കളമശ്ശേരി സ്ഫോടനം: ഡൊമിനിക് മാർട്ടിന്റെ അറസ്റ്റ് രേഖപ്പെടുത്തി
text_fieldsകൊച്ചി: കളമശ്ശേരി സ്ഫോടനക്കേസ് പ്രതി ഡൊമിനിക് മാർട്ടിന്റെ അറസ്റ്റ് രേഖപ്പെടുത്തി. യു.എ.പി.എ വകുപ്പ് ചുമത്തിയാണ് അറസ്റ്റ്. കൊലപാതകം, ഗൂഢാലോചന, വധശ്രമം എന്നീ വകുപ്പുകളും ചുമത്തിയിട്ടുണ്ട്.
ഞായറാഴ്ച ഉച്ചയോടുകൂടിയാണ് ഡൊമിനിക് മാർട്ടിൻ പൊലീസിൽ കീഴടങ്ങിയത്. കുറ്റസമ്മതം നടത്തിയതിന് പിന്നാലെ തെളിവുകളും പൊലീസ് ശേഖരിച്ചിരുന്നു. മൊബൈൽ ഫോണിലെ വിവരങ്ങൾ, ഇയാൾ കൻവൻഷൻ സെന്ററിലെത്തിയതിന്റെ തെളിവുകൾ എന്നിവ പൊലീസ് ശേഖരിച്ചിട്ടുണ്ട്. അറസ്റ്റ് രേഖപ്പെടുത്തിയതിനാൽ ഡൊമിനിക്കിന് ഉടൻ കോടതിയിൽ ഹാജരാക്കും.
കസ്റ്റഡിയിൽ വാങ്ങിയ ശേഷമായിരിക്കും തെളിവെടുപ്പ് നടത്തുക. സ്ഫോടനം സംബന്ധിച്ച് എൻ.ഐ.എ ഉൾപ്പെടെയുള്ള ഏജൻസികൾ അന്വേഷണം നടത്തുന്നുണ്ട്.
കൊച്ചി തമ്മനം സ്വദേശിയാണ് ഡൊമിനിക്. സ്ഫോടനം നടത്തിയതിന്റെ നിർണായക തെളിവുകൾ ഇയാളുടെ ഫോണിൽ നിന്ന് കണ്ടെടുത്തിരുന്നു. സ്ഫോടനത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്ത് ഡൊമിനിക് ഫേസ്ബുക്ക് ലൈവിൽ എത്തിയിരുന്നു. കൊടകര പൊലീസ് സ്റ്റേഷനിലാണ് ഇയാൾ കീഴടങ്ങിയത്. രാവിലെ 9.40ന് സ്ഥലത്തെത്തി ബോംബ് വച്ച് റിമോട്ട് ഉപയോഗിച്ച് ട്രിഗര്‍ ചെയ്യുന്ന ദൃശ്യങ്ങള്‍ ഇയാളുടെ മൊബൈലില്‍നിന്നു ലഭിച്ചിരുന്നു. സ്ഫോടനം നടത്തിയത് യഹോവയുടെ സാക്ഷികളോടുള്ള എതിർപ്പ് മൂലമാണെന്നാണ് ഡൊമിനിക് അവകാശപ്പെട്ടത്. ബോംബ് നിർമാണ പ്രക്രിയ അടക്കം പഠിച്ചത് ഇന്റനെറ്റിൽ നിന്നാണെന്നാണ് ഇയാൾ പറഞ്ഞത്. യൂട്യൂബ് ലോഗിൻ വിവരങ്ങളടക്കം പോലീസ് പരിശോധിച്ചിരുന്നു.
ഞായറാഴ്ച രാവിലെ ഒമ്പതരയോടെയാണ് നാടിനെ നടുക്കിയ സംഭവം അരങ്ങേറിയത്. കളമശ്ശേരി സാമ്ര കൺവൻഷൻ സെന്ററിൽ യഹോവ സമ്മേളനം നടക്കുന്നതിനിടെയാണ് സ്ഫോടനമുണ്ടായത്. ഈ മാസം 27 മുതല്‍ നടന്നുവരുന്ന യഹോവ സാക്ഷികളുടെ മേഖലാ സമ്മേളനത്തിന്റെ അവസാന ദിനമായിരുന്നു ഇന്നലെ. ഏകദേശം 2000 ത്തിലധികം പേര്‍ ഈ സമ്മേളനത്തിന് എത്തിയിരുന്നു. രാവിലെ സമ്മേളനം തുടങ്ങി അരമണിക്കൂറിനുള്ളിൽ സ്ഫോടനമുണ്ടായി.സ്ഫോടനത്തിൽ മൂന്ന്പേർ മരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.