സാക്ഷിപറഞ്ഞ് പ്രതി; ഊഹാപോഹ ബോംബുകൾ പൊട്ടിയില്ല
text_fieldsകോഴിക്കോട്: കളമശ്ശേരിയിൽ യഹോവസാക്ഷികൾ എന്ന ക്രൈസ്തവ വിശ്വാസവിഭാഗം നടത്തിയ കൺവെൻഷനിൽ രാവിലെ ബോംബ് സ്ഫോടനമുണ്ടായെന്നറിഞ്ഞതോടെ സമൂഹമാധ്യമങ്ങളിലും ചില വാർത്താചാനലുകളിലും നിറഞ്ഞത് ഊഹാപോഹങ്ങളും അപരമത വിദ്വേഷവും. പൊലീസ് അന്വേഷണത്തിലൂടെ യഥാർഥ വിവരം പുറത്തുവരട്ടെയെന്ന് ഇടതുവലത് മുന്നണികളിലെ നേതാക്കൾ പ്രതികരിച്ചപ്പോൾ, ഒരു വിഭാഗത്തിന്റെ തീവ്രവാദ ആക്രമണമെന്ന രീതിയിലായിരുന്നു ആദ്യ മിനിറ്റ് മുതൽ സംഘ്പരിവാർ പ്രചാരണം. താനാണ് ബോംബ് വെച്ചതെന്ന് ഒടുവിൽ ഡൊമനിക് മാർട്ടിൻ ഫേസ്ബുക്ക് വിഡിയോയിൽ വെളിപ്പെടുത്തി കീഴടങ്ങുകയും പൊലീസ് സ്ഥിരീകരിക്കുകയും ചെയ്തതോടെയാണ് ഒരു സമുദായത്തിനെ ഒന്നടങ്കം പ്രതിക്കൂട്ടിൽ നിർത്തിയ വ്യാജപ്രചാരണങ്ങൾക്ക് അവസാനമായത്. പ്രതിയെ തിരിച്ചറിഞ്ഞതോടെ പലരും ഫേസ്ബുക്കിലെ പോസ്റ്റുകളും കമന്റുകളും മായ്ച്ച് ‘കണ്ടം വഴി ഓടി’.
ഗസ്സയിലെ ഇസ്രായേൽ ആക്രമണവുമായി ബന്ധപ്പെട്ടാണ് സ്ഫോടനക്കേസിനെ ബന്ധിപ്പിക്കാൻ ശ്രമിച്ചത്. കേരളത്തിൽ നടന്ന ഫലസ്തീൻ ഐക്യദാർഢ്യ റാലിയെയടക്കം കുറ്റപ്പെടുത്തിയായിരുന്നു പ്രചാരണം. ഡൽഹിയിൽ ഗസ്സ ഐക്യദാർഢ്യ പരിപാടിയിൽ പങ്കെടുക്കാൻ പോയ മുഖ്യമന്ത്രി പിണറായി വിജയനെതിരെയും സമൂഹമാധ്യമങ്ങളിൽ രാവിലെ മുതൽ വിഷലിപ്ത പ്രചാരണങ്ങളുണ്ടായിരുന്നു. ഇസ്രായേലിനുള്ള തിരിച്ചടിയാണോ കളമശ്ശേരി, ഹമാസ് പ്രേമി പിണറായിക്ക് സുഖമല്ലേ, ഇസ്രായേൽ വിരുദ്ധ സ്ഫോടനമോ തുടങ്ങിയ ചോദ്യങ്ങളുമായി ഒരു വാർത്താ പോർട്ടലും ഊഹാപോഹ ബോംബുകൾ പൊട്ടിച്ചു.
അധികാരത്തിനുവേണ്ടി ഹമാസിനെപോലും വെള്ളപൂശുന്ന ഇടതുവലത് നേതാക്കന്മാർ ഉത്തരവാദിത്തം ഏറ്റെടുക്കണമെന്നായിരുന്നു സ്ഫോടനവാർത്തക്ക് പിന്നാലെ ബി.ജെ.പി സംസ്ഥാന വക്താവ് സന്ദീപ് വചസ്പതി ഫേസ്ബുക്കിൽ കുറിച്ചത്. യഹോവ സാക്ഷികളും യഹൂദരുമായി ബന്ധമുണ്ടെന്ന പച്ചക്കളളത്തിനൊപ്പം വിദ്വേഷപ്രചാരണം നടത്തിയ പോസ്റ്റ് മറ്റൊരു ബി.ജെ.പി നേതാവായ സന്ദീപ് വാര്യർ പിന്നീട് പിൻവലിച്ചു. തീവ്രവാദ ശക്തികളോടുള്ള സർക്കാറിന്റെ സമീപനം തിരുത്തിയില്ലെങ്കിൽ കേരളം വലിയ അപകടത്തിലേക്കാവും പോവുകയെന്ന് ഉറപ്പാണെന്നായിരുന്നു ബി.ജെ.പി സംസ്ഥാന അധ്യക്ഷൻ കെ. സുരേന്ദ്രന്റെ പ്രതികരണം. ടി.വി ചാനലുകളിലും ദുഃസൂചനകൾ ഏറെയുണ്ടായിരുന്നു. ഇസ്രായേൽ- ഹമാസ് യുദ്ധവുമായി സ്ഫോടനത്തിന് ബന്ധമുണ്ടോയെന്ന് കേന്ദ്രം പരിശോധിക്കുന്നതായി ഒരു ചാനൽ ഡൽഹിയിൽനിന്ന് വാർത്ത നൽകി. കണ്ണൂരിൽ റെയിൽവേ സ്റ്റേഷനിൽ പരിശോധനക്കിടെ തൊപ്പിധരിച്ച്, താടിയുള്ള ഉത്തരേന്ത്യൻ യുവാവിനെ പൊലീസ് പരിശോധിച്ചത് ചില ചാനലുകൾ ഏറെനേരമാണ് ആഘോഷിച്ചത്. പൊലീസിന്റെ ചോദ്യം ചെയ്യലിൽ പതറിപ്പോയ യുവാവിനെയാണ് കുറ്റക്കാരനാക്കാൻ ശ്രമിച്ചത്. ഇക്കാര്യത്തിൽ ന്യൂസ്18 കേരളം ചാനലിനെതിരെ സമൂഹ മാധ്യമങ്ങളിൽ രൂക്ഷവിമർശനമാണുയർന്നത്. ഇസ്രായേലുമായി യഹോവ സാക്ഷികൾക്ക് ബന്ധമുണ്ടോയെന്ന്, മുഖംമിനുക്കിയ ചാനലിലെ വനിത അവതാരക സംഭവസ്ഥലത്തെത്തി പ്രതികരണം തേടിയതിനെതിരെയും പ്രതിഷേധം ശക്തമാണ്. പ്രകോപനപരമായ പ്രചാരണങ്ങൾക്കെതിരെ കർശന നടപടിയുണ്ടാകുമെന്ന് പൊലീസ് അറിയിച്ചിരുന്നെങ്കിലും സംഘപരിവാർ നേതാക്കൾക്കെതിരെ നടപടിയെടുത്തിട്ടില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.