സത്യഭാമയെ തള്ളിപ്പറഞ്ഞ് കലാമണ്ഡലം: ‘ഇത്തരം വ്യക്തികളുടെ പേരിനോപ്പം കലാമണ്ഡലം ചേർക്കപ്പെടുന്നത് സ്ഥാപനത്തിന് കളങ്കം’
text_fieldsതൃശൂർ: വർണവെറി നിറഞ്ഞ പ്രസ്താവന നടത്തിയ കലാമണ്ഡലം സത്യഭാമയെ പൂർണമായും തള്ളിപ്പറഞ്ഞ് കേരള കലാമണ്ഡലം. സത്യഭാമയുടേതായി നിലവിൽ വന്നുകൊണ്ടിരിക്കുന്ന പ്രസ്‌താവനകളും പ്രതികരണങ്ങളും നിലപാടുകളും പൂർണ്ണമായും നിരാകരിക്കുകയും അപലപിക്കുകയും ചെയ്യുന്നതായി കേരള കലാമണ്ഡലം കൽപിത സർവകലാശാല വൈസ് ചാൻസലർ പ്രഫ. ബി. അനന്തകൃഷ്‌ണൻ, രജിസ്ട്രാർ ഡോ. പി. രാജേഷ്കുമാർ എന്നിവർ പ്രസ്‌താവനയിൽ പറഞ്ഞു.
ഒരു പരിഷ്കൃത സമൂഹത്തിന് നിരക്കാത്ത ഇത്തരം പ്രസ്‌താവനകൾ നടത്തുന്ന വ്യക്തികളുടെ പേരിനോടൊപ്പം കലാമണ്ഡലത്തിന്റെ പേര് ചേർക്കപ്പെടുന്നത് സ്ഥാപനത്തിന് കളങ്കമാണ്. കേരള കലാമണ്ഡലത്തിലെ ഒരു പൂർവ വിദ്യാർത്ഥി എന്നതിനപ്പുറം ഇവർക്ക് കലാമണ്ഡലവുമായി നിലവിൽ ഒരു ബന്ധവുമില്ലെന്നും കലാമണ്ഡലം പ്രസ്‌താവനയിൽ പറഞ്ഞു.
കലാഭവൻ മണിയുടെ സഹോദരൻ ഡോ. ആർ.എൽ.വി രാമകൃഷ്‌ണന് എതിരെയായിരുന്നു സത്യഭാമയുടെ പരാമർശം. “മോഹിനിയായിരിക്കണം എപ്പോഴും മോഹിനിയാട്ടം കളിക്കേണ്ടത്. ഇയാളെ കണ്ട് കഴിഞ്ഞാല്‍ കാക്കയുടെ നിറം. ആണ്‍പിള്ളേര്‍ക്ക് മോഹിനിയാട്ടം ചേരുകയാണെങ്കില്‍ തന്നെ അവര്‍ക്ക് അതുപോലെ സൗന്ദര്യം വേണം. ആണ്‍ പിള്ളേരില്‍ നല്ല സൗന്ദര്യം ഉള്ളവര്‍ ഇല്ലേ? ഇവനെ കണ്ടാല്‍ ദൈവം പോലും, പറ്റ തള്ള പോലും സഹിക്കില്ല”- എന്നായിരുന്നു കലാമണ്ഡലം സത്യഭാമയുടെ വിവാദ പ്രസ്‌താവന.
പ്രസ്താവനയുടെ പൂർണരൂപം:
"കലാമണ്ഡലം സത്യഭാമയുടേതായി നിലവിൽ വന്നുകൊണ്ടിരിക്കുന്ന പ്രസ്‌താവന കളും പ്രതികരണങ്ങളും നിലപാടുകളും കേരള കലാമണ്ഡലം പൂർണ്ണമായും നിരാകരിക്കുകയും അപലപിക്കുകയും ചെയ്യുന്നു. ഒരു പരിഷ്കൃത സമൂഹത്തിന് നിരക്കാത്ത ഇത്തരം പ്രസ്‌താവനകൾ നടത്തുന്ന വ്യക്തികളുടെ പേരിനോടൊപ്പം കലാമണ്ഡലത്തിൻ്റെ പേര് ചേർക്കപ്പെടുന്നത് സ്ഥാപനത്തിന് കളങ്കമാണ്. കേരള കലാമണ്ഡലത്തിലെ ഒരു പൂർവ വിദ്യാർത്ഥി എന്നതിനപ്പുറം ഇവർക്ക് കലാമണ്ഡലവുമായി നിലവിൽ ഒരു ബന്ധവുമില്ലെന്ന് പ്രസ്‌താവിക്കുന്നു’
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.