‘കണ്ണടച്ച് പ്രാർഥനയിലായിരുന്നു, ആദ്യം കരുതിയത് ഇടിവെട്ടുകയാണെന്ന്’
text_fieldsകൊച്ചി: ‘‘ഇന്ന് കൺവെൻഷന്റെ അവസാനത്തെ ദിവസമായിരുന്നു. രാവിലെ സംഗീതപരിപാടി കഴിഞ്ഞ് പ്രാർഥന തുടങ്ങിയിട്ടേയുള്ളൂ. എല്ലാവരും കണ്ണടച്ച് പ്രാർഥിച്ചുകൊണ്ടിരിക്കുകയാണ്. പെട്ടെന്നാണ് വൻ ശബ്ദം കേട്ടത്. ആദ്യം കരുതിയത് ഇടിവെട്ടുകയാണെന്നാണ്. കണ്ണുതുറന്നുനോക്കുമ്പോൾ മുന്നിലാകെ തീ പടർന്നിരിക്കുന്നു. പിന്നാലെ വീണ്ടും വീണ്ടും പൊട്ടിത്തെറിയുണ്ടായി. എന്താണ് സംഭവിച്ചതെന്നു നോക്കാനൊന്നും നിന്നില്ല. മക്കളെ വാരിയെടുത്ത് ഓടുകയായിരുന്നു’’-കാക്കനാട് തുതിയൂരിൽ നിന്നെത്തിയ ജിനിയുടെ സ്വരത്തിൽ സംഭവത്തിന്റെ നടുക്കവും വിറയലും വിട്ടുമാറിയിട്ടില്ല. അഞ്ചര വയസ്സുള്ള മകൻ ജുവാനെയും സഹോദരപുത്രി നാലാംക്ലാസിൽ പഠിക്കുന്ന ഇവാനയെയും കൂട്ടിപ്പിടിച്ചുകൊണ്ടാണ് ഹാളിന്റെ മുൻവശത്തുണ്ടായിരുന്ന ജിനി ഓടി പുറത്തിറങ്ങിയത്. ഇതിനിടെ ജുവാൻ നിലത്തു വീണെങ്കിലും എടുത്ത് ഓടുകയായിരുന്നു.
ഇവാനയുടെ അമ്മ സിമ്മിയും മറ്റു ബന്ധുക്കളും ഹാളിന്റെ പിറകിലായിരുന്നു. കണ്ണടച്ചു പ്രാർഥിക്കുകയായിരുന്നതുകൊണ്ട് ആദ്യം ഇടിവെട്ടുകയാണെന്നാണ് കരുതിയതെന്ന് ജുവാനും പറയുന്നു. മുന്നിൽ തീഗോളം ഉയരുന്നത് കണ്ടതിന്റെ ആഘാതത്തിൽനിന്ന് ഈ കുഞ്ഞുൾപ്പെടെ നൂറുകണക്കിനാളുകൾ മണിക്കൂറുകൾ പിന്നിട്ടിട്ടും മോചിതരായിട്ടില്ല.
ഭാഗ്യംകൊണ്ടുമാത്രം ജീവൻ തിരിച്ചുകിട്ടിയ ആശ്വാസത്തിലാണ് പട്ടിമറ്റത്തുനിന്നെത്തിയ അന്നമ്മ. ഇവർ ഒറ്റക്കാണ് കൺവെൻഷനെത്തിയത്. പൊട്ടിത്തെറി നടന്നതിന്റെ അടുത്തുതന്നെയായിരുന്നു താൻ നിന്നതെന്നും എന്താണ് സംഭവിച്ചതെന്നറിയാതെ ഞെട്ടിപ്പോയെന്നും ഇവർ കൂട്ടിച്ചേർക്കുന്നു. പൊട്ടിത്തെറിക്കും സ്ഫോടനത്തിനുമൊപ്പം ഹാളാകെ പുകമൂടി ഒന്നും കാണാൻ വയ്യാതെയായെന്ന് കോലഞ്ചേരിയിൽനിന്നുള്ള ജോഷിയുടെ വാക്കുകൾ. ആകെ വെടിമരുന്നിന്റെയും പ്ലാസ്റ്റിക്കിന്റെയും മണം പരന്നിരുന്നു. പിൻഭാഗത്തായതിനാൽ വേഗത്തിൽ പുറത്തിറങ്ങാനായെന്നും അദ്ദേഹം പറയുന്നു. ഹാളിന്റെ മധ്യഭാഗത്ത് ഇടതുവശത്തോട് ചേർന്നുള്ള കസേരയുടെ താഴെയാണ് പൊട്ടിത്തെറിയുണ്ടായത്. കൺവെൻഷനിടെ ഏതെങ്കിലും തരത്തിലുള്ള പ്രശ്നങ്ങളോ കുഴപ്പങ്ങളോ ഉണ്ടായാൽ ആത്മസംയമനത്തോടെ ഇടപെടാനും പുറത്തിറങ്ങാനുമുള്ള നിർദേശങ്ങളെല്ലാം ആദ്യ രണ്ടുദിവസങ്ങളിൽ തന്നെ പങ്കെടുത്തവർക്ക് നൽകിയിരുന്നു.
ഹാളിലെ വിശ്വാസികളുടെ ക്രമീകരണംതന്നെ ഇതിന്റെ അടിസ്ഥാനത്തിലായിരുന്നുവെന്ന് പങ്കെടുത്തവർ പറയുന്നു. പ്രായമായവരും രോഗികളുമാണ് ഏറ്റവും പിറകിലുണ്ടായിരുന്നത്. ചെറുപ്പക്കാർ മുൻനിരയിലും. വശങ്ങളിലുള്ള വാതിലുകളിലൂടെയും മറ്റുമാണ് പലരും ഓടിരക്ഷപ്പെട്ടത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.