ശ്രീകലക്ക് മറ്റൊരു ബന്ധമുണ്ടെന്ന സംശയം കൊലക്കിടയാക്കിയെന്ന് എഫ്.ഐ.ആർ; മൂന്ന് പ്രതികൾ അറസ്റ്റിൽ
text_fieldsആലപ്പുഴ: 15 വർഷം മുമ്പ് കാണാതായ ശ്രീകലയെ (കല) കൊന്ന കേസിൽ ഭർത്താവ് അനിലിന്‍റെ ബന്ധുക്കളായ മൂന്നുപേർ അറസ്റ്റിൽ. അനിലിന്‍റെ സഹോദരീഭർത്താവ് ചെന്നിത്തല തൃപ്പെരുന്തുറ ഇരമത്തൂർ കണ്ണമ്പള്ളിൽ കെ.ആർ. സോമരാജൻ (56), ബന്ധുക്കളായ ഇരമത്തൂർ കണ്ണമ്പള്ളിൽ കെ.സി. പ്രമോദ് (40), ഇരമത്തൂർ ജിനുഭവനം ജിനു ഗോപി (48) എന്നിവരെയാണ് മാന്നാർ പൊലീസ് അറസ്റ്റ് ചെയ്തത്. ചെങ്ങന്നൂർ ജുഡീഷ്യൽ ഒന്നാംക്ലാസ് മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കിയ ഇവരെ ആറ് ദിവസത്തേക്ക് പൊലീസ് കസ്റ്റഡിയിൽ വിട്ടു. യുവതിയെ കൊണ്ടുപോയ കാറും ആയുധവും കണ്ടെത്താൻ കൂടുതൽ തെളിവുകൾ ശേഖരിക്കാൻ വ്യാഴാഴ്ച പ്രതികളുമായി തെളിവെടുപ്പ് നടത്തും.
ശ്രീകലയെ അനിൽകുമാർ കൊലപ്പെടുത്തിയത് അവർക്ക് മറ്റൊരാളുമായി ബന്ധമുണ്ടെന്ന സംശയത്തിന്‍റെ പേരിലാണെന്നാണ് പൊലീസിന്‍റെ നിഗമനം. പ്രതികളുടെ കുറ്റസമ്മതമൊഴിലൂടെയാണ് കൊലപാതകമെന്ന് സ്ഥിരീകരിച്ചത്. അനിലാണ് ഒന്നാംപ്രതി. ബന്ധുക്കളും സുഹൃത്തുക്കളുമായ ജിനു, സോമരാജൻ, പ്രമോദ് എന്നിവരാണ് മറ്റ് പ്രതികൾ. ഇവർക്കെതിരെ കൊലക്കുറ്റം ചുമത്തിയിട്ടുണ്ട്. 2009ലാണ് കേസിനാസ്പദമായ സംഭവം. വിനോദയാത്രയാണെന്ന് പറഞ്ഞ് ശ്രീകലയെ അനിൽ എറണാകുളത്തേക്ക് വിളിച്ചുവരുത്തിയാണ് കൊലപാതകം ആസൂത്രണം ചെയ്തത്. ബന്ധുക്കളായ പ്രതികളെയും കൂട്ടി മാന്നാറിന് സമീപത്തെ വലിയ പെരുമ്പുഴ പാലത്തിൽവെച്ച് കൊലപ്പെടുത്തിയശേഷം മൃതദേഹം മാരുതി കാറിൽ കൊണ്ടുപോയി മറവുചെയ്ത് തെളിവുകൾ നശിപ്പിച്ചു.
അതേസമയം, എങ്ങനെയാണ് കൊന്നതെന്നും എവിടെയാണ് കുഴിച്ചുമൂടിയതെന്നുമുള്ള കാര്യങ്ങൾ എഫ്.ഐ.ആറിൽ പറയുന്നില്ല. ശ്രീകലയുടെ തിരോധാനവുമായി ബന്ധപ്പെട്ട് മറ്റൊരു എഫ്.ഐ.ആറും രജിസ്റ്റർ ചെയ്തിട്ടുണ്ട്. ഭർതൃവീട്ടിലെ സെപ്റ്റിക് ടാങ്കിൽനിന്ന് കിട്ടിയ മുടി, മുടിപ്പിൻ, ടാഗ്, മാലയെന്ന് തോന്നിക്കുന്ന വസ്തു എന്നിവ ഫോറൻസിക് പരിശോധനക്ക് അയച്ചു. 15 വർഷം മുമ്പ് നടന്ന സംഭവത്തിന്‍റെ ചുരുളഴിയാൻ കൂടുതൽ അന്വേഷണം നടത്താനാണ് പ്രതികളെ പൊലീസ് കസ്റ്റഡിയിൽ വിട്ടത്. കടത്തിക്കൊണ്ടുപോയ വാഹനവും കണ്ടെത്തണം. സംഭവത്തിൽ കൂടുതൽ പ്രതികൾ ഉൾപ്പെട്ടിട്ടുണ്ടോയെന്ന സംശയവുമുണ്ട്. ഇസ്രായേലിൽ കഴിയുന്ന അനിലിനെ രണ്ടുദിവസത്തിനകം നാട്ടിലെത്തിക്കുമെന്നും സൂചനയുണ്ട്.
ജില്ല പൊലീസ് മേധാവി ചൈത്ര തെരേസ ജോൺ അടക്കമുള്ള ഉന്നത പൊലീസ് ഉദ്യോഗസ്ഥരുടെ നേതൃത്വത്തിൽ പ്രതികളെ വിശദമായി വീണ്ടും ചോദ്യം ചെയ്തശേഷമാണ് കോടതിയിൽ ഹാജരാക്കിയത്. വൻ പൊലീസ് സുരക്ഷയിൽ ഉച്ചക്ക് 2.15ന് വൈദ്യപരിശോധനക്ക് ചെങ്ങന്നൂർ ജില്ല ആശുപത്രിയിൽ പ്രതികളെ എത്തിച്ചപ്പോൾ സ്ത്രീകളും രോഗികളും കൂട്ടിരിപ്പുകാരും അസഭ്യവർഷത്തോടെയാണ് എതിരേറ്റത്. ശ്രീകലയുടെ ബന്ധുവായ സ്ത്രീയും പൊട്ടിത്തെറിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.