ആരവത്തിൽ മുങ്ങിയ നിലവിളികൾ
text_fieldsകൊച്ചി: ഗാനമേള കേൾക്കാൻ ഓഡിറ്റോറിയത്തിലേക്ക് ഇരമ്പിക്കയറുമ്പോൾ അവരറിഞ്ഞില്ല, തങ്ങളുടെ കാലിന്നടിയിൽ കുറേ ജീവനുകൾ ശ്വാസംകിട്ടാതെ പിടയുകയാണെന്ന്. തിങ്ങിക്കൂടിയ ജനക്കൂട്ടത്തിന്റെ ഭാരം താങ്ങാനാവാതെ തുറന്ന ഗേറ്റിനുള്ളിലേക്ക് ആദ്യം കടന്നവർ പിന്നിൽനിന്നുള്ള തള്ളലിൽ കാലിടറി വീഴുകയായിരുന്നു. കവാടത്തിന്റെ പടിക്കെട്ടുകളിൽ വീണുകിടന്നവർക്ക് മേലാണ് പിന്നാലെവന്നവർ ചവിട്ടി മുന്നേറിയത്.
പുറത്ത് മഴ കൂടിയായതോടെ അകത്തേക്ക് കടക്കാൻ ശ്രമിക്കുന്നവരുടെ തിരക്കിനും ശക്തിയേറി. ഇതോടെ വീണുപോയവർക്ക് ഒന്നെഴുന്നേൽക്കാൻ പോലും കഴിഞ്ഞില്ല. ആഘോഷത്തിന്റെ ആരവങ്ങളിൽ അവരുടെ കരച്ചിൽ മുങ്ങിപ്പോവുകയും ചെയ്തു. വീഴുന്നവരുടെ എണ്ണം കൂടിയതിനെത്തുടർന്ന് കൂട്ടനിലവിളി ഉയർന്നതോടെയാണ് ആഘോഷവേദി ദുരന്ത വേദിയായി മാറിയെന്ന സത്യം എല്ലാവരും തിരിച്ചറിഞ്ഞത്. അപ്പോഴേക്കും പാതിജീവൻ പൊലിഞ്ഞ് നിലത്തമർന്നവർ ശ്വാസംകിട്ടാത്ത അവസ്ഥയിലെത്തിയിരുന്നു.
ആംബുലൻസുകളിലും സ്വകാര്യ വാഹനങ്ങളിലുമായി ഇവരെ ഉടൻ ആശുപത്രികളിലെത്തിച്ചു. രണ്ടുകിലോമീറ്റർ മാത്രം അകലെയുള്ള കളമശ്ശേരി മെഡിക്കൽ കോളജിലെത്തിയപ്പോഴേക്കും നാലു പേരുടെ ജീവൻ നിലച്ചിരുന്നു.
സംഘാടകരായ സ്കൂൾ ഓഫ് എൻജിനീയറിങ് വിദ്യാർഥികളെ ആദ്യമേതന്നെ ഓഡിറ്റോറിയത്തിൽ കടത്തിയിരുത്തിയിരുന്നു. എന്നാൽ, വൈകിവന്ന ചില എൻജിനീയറിങ് വിദ്യാർഥികൾ പുറമേനിന്ന് കയറിയ ആളുകൾക്കൊപ്പം ദുരന്തത്തിൽപെടുകയായിരുന്നു. ഹാളിനകത്ത് കടക്കാൻ ശ്രമിക്കുന്നവരുടെ മുന്നിലായിരുന്നതുകൊണ്ട് ആദ്യം നിലംപതിച്ചത് ഇവരായിരുന്നു. അവർക്കുമേൽ മറ്റുള്ളവരും വീണു.
റോഡ് നിരപ്പിൽനിന്ന് ചവിട്ടുപടികൾ ഇറങ്ങിവേണം ഓഡിറ്റോറിയത്തിൽ എത്താൻ. ഗേറ്റിൽനിന്ന് നേരെ ആദ്യം ചവിട്ടുപടിയിലേക്കാണ് ഇറങ്ങുന്നത്. ശക്തമായ തള്ളലിൽ പടികളിൽ പിടിത്തംകിട്ടാതെ വിദ്യാർഥികൾ അടിതെറ്റി വീഴുകയായിരുന്നു. ഈ വീഴ്ചയിൽതന്നെ ചവിട്ടുപടിയിൽ തലയടിച്ചും ഗുരുതര പരിക്കേറ്റു.
സർവകലാശാല കലോത്സവം അടക്കം ഈ സ്റ്റേഡിയത്തിലാണ് നടക്കുന്നതെങ്കിലും ഇത്രയേറെ പേർ തിങ്ങിയെത്തുന്ന പരിപാടി ആദ്യമാണ്. യുവാക്കൾക്കിടയിൽ പ്രശസ്തി നേടിയ കലാകാരിയുടെ പരിപാടി ആയതിനാൽ സമീപ കോളജുകളിലെ വിദ്യാർഥികളും നാട്ടുകാരായ വിദ്യാർഥികളും ഗാനമേള കേൾക്കാൻ എത്തിയിരുന്നു.
വിശദ പരിശോധന നടത്തും -മുഖ്യമന്ത്രി
തിരുവനന്തപുരം: നാടിനെ ഞെട്ടിച്ച ദുരന്തമാണ് കുസാറ്റ് സർവകലാശാല കാമ്പസിൽ സംഭവിച്ചതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. സംഭവത്തെക്കുറിച്ച് വിശദ പരിശോധന നടത്തും. മരിച്ച വിദ്യാർഥികളുടെ കുടുംബാംഗങ്ങളുടെ ദുഃഖത്തിൽ പങ്കുചേരുന്നു. പരിക്കേറ്റവർക്ക് മികച്ച ചികിത്സസൗകര്യം ഉറപ്പുവരുത്താൻ നിർദേശം നൽകി.
സ്ഥിതിഗതികൾ നേരിട്ട് വിലയിരുത്താനും പ്രവർത്തനങ്ങൾ ഏകോപിപ്പിക്കാനും മന്ത്രിമാരായ പി. രാജീവ്, ആർ. ബിന്ദു എന്നിവർ എറണാകുളത്തുണ്ട്. ശനിയാഴ്ച രാത്രി കോഴിക്കോട് ഗവ. ഗെസ്റ്റ് ഹൗസിൽ മന്ത്രിമാരുടെ അടിയന്തരയോഗം ചേർന്നു. ദുഃഖസൂചകമായി, ഞായറാഴ്ച നവകേരള സദസ്സിനോട് അനുബന്ധിച്ച ആഘോഷ പരിപാടികളും കലാപരിപാടികളും ഒഴിവാക്കാൻ തീരുമാനിച്ചതായും മുഖ്യമന്ത്രി അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.