പൊന്നുമകൾ പോയി; മരണവുമായി മല്ലിട്ട് ഉറ്റവർ, കരയാൻ പോലുമാകാതെ ഒരച്ഛൻ
text_fieldsകൊച്ചി: കളമശ്ശേരി മെഡിക്കൽ കോളജ് മോർച്ചറിയുടെ മുന്നിലെ തൂണും ചാരി വിദൂരതയിലേക്ക് കണ്ണുനട്ട് ഒരു മനുഷ്യൻ നിൽപുണ്ടായിരുന്നു. നൊമ്പരത്തിന്റെ ഒരു മഹാസമുദ്രമൊന്നാകെ ആ മിഴികളിൽ ഒളിപ്പിച്ചുവെച്ചിട്ടും ഒരു തുള്ളിപോലും അടർന്നുവീഴാത്ത വിധം കരയാൻ പോലും അശക്തനായി അയാൾ നിന്നു. ഒരു ചുവരിനപ്പുറം മോർച്ചറിക്കുള്ളിലെ തണുപ്പിൽ നിത്യനിദ്രയിലാണ്ട പൊന്നുമകളെ കുറിച്ചാണോ അധികം ദൂരെയല്ലാതെ മറ്റൊരാശുപത്രിയിൽ മരണത്തിനും ജീവിതത്തിനും ഇടയിലെ നൂൽപാലത്തിലൂടെ കടന്നുപോകുന്ന പ്രിയതമയെയും മൂത്ത മകനെയും കുറിച്ചാണോ ആ ഹൃദയം കൂടുതൽ വിങ്ങിയതെന്ന് കൂടെനിന്നവർക്കാർക്കും തിരിച്ചറിയാനായില്ല.
കളമശ്ശേരി ബോംബ് സ്ഫോടനത്തിൽ ജീവൻ പൊലിഞ്ഞ 12 വയസ്സുകാരി ലിബിനയുടെ പിതാവ് പ്രദീപനായിരുന്നു ഒപ്പം നിന്നവരുടെയുൾപ്പടെ കണ്ണുനിറയിച്ചത്. ഞായറാഴ്ച അർധരാത്രിയാണ് കളമശ്ശേരി മെഡിക്കൽ കോളജ് തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലായിരുന്ന മലയാറ്റൂർ കടവൻകുഴി വീട്ടിൽ പ്രദീപന്റെ മകൾ ലിബിന മരിച്ചത്. കൺവെൻഷനിൽ പങ്കെടുത്ത ഭാര്യ സാലി എന്നറിയപ്പെടുന്ന റീനയും (45) മൂത്തമകൻ പ്രവീണും (24) ഗുരുതരാവസ്ഥയിൽ ആസ്റ്റർ മെഡ്സിറ്റിയിൽ ചികിത്സയിലാണ്. ഇളയ മകൻ രാഹുൽ (22) പരിക്കുകളോടെ മെഡിക്കൽ കോളജിലുമുണ്ട്.
മലയാറ്റൂർ നീലീശ്വരം എസ്.എൻ.ഡി.പി സ്കൂളിലെ ഏഴാം ക്ലാസ് വിദ്യാർഥിനിയാണ് ലിബിന. പഠനത്തിലും പാഠ്യേതര വിഷയങ്ങളിലുമെല്ലാം മിടുക്കിയായിരുന്ന പെൺകുട്ടി, ക്ലാസ് ലീഡർ കൂടിയായിരുന്നു. വ്യാഴാഴ്ച അവസാനമായി സ്കൂളിലെത്തുകയും അസംബ്ലിയിൽ വാർത്ത വായിക്കുകയും ചെയ്തിരുന്നു. വെള്ളി, ശനി ദിവസങ്ങളിൽ കൺവെൻഷനിൽ പങ്കെടുക്കാൻ അവധിയിലായിരുന്നു.
പാചക തൊഴിലാളിയായ പ്രദീപന് ജോലിയുള്ളതിനാൽ കൺവെൻഷനിൽ പങ്കെടുക്കാനായില്ല. ഭാര്യയും മൂന്നു മക്കളുമാണ് പരിപാടിക്കെത്തിയത്. സംഭവത്തെ കുറിച്ചറിഞ്ഞ് ഞെട്ടിത്തരിച്ച്, എന്തു ചെയ്യണമെന്നറിയാത്ത അവസ്ഥയിലായിരുന്നു പ്രദീപൻ. ആരോടും ഒന്നും പറയാനാകാതെ മൗനമായി വിതുമ്പിക്കൊണ്ടിരുന്ന അദ്ദേഹത്തെ ആശ്വസിപ്പിക്കാനാവാതെ ബന്ധുക്കളും സുഹൃത്തുക്കളും കുഴങ്ങി. അങ്കമാലി സ്വദേശികളായ ഇവർ ഒന്നരവർഷമായി മലയാറ്റൂർ ഒമ്പതാം വാർഡിൽ വാടകക്ക് താമസിക്കുകയാണെന്ന് വാർഡ് മെംബർ സേവ്യർ വടക്കഞ്ചേരി പറഞ്ഞു. ചെന്നൈയിൽ ഷിപ്പിൽ ജോലിചെയ്യുന്ന പ്രവീൺ കൺവെൻഷനിൽ പങ്കെടുക്കാൻ അവധിയെടുത്ത് നാട്ടിലെത്തിയതാണ്. ആസ്റ്ററിൽ ചികിത്സയിലുള്ള പ്രവീണിന് ചൊവ്വാഴ്ച സുപ്രധാനമായൊരു ശസ്ത്രക്രിയ നടത്തും. മെഡിക്കൽ കോളജിൽ ചികിത്സയിലുള്ള ഇളയമകന്റെ പരിക്ക് ഗുരുതരമല്ല. ലിബിനയുടെ മൃതദേഹം പോസ്റ്റ്മോർട്ടത്തിനുശേഷം മോർച്ചറിയിൽതന്നെ സൂക്ഷിച്ചിരിക്കുകയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.