കളമശ്ശേരി സ്ഫോടനം; ചികിത്സയിൽ തുടരുന്നത് 19 പേർ, മൂന്ന് പേരുടെ നില ഗുരുതരം
text_fieldsകൊച്ചി: കളമശ്ശേരി കൺവെൻഷൻ സെന്ററിലെ സ്ഫോടനത്തിൽ പരിക്കേറ്റ് ചികിത്സയിൽ തുടരുന്നത് 19 പേർ. 13 പേർ ഐ.സി.യുവിലാണുള്ളത്. ഇതിൽ സാരമായി പൊള്ളലേറ്റ മൂന്ന് പേരുടെ നില ഗുരുതരമായി തുടരുകയാണ്.
മൂന്ന് പേർ കൊല്ലപ്പെട്ട കളമശ്ശേരി സ്ഫോടനത്തിൽ 60ഓളം പേർക്ക് പരിക്കേറ്റിരുന്നു. കളമശ്ശേരി സംറ കൺവെൻഷൻ സെന്ററിൽ ഒക്ടോബർ 29ന് രാവിലെ 9.30ഓടെയാണ് യഹോവ സാക്ഷികളുടെ കൺവെൻഷനിടെ ബോംബ് സ്ഫോടനമുണ്ടായത്. പെരുമ്പാവൂർ ഇരിങ്ങോൾ വട്ടോളിപ്പടി പുളിയൻവീട്ടിൽ ലിയോണ പൗലോസ് (55) സംഭവസ്ഥലത്തുതന്നെ മരിച്ചിരുന്നു. ഇടുക്കി കാളിയാർ മുപ്പത്താറ് കവലയിൽ വാടകക്ക് താമസിക്കുന്ന കുമാരി (53), മലയാറ്റൂർ കടവൻകുഴി വീട്ടിൽ പ്രദീപന്റെ മകൾ ലിബിന (12) എന്നിവരാണ് പിന്നീട് മരിച്ചത്.
പ്രാർഥനായോഗത്തിനിടെ സ്ഫോടനം നടത്തിയ പ്രതി കൊച്ചി സ്വദേശി ഡൊമിനിക് മാർട്ടിൻ പൊലീസിൽ കീഴടങ്ങിയിരുന്നു. യഹോവ സാക്ഷികളുടെ ആശയവുമായി തെറ്റിപ്പിരിഞ്ഞതിനെ തുടർന്നുണ്ടായ എതിർപ്പാണ് സ്ഫോടനം നടത്താൻ കാരണമായതെന്നാണ് ഇയാൾ പറഞ്ഞത്. സംഭവത്തിൽ വിശദമായ അന്വേഷണം തുടരുകയാണ്. പ്രതിക്ക് മറ്റാരുടെയെങ്കിലും സഹായം ലഭിച്ചിട്ടുണ്ടോയെന്ന് പൊലീസ് അന്വേഷിക്കുന്നുണ്ട്. ഡൊമിനിക് മാർട്ടിന്റെ വിദേശ ബന്ധങ്ങളും പരിശോധിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.