കാലടി പിഎച്ച്.ഡി പ്രവേശനത്തിൽ മുമ്പും അട്ടിമറി; ഇടപെട്ടത് മുൻ വി.സി
text_fieldsകൊച്ചി: കാലടി സംസ്കൃത സർവകലാശാലയിൽ കെ. വിദ്യയുടേതിന് മുമ്പും പിഎച്ച്.ഡി പ്രവേശനത്തിൽ അട്ടിമറി നടന്നതിന്റെ വിവരങ്ങൾ പുറത്ത്. വ്യാജരേഖയുണ്ടാക്കി െഗസ്റ്റ് െലക്ചറർ നിയമനം തരപ്പെടുത്തിയ എസ്.എഫ്.ഐ മുൻ നേതാവ് കൂടിയായ വിദ്യ കാലടി സർവകലാശാലയിൽ പിഎച്ച്.ഡി പ്രവേശനം നേടിയത് അധികസീറ്റ് സൃഷ്ടിച്ച് പട്ടികവിഭാഗം സംവരണം അട്ടിമറിച്ചാണെന്ന് ആേരാപണമുണ്ട്. വിദ്യയുടെ പ്രവേശനത്തെ ന്യായീകരിച്ച മുൻ വൈസ് ചാൻസലർ ഡോ. ധർമരാജ് അടാട്ട്, 2021ലെ പ്രവേശന ലിസ്റ്റിലും യോഗ്യതയില്ലാത്തവരെ തിരുകിക്കയറ്റാൻ ഇടപെട്ടതായി തെളിയിക്കുന്ന ശബ്ദരേഖയാണ് ശനിയാഴ്ച പുറത്തുവന്നത്.
2021ലെ സംസ്കൃത സാഹിത്യ വിഭാഗത്തിലേക്ക് തെരഞ്ഞെടുക്കപ്പെടുന്ന ഗവേഷകരിൽ വിജയകുമാർ എന്ന വിദ്യാർഥിയെ ഉൾപ്പെടുത്താൻ ശ്രമിക്കണമെന്ന് ഡോ. ധർമരാജ് വകുപ്പുമേധാവി പി.വി. നാരായണനോട് പറയുന്നതായി ശബ്ദരേഖയിലുണ്ട്. അഭിമുഖത്തിൽ പങ്കെടുത്ത 16 പേർക്കും പോയന്റ് നൽകിക്കഴിഞ്ഞതായി വകുപ്പുമേധാവി അറിയിച്ചപ്പോൾ ചില സിൻഡിക്കേറ്റ് അംഗങ്ങൾ ആവശ്യപ്പെട്ടിട്ടുണ്ടെന്നും എന്തെങ്കിലും ചെയ്യാൻ പറ്റുമോ എന്ന് നോക്കണമെന്നുമായിരുന്നു വി.സിയുടെ നിർദേശം. ഒടുവിൽ സെലക്ഷൻ കമ്മിറ്റി തെരഞ്ഞെടുത്ത 12 പേരിൽ വിജയകുമാർ ഉണ്ടായിരുന്നില്ല. തുടർന്ന്, പ്രവേശന നടപടികളിൽ ക്രമക്കേടുണ്ടെന്ന് ചൂണ്ടിക്കാട്ടി ഈ പട്ടിക വി.സി റദ്ദാക്കുകയും വകുപ്പുമേധാവിയെ മാറ്റുകയും ചെയ്തു. പുതിയ വകുപ്പുമേധാവി വന്നശേഷം വി.സി ആവശ്യപ്പെട്ടയാൾക്കുകൂടി പ്രവേശനം ലഭിക്കാൻ അഭിമുഖത്തിൽ പങ്കെടുത്ത 16 പേരെയും ഉൾപ്പെടുത്തി പുതിയ പട്ടിക തയാറാക്കുകയാണ് ചെയ്തത്. എന്നാൽ, ശബ്ദരേഖ തന്റേതല്ലെന്നും ഇക്കാര്യത്തിൽ നിയമപരമായ നടപടികൾ സ്വീകരിക്കുമെന്നുമാണ് ആരോപണങ്ങൾ പൂർണമായി നിഷേധിച്ച ഡോ. ധർമരാജിന്റെ പ്രതികരണം.
2020ൽ വിദ്യയുടെ പ്രവേശനം ചട്ടങ്ങൾ ലംഘിച്ചാണെന്ന ആരോപണം ഉയർന്നപ്പോൾ പിഎച്ച്.ഡി പ്രവേശനത്തിന് സംവരണം ബാധകമല്ലെന്ന വാദവുമായി ഡോ. ധർമരാജ് രംഗത്തെത്തിയിരുന്നു. എന്നാൽ, എസ്.സി, എസ്.ടി വിഭാഗത്തിന് 20 ശതമാനം സംവരണമുണ്ടെന്ന് വ്യക്തമാക്കി 2016ൽതന്നെ സർവകലാശാല പുറത്തിറക്കിയ സർക്കുലറും ഇതിനിടെ പുറത്തുവന്നു. വിദ്യയുടെ അപേക്ഷ പരിഗണിച്ച് നിയമാനുസൃതം മാത്രം പ്രവേശനം നൽകണമെന്ന ഹൈകോടതിയുടെ നിർദേശം മറയാക്കിയാണ് എല്ലാ ചട്ടങ്ങളും മറികടന്ന് സർവകലാശാല വിദ്യക്ക് അനുകൂല നിലപാടെടുത്തത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.