മിമിക്രിക്ക് ലഭിച്ച കൈയ്യടികൾ വോട്ടായി; കലാഭവൻ രാജു കാസർകോട് ബ്ലോക്കിലേക്ക്
text_fieldsകാസർകോട്: വോട്ടു തേടലിനിടെ നാടൻപാട്ടും മിമിക്രിയും അവതരിപ്പിച്ചപ്പോൾ ലഭിച്ച കൈയ്യടികൾ വോട്ടായി മാറിയതോടെ കലാഭവൻ രാജു വിജയശ്രീലാളിതനായി കാസർകോട് ബ്ലോക്ക് പഞ്ചായത്തിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു.
ചെമ്മനാട് ഗ്രാമപഞ്ചായത്ത് അംഗമായിരുന്ന രാജു ഇത്തവണ കാസർകോട് ബ്ലോക്ക് പഞ്ചായത്തിലേക്കായിരുന്നു മത്സരിച്ചത്. അകാലത്തിൽ പൊലിഞ്ഞ നടൻ കലാഭവൻ മണിയുടെ ഓർമകൾ നെഞ്ചോടുചേർത്തു പിടിച്ചായിരുന്നു ദലിത് ലീഗ് ജില്ല സെക്രട്ടറി കൂടിയായ രാജുവിെൻറ പ്രചാരണം. വോട്ടു തേടലിനിടെ നാടൻപാട്ടും മിമിക്രിയും അവതരിപ്പിച്ച രാജുവിന് മികച്ച സ്വീകരണമായിരുന്നു ജനങ്ങൾ നൽകിയത്.
കാസർകോട് ബ്ലോക്ക് പഞ്ചായത്ത് കളനാട് ഡിവിഷനിൽ നിന്നാണ് ചട്ടഞ്ചാൽ കാവുംപള്ളത്തെ ഈ 45കാരൻ ജനവിധി തേടിയത്. മുസ്ലിം ലീഗിെൻറ സിറ്റിങ് ഡിവിഷനാണിത്. 1200ഓളം വോട്ടിെൻറ ഭൂരിപക്ഷത്തിനായിരുന്നു കഴിഞ്ഞ തവണ ലീഗ് പ്രതിനിധി ഡിവിഷൻ കൈപ്പിടിയിലാക്കിയത്. ഇത്തവണ സി.പി.എമ്മിെൻറ ചന്ദ്രൻ കൊക്കാലിനെ 884 വോട്ടുകൾക്കാണ് രാജു തറപറ്റിച്ചത്.
ചെമ്മനാട് ഗ്രാമപഞ്ചായത്ത് ബെണ്ടിച്ചാൽ വാർഡിൽ നിന്ന് 27 വോട്ടിെൻറ ഭൂരിപക്ഷത്തിനായിരുന്നു കഴിഞ്ഞ തവണ കന്നിയങ്കത്തിൽ ജയിച്ചുകയറിയത്. നീലേശ്വരം സ്വദേശിനിയായ ജിഷയാണ് ഭാര്യ.
1998ലാണ് കലാഭവനിൽ ചേരുന്നത്. കലാഭവൻ മണിയുടെ രൂപവും ശബ്ദവും അന്നേ അനുകരിക്കാറുണ്ടായിരുന്നു. അന്ന്, അവിടെയുണ്ടായിരുന്നവർ പറഞ്ഞറിഞ്ഞ് ഒരു ഞായറാഴ്ച കലാഭവൻ മണി നേരിട്ട് കാണാനെത്തി. ഒരു ബെഞ്ചിൽ മുഖാമുഖമിരുന്ന് അനുകരിച്ചതോടെ ഏറെ ഇഷ്ടപ്പെട്ടു. കാണാൻ തെൻറ ചെറുപ്പകാലം പോലെ ഉണ്ടെന്നായിരുന്നു മറ്റൊരു കമൻറ്.
കലാഭവൻ വേഗത്തിൽ വിട്ടെങ്കിലും മണിയുമായുള്ള സൗഹൃദം രാജു തുടർന്നു. 2000ത്തിൽ 'നന്മ' എന്ന സിനിമയിലഭിനയിക്കാൻ ഈ സൗഹൃദം കാരണമായി. അതുവഴി 'നിഴൽ' എന്ന സിനിമയിലുമെത്തി. കാസര്‍കോട് കലാഭവന്‍ എന്ന പേരില്‍ ഒരു ട്രൂപ് ആരംഭിച്ച് മിമിക്സ് പരേഡ് ഉള്‍പ്പെടെ നടത്തിയിരുന്നു. പിന്നീട് കാസർകോട് കലാഭവൻ ഫാൻസ് അസോസിയേഷൻ രൂപവത്കരിച്ച രാജു ജില്ല പ്രസിഡൻറുമായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.