കലാമണ്ഡലം വാസു പിഷാരോടിക്ക് വിട
text_fieldsകോങ്ങാട്: കഴിഞ്ഞ ദിവസം അന്തരിച്ച കഥകളി കലാകാരൻ കലാമണ്ഡലം വാസു പിഷാരോടിക്ക് (79) നാടും പ്രിയപ്പെട്ടവരും വിടചൊല്ലി. നാട്ടിലും വിദേശത്തും കഥകളി അരങ്ങിൽ നിറസാന്നിധ്യമായിരുന്ന അദ്ദേഹം അഞ്ചുവർഷമായി ശാരീരിക അവശതമൂലം വിശ്രമജീവിതം നയിക്കുകയായിരുന്നു. വ്യാഴാഴ്ച കല-സംസ്കാരിക, സാമൂഹികരംഗത്തെ പ്രമുഖരും ജനപ്രതിനിധികളും അദ്ദേഹത്തിന് അന്തിമോപചാരം അർപ്പിക്കാനെത്തി. മൃതദേഹം വൈകീട്ട് മുണ്ടൂർ ഗ്രാമപഞ്ചായത്ത് വാതകശ്മശാനത്തിൽ സംസ്കരിച്ചു.
സ്കൂൾ പഠനകാലശേഷം കലാമണ്ഡലം ബാലകൃഷ്ണൻ നായരുടെ കീഴിലാണ് കഥകളി അഭ്യസിച്ചത്. കോട്ടക്കൽ പി.എസ്.വി നാട്യസംഘത്തിലും വിദ്യാർഥിയായി. കലാമണ്ഡലം രാമൻകുട്ടി നായർ, കലാമണ്ഡലം പത്മനാഭൻ നായർ എന്നിവരുടെ കീഴിൽ ഉന്നതപഠനം നടത്തി. കഥകളിയിലെ നടനവിസ്മയമായിരുന്ന അദ്ദേഹം വാഴേങ്കട കുഞ്ചുനായർ ശൈലിയുടെ പ്രണേതാവാണ്. കീചകൻ, നരകാസുരൻ എന്നീ കത്തിവേഷങ്ങളും കല്യാണസൗഗന്ധികത്തിലെ ഭീമസേനൻ, നളചരിതം തുടങ്ങി പച്ചവേഷങ്ങളും അദ്ദേഹത്തിന്റെ നടനമികവിന് മാറ്റുകൂട്ടി.
1979ൽ കലാമണ്ഡലത്തിൽ അധ്യാപകനായി ചേർന്നു. 20 വർഷത്തെ സേവനാനന്തരം വൈസ് പ്രിൻസിപ്പലായി വിരമിച്ചു. 1963ൽ വീരശൃംഖല പട്ടിക്കാംതൊടി പുരസ്കാരം, 1988ൽ കലാമണ്ഡലം അവാർഡ്, 2003ലെ കേരള സംഗീത നാടക അക്കാദമി അവാർഡ്, 2004ലെ കേന്ദ്ര സംഗീത അക്കാദമി അവാർഡ്, 2012ലെ കേരള സർക്കാറിന്റെ കഥകളി പുരസ്കാരം, 2021ലെ അക്കീരത്ത് രാമൻപിള്ള സ്മാരക കലാരത്ന പുരസ്കാരം, കാറൽമണ്ണ കുഞ്ചുനായർ സംസ്തുതി സമ്മാൻ എന്നിവ കരസ്ഥമാക്കി. ഭാര്യ: സുഭദ്ര. മക്കൾ: ശ്രീകല, ഉണ്ണികൃഷ്ണൻ (ദുബൈ). മരുമക്കൾ: രഘു (ന്യൂഡൽഹി), സരയു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.