Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightപി.ആർ.ഒയെ...

പി.ആർ.ഒയെ തിരിച്ചെടുക്കാനാകില്ല; രാജ്​ഭവനിൽ നേരിട്ട്​ ഹാജരാകണമെന്ന ഗവർണറുടെ നിർദേശം തള്ളി കലാമണ്ഡലം വൈസ്​ ചാൻസലർ

text_fields
bookmark_border
പി.ആർ.ഒയെ തിരിച്ചെടുക്കാനാകില്ല; രാജ്​ഭവനിൽ നേരിട്ട്​ ഹാജരാകണമെന്ന ഗവർണറുടെ നിർദേശം തള്ളി കലാമണ്ഡലം വൈസ്​ ചാൻസലർ
cancel

തിരുവനന്തപുരം: പിരിച്ചുവിട്ട പബ്ലിസിറ്റി ആൻഡ്​​ റിസർച്ച്​ ഓഫിസറെ (പി.ആർ.ഒ) തിരിച്ചെടുക്കാനുള്ള ഉത്തരവ്​ നടപ്പാക്കാത്തതിന് ​രാജ്​ഭവനിൽ നേരിട്ട്​ ഹാജരായി വിശദീകരണം നൽകണമെന്ന ചാൻസലറായ ഗവർണറുടെ നിർദേശം തള്ളി കലാമണ്ഡലം കൽപിത സർവകലാശാല വൈസ്​ ചാൻസലർ ഡോ.ടി.കെ. നാരായണൻ. പി.ആർ.ഒയായിരുന്ന ആർ. ഗോപീകൃഷ്ണനെ പിരിച്ചുവിടാനുള്ള തീരുമാനം സർവകലാശാലയുടെ പരാമാധികാര സമിതിയായ ബോർഡ്​ ഓഫ്​ മാനേജ്​മെന്‍റിന്‍റെതാണെന്നും ഇതിന്‍റെ പേരിൽ വ്യക്തിപരമായി ഹാജരാകാൻ കഴിയില്ലെന്നും ഗവർണർക്ക്​ അയച്ച കത്തിൽ വി.സി വ്യക്തമാക്കി​.

ബോർഡ്​ യോഗത്തിൽ അധ്യക്ഷതവഹിച്ച ഒരംഗം മാത്രമാണ്​ വി.സി. കലാമണ്ഡലം ഡീംഡ്​ സർവകലാശാല നിയമാവലി പ്രകാരം വ്യക്തിപരമായി തെളിവെടുപ്പിന്​​ നേരിട്ട്​ ഹാജരാകുന്നതിന്​ നിർബന്ധിച്ച്​ നിർദേശം നൽകാൻ ചാൻസലറായ ഗവർണർക്ക്​ അധികാരമില്ല. ബോർഡ്​ ഓഫ്​ മാനേജ്​മെന്‍റ്​ തീരുമാനം നടപ്പാക്കേണ്ടത്​ മുഖ്യ നിർവഹണ അധികാരി എന്ന നിലയിൽ വി.സിയിൽ നിക്ഷിപ്തമായ അധികാരമാണ്​. ആ തീരുമാനം നടപ്പാക്കുന്നതിന്‍റെ പേരിൽ തന്നെ ​വ്യക്തിപരമായി വിളിച്ചുവരുത്താൻ കഴിയില്ല. ഇതിന്​ പര്യാപ്തമായ നിയമവ്യവസ്ഥ ഗവർണറോ ഗവർണറുടെ സെക്രട്ടറിയോ ഇതുസംബന്ധിച്ച കത്തിൽ ചൂണ്ടിക്കാട്ടിയിട്ടുമില്ല.

പി.ആർ.ഒ നിയമനവുമായി ബന്ധപ്പെട്ട പ്രസക്തമായ വിവരങ്ങൾ ഇതിനകം രാജ്​ഭവന്​ കൈമാറിയിട്ടുണ്ട്​. സർവകലാശാല നിയമപ്രകാരം സൃഷ്​ടിക്കപ്പെടാത്ത തസ്തികയാണ്​ പി.ആർ.ഒയുടേത്​. 2019 ജൂൺ ഒന്നിനാണ്​ സർവകലാശാല നിയമാവലി സർക്കാർ അംഗീകരിച്ച്​ നിലവിൽവന്നത്​. സർക്കാർ അനുമതി നൽകുന്ന അധ്യാപക, അനധ്യാപക തസ്തികകളാണ്​ സർവകലാശാല നിയമാവലിയിൽ ചേർക്കുന്നത്​. പി.ആർ.ഒ തസ്തിക സർക്കാർ സൃഷ്ടിക്കുകയോ നിലവിൽ ഒരാൾ ഈ തസ്തികയിൽ തുടരുകയോ ചെയ്യുന്നില്ല. തസ്തിക നിലവിലില്ലാത്തതിനാൽ ഗോപീകൃഷ്ണനെ സർവിസിൽ തിരിച്ചെടുക്കാനാകില്ല.

