കളമശ്ശേരി സ്ഫോടനം: സ്വതന്ത്ര മാധ്യമപ്രവർത്തകനെതിരെ കേസ്
text_fieldsകോഴിക്കോട്: കളമശ്ശേരി സ്ഫോടനവുമായി ബന്ധപ്പെട്ട് മുസ്ലിം യുവാക്കളെ കസ്റ്റഡിയിലെടുത്ത പൊലീസ് നടപടി സംബന്ധിച്ച വാർത്ത എഴുതിയ ഫ്രീലാൻസ് റിപ്പോർട്ടർക്കെതിരെ കേസ്. ഡൽഹി ആസ്ഥാനമായി പ്രവർത്തിക്കുന്ന മക്തൂബ് മീഡിയ ഡോട് കോം എന്ന ഇംഗ്ലീഷ് പോർട്ടലിൽ വാർത്ത എഴുതിയ എറണാകുളം സ്വദേശി റജാസ് എം. ഷീബ സിദ്ദീഖിനെതിരെയാണ് വടകര പൊലീസ് കേസെടുത്തത്. വെള്ളിയാഴ്ച വടകര സ്റ്റേഷനിൽ വിളിച്ചുവരുത്തിയ റജാസിനെ മണിക്കൂറുകൾ ചോദ്യം ചെയ്ത ശേഷം ഇദ്ദേഹത്തിന്റെ ഫോണും സിം കാർഡും പൊലീസ് പിടിച്ചെടുത്തു. ഐ.പി.സി 153 പ്രകാരം കലാപമുണ്ടാക്കാനായി പ്രകോപനം സൃഷ്ടിച്ച കുറ്റത്തിനാണ് കേസ്.
പോർട്ടലിന്റെ എഡിറ്റർ വടകര സ്വദേശി കെ. അസ്ലഹിനെ കഴിഞ്ഞദിവസം വടകര പൊലീസ് ചോദ്യം ചെയ്ത് വിട്ടയച്ചിരുന്നു. കഴിഞ്ഞ ഒക്ടോബർ 30ന് മക്തൂബ് മീഡിയയിൽ എഴുതിയ റിപ്പോർട്ടാണ് കേസിനാധാരം. കളമശ്ശേരിയിൽ യഹോവയുടെ സാക്ഷികളുടെ യോഗത്തിൽ സ്ഫോടനമുണ്ടായയുടൻ നിരവധി മുസ്ലിം യുവാക്കളെ പൊലീസ് കസ്റ്റഡിയിലെടുത്തെന്ന് റിപ്പോർട്ടിൽ പറഞ്ഞിരുന്നു. പാനായിക്കുളം സിമി കേസിൽ കോടതി വെറുതെവിട്ട നിസാം, അഹ്മദാബാദ് സ്ഫോടന കേസിൽ കോടതി കുറ്റമുക്തനാക്കിയ അബ്ദുൽ സത്താർ, പോപുലർ ഫ്രണ്ട് മുൻ അംഗം ഷംസുദ്ദീൻ എന്നിവരെ കസ്റ്റഡിയിൽ എടുത്തതുമായി ബന്ധപ്പെട്ട് അവരുമായും പൊലീസ് അധികൃതരുമായും മനുഷ്യാവകാശ പ്രവർത്തകരുമായും സംസാരിച്ച് തയാറാക്കിയതായിരുന്നു റിപ്പോർട്ട്.
മാർട്ടിൻ കുറ്റം ഏറ്റെടുത്ത് രംഗത്തുവന്നില്ലായിരുന്നെങ്കിൽ തങ്ങളുടെ ഗതി എന്താകുമായിരുന്നുവെന്ന് കസ്റ്റഡിയിൽ എടുത്തവർ ചോദിച്ചതായും റിപ്പോർട്ടിലുണ്ടായിരുന്നു. മുൻകരുതൽ നടപടിയെന്ന നിലയിലാണ് ഇവരുടെ മുൻകാല ചരിത്രം പരിശോധിച്ച് കസ്റ്റഡിയിൽ എടുത്തതെന്ന പൊലീസ് അധികൃതരുടെ വിശദീകരണവും പ്രസിദ്ധീകരിച്ചിരുന്നു. രാവിലെ ഒമ്പതോടെ സ്റ്റേഷനിൽ എത്തിയ റജാസിനെ വൈകീട്ട് ആറിനാണ് വിട്ടയച്ചത്. വാർത്ത എഴുതിയതിന്റെ ഉദ്ദേശ്യവും സംഘടന ബന്ധവും മറ്റു വ്യക്തിഗത വിവരങ്ങളുമാണ് പൊലീസ് ചോദിച്ചതെന്ന് റജാസ് ‘മാധ്യമ’ത്തോട് പറഞ്ഞു.
ഇപ്പോൾ ചേർത്ത വകുപ്പിന് പുറമെ, അന്വേഷണത്തിൽ കുറ്റം കണ്ടെത്തിയാൽ വിവിധ വിഭാഗങ്ങൾ തമ്മിൽ സ്പർധയുണ്ടാക്കാൻ ശ്രമിച്ചതിന് 153 എ വകുപ്പ് പ്രകാരവും കേസെടുക്കുമെന്ന് പൊലീസ് മുന്നറിയിപ്പ് നൽകി. എറണാകുളം സ്വദേശിയായ തനിക്കെതിരെ വടകര സ്റ്റേഷനിൽ കേസെടുത്തതു സംബന്ധിച്ച് അന്വേഷിച്ചപ്പോൾ അത് മുകളിൽനിന്നുള്ള നിർദേശപ്രകാരമാണെന്നായിരുന്നു പൊലീസിന്റെ മറുപടിയെന്നും റജാസ് കൂട്ടിച്ചേർത്തു.
പൊലീസ് മുസ്ലിം വിരുദ്ധരാണെന്ന് ചിത്രീകരിച്ചെന്ന് പറഞ്ഞാണ് തന്നെ ചോദ്യം ചെയ്തതെന്ന് മക്തൂബ് മീഡിയ എഡിറ്റർ കെ. അസ്ലഹ് പറഞ്ഞു. ഫ്രീലാൻസ് പത്രപ്രവർത്തകൻ റജാസിനെതിരെ പൊലീസ് ചുമത്തിയ എഫ്.ഐ.ആർ റദ്ദാക്കണമെന്നാവശ്യപ്പെട്ട് ഹൈകോടതിയെ സമീപിക്കുമെന്നും അസ്ലഹ് കൂട്ടിച്ചേർത്തു. പൊലീസ് മുസ്ലിം വിരുദ്ധ നിലപാട് സ്വീകരിച്ചു എന്ന രീതിയിൽ വാർത്ത കൊടുത്തതിനാണ് റജാസിനെതിരെ കേസെടുത്തതെന്ന് വടകര പൊലീസ് വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.