സംഘടനയോടുള്ള പ്രതികാരം മാർട്ടിനെ കൊണ്ടെത്തിച്ചത് കൊടും ക്രൂരതയിൽ
text_fieldsകൊച്ചി: യഹോവ സാക്ഷികളുമായുണ്ടായ കടുത്ത ആശയവ്യത്യാസമാണ് ഡൊമിനിക് മാർട്ടിനെ കൊടും കൃത്യത്തിന് പ്രേരിപ്പിച്ചതെന്ന് സൂചന. ഇക്കാര്യം ശരിവെക്കുന്ന രീതിയിലാണ് കുടുംബം നൽകുന്ന വിവരവും.
എറണാകുളം എളംകുളം സ്വദേശിയായ വേലിക്കകത്ത് ഡൊമിനിക് മാർട്ടിൻ എന്ന മാർട്ടിൻ അഞ്ച് വർഷമായി തമ്മനം കുത്താപ്പാടിയിലെ വാടകവീട്ടിലാണ് താമസം. ഭാര്യയും രണ്ട് മക്കളുമുണ്ട്. യഹോവ സാക്ഷികളുമായി ബന്ധപ്പെട്ട് കുടുംബസമേതം പ്രവർത്തിച്ചിരുന്ന ഇവർ, ഏതാനും വർഷങ്ങളായി ബന്ധം വിച്ഛേദിച്ചിരുന്നുവെന്നാണ് കുടുംബം നൽകുന്ന വിവരമെന്ന് ഡിവിഷൻ മെംബർ സക്കീർ തമ്മനം പറയുന്നു. ഇവരുടെ വിശ്വാസധാരയുമായി യോജിച്ച് പോകാൻ കഴിയില്ലെന്നതായിരുന്നു കാരണം. രാജ്യദ്രോഹപരമായ പല ചിന്താഗതികളെയും ചോദ്യം ചെയ്തെന്നും തിരുത്താൻ ആവശ്യപ്പെട്ടിട്ടും തിരുത്തിയില്ലെന്നും ഇതാണ് ബന്ധം വിച്ഛേദിക്കാൻ കാരണമെന്നും കുടുംബം അവകാശപ്പെടുന്നു. ഇക്കാര്യം സ്ഫോടനത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്ത് ഇയാൾ പുറത്തിറക്കിയ വിഡിയോയിലും ശരിവെക്കുന്നുണ്ട്. സമീപവാസികളുമായി കാര്യമായ ബന്ധം പുലർത്താതിരുന്ന ഇയാളെക്കുറിച്ച് കൂടുതലായി സമീപവാസികൾക്ക് അറിയില്ല.
പ്രവാസിയായിരുന്ന ഇയാൾ സ്പോക്കൺ ഇംഗ്ലീഷ് അധ്യാപകനെന്ന നിലയിൽ കൊച്ചിയിൽ പ്രവർത്തിച്ചിരുന്നു. ഇതിന് ശേഷം വീണ്ടും രണ്ടുവർഷം ഗൾഫിൽ ജോലി ചെയ്തു. രണ്ടുമാസം മുമ്പാണ് നാട്ടിലെത്തിയത്. ഞായറാഴ്ച പുലർച്ച അഞ്ചോടെ സ്കൂട്ടറിൽ വീട്ടിൽനിന്ന് പോയ ഇയാൾ സ്ഫോടനത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്ത് പിന്നീട് കൊടകര പൊലീസ് സ്റ്റേഷനിൽ കീഴടങ്ങിയ വിവരമാണ് വീട്ടുകാർ അറിഞ്ഞത്. രാവിലെ 9.40ന് കൺവെൻഷൻ സെന്ററിലെത്തിയ ഇയാൾ ബോംബ് വെച്ച ശേഷം റിമോട്ട് ഉപയോഗിച്ച് ട്രിഗർ ചെയ്യുന്ന ദൃശ്യങ്ങൾ പൊലീസിന് ഇയാളുടെ മൊബൈൽ ഫോണിൽനിന്നു ലഭിച്ചതോടെയാണ് നാട്ടുകാരുടെ മുന്നിലെ സൗമ്യമനുഷ്യൻ സംസ്ഥാനത്തെ ഞെട്ടിച്ച വില്ലനായി മാറിയത്. ഇന്റർനെറ്റിൽനിന്നാണ് സ്ഫോടനം നടത്താൻ പഠിച്ചതെന്നാണ് ഇയാൾ നൽകിയ പ്രാഥമിക മൊഴി. എന്നാൽ, ഇക്കാര്യം പൊലീസ് മുഖവിലയ്ക്കെടുക്കുന്നില്ല. അന്വേഷണ സംഘം ഇയാളുടെ വീട്ടിലെത്തി പരിശോധന നടത്തി ഭാര്യയുടെ അടക്കം മൊഴി ശേഖരിച്ചു.
ഇതേസമയം, മാർട്ടിൻ സജീവ പ്രവർത്തകനല്ലെന്ന് യഹോവ സാക്ഷി കൺവെൻഷന്റെ സംഘാടകരിലൊരാളായ ശ്രീകുമാർ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.