ആശങ്കകളുടെ ബാക്കിചിത്രം...; മണിക്കൂറുകൾ പരിഭ്രാന്തിയിലായി ബന്ധുക്കൾ
text_fieldsകൊച്ചി: കാലടി, പെരുമ്പാവൂർ, കോതമംഗലം, പട്ടിമറ്റം, കോലഞ്ചേരി, പുത്തൻകുരിശ്, അങ്കമാലി, ഇടപ്പള്ളി, കാക്കനാട്, കങ്ങരപ്പടി, കളമശ്ശേരി തുടങ്ങി ജില്ലയുടെ വിവിധ ഭാഗങ്ങളിൽനിന്നും കോട്ടയം, ഇടുക്കി തുടങ്ങിയ സമീപ ജില്ലകളിലെ അതിർത്തി പ്രദേശങ്ങളിൽനിന്നുമുള്ള നൂറുകണക്കിന് കുടുംബങ്ങളാണ് രാവിലെ ഒമ്പതിനുതന്നെ പരിപാടിയിൽ പങ്കെടുക്കാനെത്തിയത്.
കൺവെൻഷൻ സമാപന ദിനമായതിനാൽ ആദ്യ രണ്ടു ദിവസത്തേക്കാൾ പങ്കാളിത്തവുമുണ്ടായിരുന്നു. പരിപാടി തുടങ്ങി മിനിറ്റുകൾ പിന്നിടുന്നതിന് മുമ്പാണ് സ്ഫോടനമുണ്ടായത് എന്നതിനാൽ ആളുകൾ എത്തിക്കൊണ്ടിരിക്കുന്നുണ്ടായിരുന്നു. കൈക്കുഞ്ഞുങ്ങൾ മുതൽ വയോധികർ വരെ പരിപാടിയിൽ പങ്കെടുക്കാനെത്തി.
സംഘാടകർ താമസ സൗകര്യമോ ഭക്ഷണമോ ഒരുക്കാത്തതിനാൽ എല്ലാവരും മൂന്നു ദിവസവും സ്വന്തം വീടുകളിൽനിന്നോ ബന്ധുവീടുകളിൽനിന്നോ ആണ് എത്തിയത്. എല്ലാവരും ഭക്ഷണവും കൊണ്ടുവന്നിരുന്നു. ഇത്തരത്തിലാരോ കൊണ്ടുവന്നതെന്ന് കരുതുന്ന ചോറ്റുപാത്രത്തിൽനിന്നാണ് പൊട്ടിത്തെറിയുണ്ടായത്.
സ്ഫോടനം നടന്നതിനെക്കുറിച്ച് ദൃശ്യമാധ്യമങ്ങളിൽ വാർത്ത പരന്നതോടെ പങ്കെടുക്കാനെത്തിയവരുടെ ബന്ധുക്കൾ ആശങ്കയിലായി. ആരാണ് മരിച്ചതെന്നോ ആർക്കൊക്കെ പരിക്കുണ്ടെന്നോ വിവരം ലഭിക്കാത്തതാണ് പരിഭ്രാന്തി വർധിപ്പിച്ചത്. സംഭവം നടന്നതിനു പിന്നാലെ പൊലീസും മറ്റു ഉദ്യോഗസ്ഥരും സ്ഥലത്തെത്തി ഹാളിൽനിന്നും പ്രധാന കോമ്പൗണ്ടിൽനിന്നും എല്ലാവരെയും പുറത്തിറക്കി ഗേറ്റടച്ചിരുന്നു. ഇതേ തുടർന്ന് ഹാളിനോട് ചേർന്ന വളപ്പിൽ നൂറുകണക്കിനാളുകൾ ഏറെ നേരം കാത്തിരിക്കുന്ന സ്ഥിതിയായിരുന്നു.
പലരുടെയും ഫോൺ ഹാളിനുള്ളിലായതിനാൽ വിളിച്ചിട്ട് കിട്ടാത്തതും ബന്ധുക്കളുടെ പരിഭ്രാന്തി ഇരട്ടിയാക്കി. വൈകീട്ടും പരിപാടിക്കെത്തിയവരെ തേടി ആധിയോടെ ബന്ധുക്കളെത്തിയിരുന്നു. ഹാളിൽ നിരവധി പേരുടെ മൊബൈൽ ഫോൺ, ബാഗ്, പഴ്സ്, ഭക്ഷണം, കണ്ണട, കുട്ടികളുടെ കളിപ്പാട്ടങ്ങൾ, വെള്ളക്കുപ്പികൾ തുടങ്ങിയവയെല്ലാം ചിതറിക്കിടക്കുകയാണ്.
ക്രൈം സീൻ പൊലീസെത്തി വൈകാതെ സീൽ ചെയ്തു. എല്ലാവരെയും പുറത്തെത്തിച്ചതിനു ശേഷം വിവിധ അന്വേഷണ ഏജൻസി ഉദ്യോഗസ്ഥരെയും ജനപ്രതിനിധികളെയുമല്ലാതെ മറ്റാരെയും പ്രധാന കോമ്പൗണ്ടിലേക്ക് പ്രവേശിപ്പിച്ചിട്ടില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.