കാലടിയിലെ നിയമന വിവാദം: വിവരങ്ങൾ ചോർന്നതെങ്ങിനെ
text_fieldsകോഴിക്കോട്: കാലടി സർവകലാശാലയിലെ മലയാളം അസി. പ്രഫസർ (മുസ്ലിം സംവരണം) നിയമനം സംബന്ധിച്ച വിവാദം മുറുകുന്നു. വിഷയ വിദഗ്ധർ അയച്ച കത്ത് സർവകലാശാല ചോർത്തിയിട്ടില്ലെന്ന് വി.സി. ഡോ. ധർമരാജ് അടാട്ട് വ്യക്തമാക്കിയതോടെ നിയമനം ലഭിച്ച നിനിത കണിച്ചേരിയുടെ ഭർത്താവും മുൻ എം.പിയുമായ എം.ബി. രാജേഷിെൻറ ആരോപണം വിഷയത്തെ സങ്കീർണമാക്കുകയാണ്.
രാജേഷ് ആരോപിച്ചത് പോലെ തങ്ങൾ ഇടനിലക്കാർ മുഖേന നിനിതക്ക് കത്ത് നൽകിയിട്ടില്ലെന്ന് നിയമന ബോർഡിലെ വിഷയ വിദഗ്ധരിലൊരാളായ ഡോ. ഉമർ തറമേൽ കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. ഈ സാഹചര്യത്തിൽ രാജേഷ് ആരോപിച്ചത് പോലൊരു കത്ത് നിനിതക്ക് ലഭിച്ചിട്ടുണ്ടെങ്കിൽ അതിന് പിറകിൽ ആരാണ് എന്നകാര്യം അവ്യക്തമാണ്.
നിനിതയുടെ പി.എച്ച്.ഡിക്കെതിരെ പരാതി ഉയർന്നതായും ഇത് ഉപജാപത്തിെൻറ ഭാഗമാണെന്നും രാജേഷ് ആരോപിച്ചിരുന്നു. എന്നാൽ അപേക്ഷകൾ പരിശോധിക്കുന്ന സമയത്ത് അത്തരം പരാതിയോ വിവാദമോ ഉയർന്നിരുന്നില്ലെന്നാണ് സ്ക്രൂട്ടിനി കമ്മിറ്റി അംഗമായിരുന്ന വകുപ്പധ്യക്ഷ ഡോ. ലിസി മാത്യു ചാനൽ ചർച്ചയിൽ വ്യക്തമാക്കിയത്. ഇതോടെ, ഈ ആരോപണം സംബന്ധിച്ച ദുരൂഹത വർധിക്കുകയാണ്.
റാങ്ക് ലിസ്റ്റിലുൾപ്പെട്ട മറ്റൊരു ഉദ്യോഗാർഥിക്ക് കോൺടാക്ട് സർട്ടിഫിക്കറ്റ് നൽകിയത് വിഷയ വിദഗ്ധരിലൊരാളാണെന്നും രാജേഷ് വ്യക്തമാക്കിയിരുന്നു. ഉദ്യോഗാർഥികളുടെ കോൺടാക്ട് സർട്ടിഫിക്കറ്റ് ഉൾപ്പെടെയുള്ളവ വാഴ്സിറ്റിയുടെ കൈവശമുള്ള രേഖയാണെന്നിരിക്കെ മറ്റൊരു ഉദ്യോഗാർഥിയുടെ ഭർത്താവിന് ഇത് ലഭിച്ചതെങ്ങിനെയെന്നും സംശയമുയരുന്നുണ്ട്.
അതേസമയം, നിനിതക്കെതിരായ നീക്കം ഇൻറർവ്യു ബോർഡിൽ ഉണ്ടായിരുന്ന പ്രമുഖനൊപ്പം ജോലി ചെയ്യുന്ന ആൾക്കുവേണ്ടിയായിരുന്നുവെന്നും രാഷ്ട്രീയമല്ല, വ്യക്തിതാൽപര്യമാണ് പ്രശ്നമെന്നുമാണ് ശനിയാഴ്ച രാജേഷ് മാധ്യമങ്ങളോട് പറഞ്ഞത്. ഈ ആരോപണത്തിലുൾപ്പെട്ട ഉദ്യോഗാർഥിയും പാർട്ടി കുടുംബാംഗമാണ്. വിദ്യാർഥി സംഘടന ഭാരവാഹിയായിരുന്ന അടുത്ത ബന്ധുവടക്കം ഇവരുടെ നിയമനത്തിനായി പാർട്ടി തലത്തിൽ ചരടുവലി നടത്തിയതായി പറയപ്പെടുന്നുണ്ട്. ഈ സാഹചര്യത്തിൽ, പാർട്ടിയെ ഉപയോഗിച്ച് സ്വാധീനം ചെലുത്തുന്നതിലെ 'മൂപ്പിളമത്തർക്ക'വും ഇപ്പോഴത്തെ വിവാദങ്ങൾക്ക് പിറകിലുണ്ടെന്ന് ആക്ഷേപമുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.