കേന്ദ്ര ആഭ്യന്തപ വകുപ്പും ഇന്റർപോളും വരെ ഉൾപ്പെടുന്ന സങ്കീർണമായ നടപടികളായതിനൽ സമയമെടുത്തേക്കും.
മുൻപ് അബ്കാരി ഉൾപ്പടെയുള്ള അനേകം കുറ്റകൃത്യങ്ങളിൽ ഉൾപ്പെട്ടിരുന്ന അനിലിന്റെ പേരിലുള്ള കേസുകളെല്ലാം രമ്യ തയിലാക്കുകയോ വിധികഴിയുകയോ ചെയ്തിട്ടുള്ളതാണെന്നു പൊലീസ് സ്ഥിരീകരിച്ചിട്ടുണ്ട്. ഇതെല്ലാം കഴിഞ്ഞ ശേഷമാണ് വിദേശത്തേക്ക് പോയത്. 2009 ഡിസംബറിലാണ് ഇരമത്തൂർ സ്വദേശിനി കല കൊലപ്പെട്ടതെന്നാണ് റിപ്പോർട്ട്. വലിയ പെരുമ്പുഴയിൽ വെച്ചാണ് കൊല്ലപ്പെട്ടതെന്നും പൊലീസ് കോടതിയിൽ നൽകിയ റിപ്പോർട്ടിൽ പറയുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.