നേരത്തേ അഡ്​ഹോക്​ അടിസ്ഥാനത്തിൽ നിയമിതനായ ഗോപീകൃഷ്ണൻ പ്രൊബേഷൻ കാലഘട്ടം തൃപ്തികരമായി പൂർത്തിയാക്കിയിട്ടില്ല. സർവകലാശാലയിൽനിന്ന്​ വൻ തുക അപഹരിച്ചെന്നും​ കണ്ടെത്തിയിരുന്നു. ഇങ്ങനെ ഒരാൾ സർവിസിൽ തുടരാൻ പാടില്ലെന്ന തീരുമാനത്തിന്‍റെ അടിസ്ഥാനത്തിലാണ്​ ഗോപീകൃഷ്ണനെ പിരിച്ചുവിട്ടതെന്നും കത്തിൽ പറയുന്നു. മഹാകവി വള്ളത്തോൾ നാരായണ മേനോൻ സ്ഥാപിച്ച കലാമണ്ഡലം പോലുള്ള സ്ഥാപനത്തിൽ ഇത്തരം വ്യക്തിയെ നിലനിർത്തുന്നത്​ സർവകലാശാലയുടെ സൽപേരിന്​ കളങ്കമാകും. പി.ആർ.ഒ തസ്തിക നിലവിലുണ്ടോ എന്നതടക്കമുള്ള കാര്യങ്ങളിൽ സർവകലാശാല സർക്കാറിൽനിന്ന്​ വ്യക്തത തേടിയിട്ടുണ്ടെന്നും മറുപടിക്ക്​ കാത്തിരിക്കുകയാണെന്നും കത്തിൽ പറയുന്നു.

ഗോപീകൃഷ്​ണനെ തിരിച്ചെടുക്കാനുള്ള ഗവർണറുടെ ഉത്തരവിനെ ചോദ്യം ചെയ്ത്​ സുബീഷ്​ കുമാർ എന്നയാൾ ഹൈകോടതിയിൽ ഹരജി ഫയൽ ചെയ്തതായും കത്തിൽ പറയുന്നു. വിഷയത്തിൽ കൂടുതൽ വ്യക്തത ആവശ്യമെങ്കിൽ നൽകാമെന്നും എന്നാൽ സർവകലാശാല സമിതി എടുത്ത തീരുമാനത്തിന്‍റെ പേരിൽ തനിക്ക്​ വ്യക്തിപരമായി മറുപടി നൽകാനാകില്ലെന്നും വി.സി വ്യക്തമാക്കി.

വൈസ് ​ചാൻസലർ സർവകലാശാലയുടെ ഉയർന്ന അക്കാദമിക, ഭരണ നിർവഹണ അതോറിറ്റിയാണെന്നും എന്നാൽ തീരുമാനങ്ങളെടുക്കുന്ന ഉന്നതാധികാര സമിതി സമൂഹത്തിന്‍റെ വിവിധ മേഖലകളിൽ ആദരിക്കപ്പെടുന്ന വ്യക്തികൾ അടങ്ങിയ ബോർഡ്​ ഓഫ്​ മാനേജ്​മെന്‍റ്​ ആണെന്നും വി.സി കത്തിൽ വ്യക്തമാക്കുന്നു. വി.സിയുടെ കത്തിൽ ഗവർണർ തുടർനടപടി സ്വീകരിച്ചിട്ടില്ല. തിങ്കളാഴ്ച നേരിട്ട്​ ഹാജരാകാനായിരുന്നു വി.സിക്കുള്ള നിർദേശം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Kalamandalam
News Summary - Kalamandalam Vice-Chancellor rejects Governor's demand to prescent
Next Story