കലാഭവന്‍ മണിയുടെ മരണം: പൊലീസിനെതിരായ ആക്ഷേപം അന്വേഷിക്കണം –മനുഷ്യാവകാശ കമീഷന്‍
text_fieldsതൃശൂര്‍: നടന്‍ കലാഭവന്‍ മണിയുടെ ദുരൂഹ മരണത്തിന്‍െറ ഉത്തരവാദികളെ രക്ഷിക്കാന്‍ പൊലീസ് ശ്രമിക്കുകയാണെന്ന ബന്ധുക്കളുടെ ആരോപണത്തെക്കുറിച്ച് സംസ്ഥാന പൊലീസ് മേധാവി അന്വേഷണം നടത്തണമെന്ന് മനുഷ്യാവകാശ കമീഷന്‍ ഉത്തരവ്. അന്വേഷണം സി.ബി.ഐക്ക് കൈമാറിയെങ്കിലും പൊലീസിന്‍െറ ചുമതലകള്‍ അവസാനിക്കുന്നില്ല. മരണത്തിന് പിറകിലെ യാഥാര്‍ഥ്യം എത്രയും വേഗം അനാവരണം ചെയ്യപ്പെടണമെന്ന് കമീഷനംഗം മോഹന്‍കുമാര്‍ ഉത്തരവില്‍ വ്യക്തമാക്കി.
കേസ് സി.ബി.ഐക്ക് കൈമാറിയെങ്കിലും എറണാകുളം റൂറല്‍ ജില്ലാ പൊലീസ് മേധാവി അന്വേഷണം തുടരുന്നുണ്ടെന്ന് ഡി.ജി.പി കമീഷനെ അറിയിച്ചിരുന്നു. സി.ബി.ഐക്ക് കേസ് കൈമാറിക്കൊണ്ടുള്ള സര്‍ക്കാര്‍ വിജ്ഞാപനവും കമീഷനില്‍ ഹാജരാക്കി. മണിയുടെ മരണത്തെക്കുറിച്ച് ഡി.ജി.പി സമര്‍പ്പിച്ച റിപ്പോര്‍ട്ട് തട്ടിക്കൂട്ടിയതാണെന്ന് മണിയുടെ ഭാര്യ നിമ്മിയും സഹോദരന്‍ രാമകൃഷ്ണനും കമീഷനില്‍ സമര്‍പ്പിച്ച ആക്ഷേപത്തില്‍ കുറ്റപ്പെടുത്തിയിരുന്നു. മണി രക്തം ഛര്‍ദിക്കുന്നത് കണ്ട വിപിനെയും അരുണിനെയും കേസില്‍ നിന്ന് ഒഴിവാക്കിയ പൊലീസ് മുരുകനില്‍ മാത്രം ശ്രദ്ധ കേന്ദ്രീകരിച്ചുവെന്നാണ് ബന്ധുക്കളുടെ ആക്ഷേപം.
കൊച്ചി അമൃത ആശുപത്രിയില്‍ എത്തുമ്പോള്‍ മണിക്ക് ബോധം ഉണ്ടായിരുന്നതായി സുഹൃത്തുക്കള്‍ നല്‍കിയ മൊഴിയുണ്ട്. ഇതിന്‍െറ സി.സി ടി.വി ദൃശ്യങ്ങള്‍ തങ്ങള്‍ക്ക് നല്‍കണമെന്ന് ബന്ധുക്കള്‍ ആവശ്യപ്പെട്ടു. കാക്കനാട് ലാബിലെ പരിശോധനാ ഫലത്തിലെ പൊലീസിന്‍െറ സംശയം ദുരൂഹമാണ്. മണിയുടെ ശരീരത്തിലുണ്ടായിരുന്ന മെഥനോളിനെക്കുറിച്ച് അന്വേഷിക്കാത്തത് ബിനാമികളെ ഭയന്നിട്ടാണെന്നും ആക്ഷേപ ഹരജിയിലുണ്ട്. അമൃത ആശുപത്രിയിലെ ലാബ് പരിശോധനയിലും സംശയമുണ്ട്.
മണിയുടെ ശരീരത്തില്‍ മാത്രം വിഷമദ്യം എത്തിയത് എങ്ങനെയെന്ന് അന്വേഷിച്ചില്ല. രോഗം ഗുരുതരമായിട്ടും ഒരു പകല്‍ മുഴുവന്‍ അദ്ദേഹത്തെ പാഡിയില്‍ കിടത്തിയത് ദുരൂഹമാണെന്ന് ബന്ധുക്കള്‍ ചൂണ്ടിക്കാട്ടി. ആക്ഷേപം അടിയന്തരമായി പരിഗണിക്കണമെന്ന് പൊലീസ് മേധാവിക്ക് കമീഷന്‍ നിര്‍ദേശം നല്‍കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.