കളമശ്ശേരി സ്ഫോടനം: ആദ്യശ്രമം പാളിയെന്ന് പ്രതി
text_fieldsകൊച്ചി: കളമശ്ശേരി സംറ കൺവെൻഷൻ സെന്ററിൽ ബോംബുവെച്ച ശേഷം ആദ്യം നടത്തിയ സ്ഫോടന ശ്രമം പാളിയെന്ന് പ്രതി ഡൊമിനിക് മാർട്ടിന്റെ മൊഴി. റിമോട്ട് ഉപയോഗിച്ചാൽ പൊട്ടിത്തെറിക്കുന്ന വിധം നിർമിച്ച ബോംബിന്റെ സ്വിച്ച് ഓണ്‍ ചെയ്യാന്‍ മറന്നുവെന്നാണ് ഇയാൾ ഉന്നത പൊലീസ് ഉദ്യോഗസ്ഥരുടെ നേതൃത്വത്തിൽ നടന്ന ചോദ്യം ചെയ്യലിൽ പറഞ്ഞത്.
പിന്നീട് രണ്ടാമത് വന്ന് സ്ഫോടക വസ്തുവിലെ സ്വിച്ച് ഓൺ ചെയ്താണ് സ്ഫോടനം നടത്തിയതെന്നും പ്രതി വെളിപ്പെടുത്തി. യഹോവയുടെ സാക്ഷികൾ തിങ്ങിനിറഞ്ഞ ഹാളിന്റെ മധ്യഭാഗത്ത് വേദിയിൽനിന്ന് അഞ്ച് മീറ്റർ മാറിയാണ് ബോംബ് വെച്ചത്. ഒന്നിനു പിറകെ ഒന്നായി മൂന്ന് പൊട്ടിത്തെറികളാണ് സംഭവിച്ചത്.
രാവിലെ 7.30 ഓടെയാണ് സംറ കണ്വെന്ഷന് സെന്ററിലെത്തിയത്. തുടർന്ന് സ്ഫോടക വസ്തു സ്ഥാപിക്കുമ്പോൾ ഹാളിലുണ്ടായിരുന്നത് വെറും മൂന്ന് പേര് മാത്രമായിരുന്നു. പുറത്തെത്തിയ ശേഷം ആളുകള്‍ വന്നുതുടങ്ങുന്ന സമയത്ത് സ്ഫോടനം നടത്താൻ ശ്രമിച്ചപ്പോൾ ബോംബ് പൊട്ടിയില്ല. പിഴവ് പറ്റിയെന്ന് തിരിച്ചറിഞ്ഞതോടെ വീണ്ടുമെത്തി സ്ഫോടക വസ്തുവിലെ സ്വിച്ച് ഓണ്‍ ചെയ്തു. തുടർന്നാണ് പ്രാർഥനസമയത്ത് റിമോട്ട് കൺട്രോൾ ഉപയോഗിച്ച് സ്ഫോടനം നടത്തിയതെന്ന് മൊഴിയിൽ പറയുന്നു.
കൃത്യമായ ആസൂത്രണത്തിനൊടുവിലാണ് മാർട്ടിൻ ഞായറാഴ്ച പദ്ധതി നടപ്പാക്കിയതെന്നാണ് പൊലീസിന്റെ നിഗമനം. ശനിയാഴ്ചയും ഇയാൾ സെന്ററിലെത്തിയിരുന്നു.
