കലാഭവൻ ഹനീഫ് അന്തരിച്ചു
text_fieldsകൊച്ചി: പ്രശസ്ത സിനിമ താരവും മിമിക്രി കലാകാരനുമായ കലാഭവൻ ഹനീഫ് (63) അന്തരിച്ചു. ശ്വാസകോശ സംബന്ധമായ അസുഖത്തെ തുടർന്ന് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. നിരവധി ജനപ്രിയ സിനിമകളിൽ ഹാസ്യ കഥാപാത്രങ്ങളെ അവതരിപ്പിച്ചിട്ടുണ്ട്. 150ലധികം ചിത്രങ്ങളിൽ അഭിനയിച്ചു.
എറണാകുളം മട്ടാഞ്ചേരിയിൽ ഹംസയുടെയും സുബൈദയുടെയും മകനായാണ് ഹനീഫ് ജനിച്ചത്. സ്കൂൾ പഠന കാലത്തുതന്നെ മിമിക്രിയിൽ സജീവമായി. പിന്നീട് നാടക വേദികളിലും സജീവമായി. നാടകത്തിലൂടെ തുടങ്ങിയ കലാജീവിതം ഹനീഫിനെ കലാഭവനിൽ കൊണ്ടെത്തിച്ചു. പിന്നീട് കലാഭവൻ ട്രൂപ്പിലെ പ്രധാന മിമിക്രി ആർട്ടിസ്റ്റായി മാറി.
1990ൽ ചെപ്പു കിലുക്കണ ചങ്ങാതി എന്ന ചിത്രത്തിലൂടെയാണ് കലാഭവൻ ഹനീഫ് സിനിമയിൽ തുടക്കംകുറിയ്ക്കുന്നത്. ഈ പറക്കും തളിക, പാണ്ടിപ്പട, കട്ടപ്പനയിലെ ഹൃത്വിക് റോഷൻ, ഉസ്താദ് ഹോട്ടൽ, ദൃശ്യം തുടങ്ങിയ സിനിമകളിലെ കഥാപാത്രങ്ങൾ ശ്രദ്ധേയമായി.
സിനിമകൾ കൂടാതെ അറുപതോളം ടെലിവിഷൻ പരമ്പരകളിലും അദ്ദേഹം അഭിനയിച്ചിട്ടുണ്ട്. "കോമഡിയും മിമിക്സും പിന്നെ ഞാനും" അടക്കം പല ടെലിവിഷൻ ഷോകളുടെ ഭാഗമായും പ്രവർത്തിച്ചിട്ടുണ്ട്. ഇന്ത്യയ്ക്കകത്തും വിദേശത്തുമായി നിരവധി മിമിക്രി ഷോകളിൽ ഹനീഫ് പങ്കെടുത്തിട്ടുണ്ട്.
ഭാര്യ: വാഹിദ. മക്കൾ: ഷാരൂഖ് ഹനീഫ്, സിത്താര ഹനീഫ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.