നടന വിസ്മയങ്ങൾ കണ്ടുമുട്ടി; നവരസങ്ങൾ കേളികൊട്ടി
text_fieldsതൃശൂർ: അരങ്ങിലെ പച്ചവേഷക്കാരൻ ഗോപിയാശാൻ ചുട്ടിയില്ലാതെ നളനായി. അരികെ വിടർന്ന കണ്ണുകളോടെ വെള്ളിത്തിരയിലെ നടനവിസ്മയം മോഹൻലാൽ. അരങ്ങിലും അഭിനയത്തിലും അർപ്പണംകൊണ്ട് ശ്രദ്ധേയരായ രണ്ടുപേർ കണ്ടുമുട്ടിയ അപൂർവ വേദിക്ക് സാക്ഷിയായി സദസ്സ് നിറഞ്ഞ് ആസ്വാദകർ. കലാമണ്ഡലം ഗോപിയാശാെൻറ 80ാം പിറന്നാളിെൻറ ഭാഗമായി സംഘടിപ്പിച്ച ‘ഹരിതം’ പരിപാടിയിലെ സ്നേഹാദരം ചടങ്ങിലാണ് ഗോപിയാശാന് ആദരവുമായി മോഹൻലാൽ എത്തിയത്. നവരസങ്ങൾ നിറഞ്ഞ ഗോപിയാശാെൻറ മുഖത്തും മുദ്രകളിലും ഒരിക്കൽകൂടി നളനെത്തിയപ്പോൾ അതുല്യകലാകാരന് മുന്നിൽ വേദിയും സദസ്സും ഒന്നാകെ സ്നേഹാദരം ചൊരിഞ്ഞു.
തനിക്ക് കഥകളിയെന്നാൽ ഗോപിയാശാനാണെന്ന് മോഹൻലാൽ പറഞ്ഞപ്പോൾ മലയാള സിനിമയിൽ നടനെന്നാൽ തനിക്കത് ലാൽ മാത്രമാണെന്ന് ആശാെൻറ മറുവാക്ക്. ‘വാനപ്രസ്ഥം’ സിനിമയിൽ ഒന്നിച്ചഭിനയിച്ച അനുഭവവും ലാൽ പങ്കുവെച്ചു. ആത്മീയ കലാരൂപമായ കഥകളിക്ക് കാലം കൈമുദ്ര ചാർത്തിയ ഹരിതഭാവമാണ് കലാമണ്ഡലം ഗോപിയെന്ന് മോഹൻലാൽ പറഞ്ഞു.
ചിട്ടയായ ഗുരുകുല സമ്പ്രദായവും സ്വന്തമായ ആശയ ആവിഷ്കാര ശൈലിയും സമന്വയിച്ചതിെൻറ പരിണിത ഫലമാണ് കലാമണ്ഡലം ഗോപി. കഥകളിക്ക് കേരളത്തിൽ ആസ്വാദകർ കുറഞ്ഞെന്ന് തോന്നിപ്പിക്കുന്ന ഈ കാലഘട്ടത്തിൽ വിദേശങ്ങളിൽ ധാരാളം ആസ്വാദകർ ഉണ്ടാകുന്നത് ആശ്വാസകരമാണ്. ഇതിൽ ഗോപിയാശാൻ വഹിക്കുന്ന പങ്ക് വലുതാണ്. ആറ് പതിറ്റാണ്ടായി അരങ്ങുകളിൽനിന്നും അരങ്ങുകളിലേക്ക് എത്തുന്ന ഗോപിയാശാൻ മനുഷ്യജന്മത്തിലെ വിസ്മയമാണെന്ന് മോഹൻലാൽ പറഞ്ഞു. തനിക്ക് കിട്ടിയതിലധികം ഭാഗ്യവും സ്നേഹവും ഒരു കഥകളി നടനും കിട്ടിക്കാണില്ലെന്ന് ഇടറിയ ശബ്ദത്തോടെ ഗോപിയാശാൻ മറുപടി പറഞ്ഞു.
യു.എ.ഇ എക്സ്ചേഞ്ച് സ്ഥാപകനും സി.ഇ.ഒയുമായ ബി.ആർ. ഷെട്ടി ഗോപിയാശാന് ആദരം അർപ്പിച്ചു.പിറന്നാൾ സമ്മാനമായി സ്വർണനാണയം കൈമാറി. മന്ത്രി വി.എസ്. സുനില്‍കുമാർ, പെരുവനം കുട്ടന്മാരാര്, സംഘാടക സമിതി ജന.കൺവീനർ കോരമ്പത്ത് ഗോപിനാഥൻ, ഡോ. പി. വേണുഗോപാൽ, സുധീര്‍കുമാര്‍ ഷെട്ടി തുടങ്ങിയവര്‍ പങ്കെടുത്തു. കോട്ടക്കല്‍ മധു അഷ്ടപദി ആലപിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.