കുറ്റബോധമില്ലാതെ, കൂസലില്ലാതെ മാർട്ടിൻ
അങ്കമാലി: കുറ്റബോധമില്ലാത്ത മുഖഭാവവുമായി കളമശ്ശേരി സ്ഫോടനക്കേസ് പ്രതി ഡൊമിനിക് മാർട്ടിൻ. എന്തോ മഹാകൃത്യം നിർവഹിച്ചതുപോലെയാണ് അത്താണിയിലെ സ്വന്തം ഫ്ലാറ്റിൽ ചൊവ്വാഴ്ച തെളിവെടുപ്പിനിടെ അയാൾ പൊലീസ് മുമ്പാകെ നിർണായക തെളിവുകൾ നൽകിയതും സംഭവം വിശദീകരിച്ചതും. ഞായറാഴ്ച സ്ഫോടനം നടത്തിയ ഉടൻ പുറത്തുവിട്ട വിഡിയോയിൽ പറഞ്ഞതിൽനിന്ന് വള്ളിപുള്ളി തെറ്റാതെയും നിരാശയോ കുറ്റബോധമോ പ്രകടിപ്പിക്കാതെയുമാണ് ഏഴ് മണിക്കൂർ നീണ്ട തെളിവെടുപ്പിൽ അന്വേഷണ സംഘത്തിന് മുമ്പാകെ അയാൾ പെരുമാറിയത്. രാവിലെ 9.40ഓടെ കനത്ത പൊലീസ് സംരക്ഷണത്തിലാണ് വെളുത്ത ഷർട്ടും കറുത്ത പാന്റ്സും ധരിച്ച മാർട്ടിനെ മുഖം മറച്ച് അത്താണിയിലെ ഫ്ലാറ്റിലെത്തിച്ചത്. ‘
‘850 കോടി ജനങ്ങൾ നശിച്ചുപോകും, നമ്മൾ മാത്രം രക്ഷപ്പെടും, മറ്റുള്ളവരൊക്കെ വേശ്യകൾ, മറ്റുള്ളവരുടെ ഭക്ഷണം കഴിക്കരുത്, സഹവസിക്കരുത്, ദേശീയഗാനം ചൊല്ലരുത്, വോട്ട് ചെയ്യരുത്, മിലിട്ടറിയിലും സർക്കാർ സർവിസിലും ജോലി ചെയ്യരുത് തുടങ്ങിയ യഹോവയുടെ സാക്ഷികളുടെ ആശയങ്ങൾ കേട്ടുമടുത്ത് ഒരാളെങ്കിലും പ്രതികരിച്ചില്ലെങ്കിൽ അതെല്ലാം ശരിയാണെന്ന് വരുമെന്നും അത് ഒഴിവാക്കാൻ ആലോചിച്ച് ഉറപ്പിച്ചെടുത്ത തീരുമാനമാണ് കളമശ്ശേരിയിൽ നടപ്പാക്കിയതെന്നു’’മായിരുന്നു അന്വേഷണ ഉദ്യോഗസ്ഥരുടെ മാറി മാറിയുള്ള ചോദ്യങ്ങൾക്ക് മാർട്ടിന്റെ മറുപടി.
നീണ്ട തെളിവെടുപ്പിനിടെ തളർച്ചയോ ക്ഷീണമോ അയാൾ പ്രകടിപ്പിച്ചില്ല. ബോംബുണ്ടാക്കാനുള്ള ആശയം മനസ്സിലുദിച്ചത് മുതൽ സ്ഫോടനത്തിന്റെ തീവ്രത, ബോംബുണ്ടാക്കുന്ന രീതി, ആവശ്യമായ അസംസ്കൃത വസ്തുക്കൾ, സംശയം തോന്നാതെ അവ വാങ്ങിയത് എന്നിങ്ങനെ തന്റെ ആലോചനകളെല്ലാം ഒരു കൂസലുമില്ലാതെ മാർട്ടിൻ വിശദീകരിച്ചു. തെളിവെടുപ്പ് പൂർത്തിയാക്കിയ ശേഷം കോടതിയിൽ ഹാജരാക്കാൻ കൊണ്ടുപോകുന്നതിനായി പ്രതിയെ വാനിൽ കയറ്റാനും പൊലീസിന് ഏറെ ക്ലേശിക്കേണ്ടി വന്നു.
ജോലി ചെയ്തത് ദുബൈയിൽ
ദുബൈ: കളമശ്ശേരി സ്ഫോടനക്കേസ് പ്രതി ഡൊമിനിക് മാർട്ടിൻ ദുബൈയിലെ ജോലിസ്ഥലത്തുനിന്ന് നാട്ടിലേക്ക് പോയത് രണ്ടുമാസം മുമ്പ്. ബന്ധുവിന് സുഖമില്ലെന്ന് പറഞ്ഞാണ് അടിയന്തര അവധി എടുത്തതെന്നാണ് സഹപ്രവർത്തകർ പറയുന്നത്. നാട്ടിൽ എത്തിയശേഷം അവധി നീട്ടിവാങ്ങി. ഒക്ടോബർ 30ന് തിരികെയെത്തുമെന്നാണ് കമ്പനിയെ അറിയിച്ചിരുന്നത്. മാർട്ടിൻ സ്ഫോടനം നടത്തിയെന്ന് വിശ്വസിക്കാൻ കഴിയുന്നില്ല. എല്ലാവരോടും വളരെ സൗഹാർദപരമായാണ് ഇദ്ദേഹം പെരുമാറിയതെന്നും സഹപ്രവർത്തകർ പറഞ്ഞു. സിലിക്കൺ ഒയാസിസിലെ സ്വകാര്യ സ്ഥാപനത്തിലാണ് രണ്ടുവർഷമായി ഡൊമിനിക് മാർട്ടിൻ ജോലി ചെയ്തിരുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.