സംസ്കൃത സർവകലാശാല: പിഎച്ച്.ഡി റാങ്ക് പട്ടികയിൽ അട്ടിമറി; ഗവർണർക്ക് നിവേദനം
text_fieldsതിരുവനന്തപുരം: കാലടി സംസ്കൃത സർവകലാശാലയിൽ ഗവേഷണ വിദ്യാർഥി പ്രവേശനത്തിൽ വ്യാപക ക്രമക്കേടെന്ന് ചാൻസലറായ ഗവർണർക്ക് നിവേദനം. യു.ജി.സി വ്യവസ്ഥകൾ പൂർണമായും ലംഘിച്ചാണ് പ്രവേശനമെന്ന് ചൂണ്ടിക്കാട്ടി സേവ് യൂനിവേഴ്സിറ്റി കാമ്പയിൻ കമ്മിറ്റിയാണ് നിവേദനം നൽകിയത്.
പ്രവേശന പരീക്ഷയിൽ ഉയർന്ന മാർക്ക് നേടിയവരെ ഇന്റർവ്യൂവിൽ പിറകിലാക്കിയാണ് റാങ്ക് പട്ടികയിൽ ക്രമക്കേട് നടത്തിയത്. മലയാളം പഠനവിഭാഗത്തിൽ പിഎച്ച്.ഡി ഗവേഷണത്തിന് ഒമ്പത് ഒഴിവാണുണ്ടായിരുന്നത്. ഇന്റർവ്യൂ കഴിഞ്ഞപ്പോൾ പ്രവേശന പരീക്ഷയിൽ രണ്ടാം സ്ഥാനത്തെത്തിയയാൾ 15ാം സ്ഥാനത്തായി. പരീക്ഷയിൽ എട്ടാം സ്ഥാനത്തായിരുന്ന മുൻ കോൺഗ്രസ് എം.എൽ.എയുടെ ഭാര്യയുടെ റാങ്ക് 17 ആയി. പരീക്ഷയിൽ മൂന്നാം സ്ഥാനത്തുള്ളയാൾ ഒമ്പതും നാലാം സ്ഥാനത്തുള്ളയാൾ 36ഉം ഏഴാം സ്ഥാനത്തുള്ളയാൾ 33ഉം റാങ്കുകാരായി മാറി.
എന്നാൽ പരീക്ഷയിൽ അഞ്ചാം സ്ഥാനത്തുള്ളയാൾ ഒന്നാം റാങ്കിലും 19ൽ ഉണ്ടായിരുന്നയാൾ നാലാം റാങ്കിലുമെത്തി. 14ാം സ്ഥാനത്തുണ്ടായിരുന്നയാളെ ആറാം റാങ്കിലും 15ാം സ്ഥാനത്തുള്ളയാളെ ഏഴാം റാങ്കിലും ഉൾപ്പെടുത്തിയ പട്ടിക പൂർണമായും അട്ടിമറിച്ചിരിക്കുകയാണെന്ന് പരാതിയിൽ പറയുന്നു.
100 മാർക്കിന്റെ എഴുത്തുപരീക്ഷയിൽ വിജയിച്ചവരെ മലയാളം വകുപ്പ് മേധാവി ലിസി മാത്യു, ഡോ. സുനിൽ പി. ഇളയിടം എന്നിവരുൾപ്പെടെ ഏഴുപേർ അടങ്ങുന്ന ഇൻറർവ്യൂ ബോർഡ് 100 മാർക്ക് വീതം 700 മാർക്കിന് ഇന്റർവ്യൂ നടത്തി അവസാന റാങ്ക് പട്ടിക തയാറാക്കുകയായിരുെന്നന്നും പരാതിയിലുണ്ട്.
യു.ജി.സി നിയമപ്രകാരം പ്രവേശന പരീക്ഷയിൽ ലഭിച്ച മാർക്കിന്റെ 70 ശതമാനത്തോടൊപ്പം ഇന്റർവ്യൂവിന്റെ 30 ശതമാനം മാർക്ക് കൂട്ടിച്ചേർത്താണ് അവസാന റാങ്ക് പട്ടിക തയാറാക്കേണ്ടത്. എന്നാൽ പ്രവേശന പരീക്ഷയുടെ മാർക്ക് പൂർണമായും അവഗണിച്ച് ഇന്റർവ്യൂ ബോർഡ് റാങ്ക് പട്ടിക തയാറാക്കിയതോടെ പ്രവേശനപരീക്ഷയിൽ ഉയർന്ന റാങ്ക് ലഭിച്ച ഭൂരിഭാഗം പേരും തഴയപ്പെട്ടു.
പിഎച്ച്.ഡി പ്രവേശനത്തിൽ യു.ജി.സി വ്യവസ്ഥകൾ കൃത്യമായി പാലിക്കണമെന്നും പ്രവേശനപരീക്ഷയുടെ മാർക്കിന്റെ അടിസ്ഥാനത്തിൽ പ്രവേശനം നടത്തണമെന്നുമുള്ള അക്കാദമിക് കൗൺസിൽ തീരുമാനം മരവിപ്പിച്ച ശേഷമാണ് ക്രമരഹിതമായി റാങ്ക് പട്ടിക പ്രസിദ്ധീകരിക്കാൻ വൈസ്ചാൻസലർ അനുമതി നൽകിയത്.
എസ്.എഫ്.ഐ നേതാവായ എം.എസ്.ഡബ്ല്യു ബിരുദക്കാരനായ മുൻ സിൻഡിക്കേറ്റ് അംഗത്തിന് ചട്ടവിരുദ്ധമായി മാനുസ്ക്രിപ്റ്റോളജിയിൽ അധിക സീറ്റ് നൽകി പ്രവേശനം നൽകിയതായും ആക്ഷേപമുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.