കളമശ്ശേരി സ്ഫോടനം: കൺവെൻഷൻ സെന്‍ററിലെ സാമ്പിൾ ശേഖരണം 21നകം പൂർത്തിയാക്കണമെന്ന് ഹൈകോടതി
text_fieldsകൊച്ചി: ഏഴുപേരുടെ മരണത്തിനിടയാക്കിയ സ്ഫോടനം നടന്ന കളമശ്ശേരി സംറ കൺെവൻഷൻ സെന്‍ററിൽനിന്നുള്ള സാമ്പിൾ ശേഖരണം ഡിസംബർ 21നകം പൂർത്തിയാക്കണമെന്ന് ഹൈകോടതി. അന്വേഷണം പുരോഗമിക്കുകയാണെന്നും ആദ്യം ശേഖരിച്ച സാമ്പിളുകളുടെ പരിശോധനഫലം ഫോറൻസിക് സയൻസ് ലാബിൽനിന്ന് ലഭ്യമാകാൻ കാത്തിരിക്കുകയാണെന്നും ആവശ്യമെങ്കിൽ ഇനിയും ശേഖരിക്കേണ്ടിവരുമെന്നും സർക്കാർ അഭിഭാഷകൻ അറിയിച്ചപ്പോഴാണ് 21നകം പൂർത്തിയാക്കാൻ നിർദേശം നൽകിയത്.
പൊലീസ് അടച്ചുപൂട്ടിയ കൺവെൻഷൻ സെന്‍റർ വിട്ടുനൽകാൻ ഉത്തരവിടണമെന്ന് ആവശ്യപ്പെട്ട് സംറ എൻഡവേഴ്സ് ലിമിറ്റഡ് മാനേജിങ് ഡയറക്ടർ എം.എ. റിയാസ് നൽകിയ ഹരജിയാണ് കോടതിയുടെ പരിഗണനയിലുള്ളത്. ഹരജി 21ലേക്ക് മാറ്റി.
ഒക്‌ടോബർ 29നുണ്ടായ സംഭവത്തെ തുടർന്ന് പ്രതിയെ ഇവിടെ എത്തിച്ച് തെളിവെടുപ്പ് നടത്തുകയും തെളിവുകൾ ശേഖരിക്കുകയും ചെയ്തിട്ടും ഹാൾ തുറക്കാൻ എറണാകുളം ഡെപ്യൂട്ടി പൊലീസ് കമീഷണറും കളമശ്ശേരി സ്റ്റേഷൻ ഹൗസ് ഓഫിസറും തയാറായിട്ടില്ലെന്ന് കാട്ടിയാണ് ഹരജി. ഇത് വാണിജ്യ സ്ഥാപനമാണെന്നും അനിശ്ചിതമായി അടച്ചിടുന്നത് നടത്തിപ്പുകാരെ സാമ്പത്തികമായി പ്രതികൂലമായി ബാധിക്കുമെന്നും കോടതി പറഞ്ഞു.
കളമശ്ശേരി സ്ഫോടനം; മരിച്ചവരുടെ എണ്ണം ഏഴായി
ഒക്ടോബർ 29നുണ്ടായ സ്ഫോടനത്തിൽ മരിച്ചവരുടെ എണ്ണം ഏഴായി. ഒരു കുടുംബത്തിലെ മൂന്നു പേരുൾെപ്പടെയാണിത്. നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു. കാലടി മലയാറ്റൂർ കടവൻകുഴി വീട്ടിൽ പ്രദീപന്‍റെ ഭാര്യ റീനാ ജോസ് എന്ന സാലി (45), മക്കളായ പ്രവീൺ പ്രദീപൻ (24), ലിബിന (12), തൊടുപുഴ കാളിയാർ സ്വദേശി കുമാരി (45), പെരുമ്പാവൂർ ഇരിങ്ങോൾ വട്ടോളിപ്പടി പുളിയൻവീട്ടിൽ ലിയോണ പൗലോസ് (55), ആലുവ മുട്ടം സ്വദേശി മോളി ജോയ് (61), ഇടുക്കി വണ്ടമറ്റം കുളങ്ങര തൊട്ടിയിൽ ജോണാണ് (76) എന്നിവരാണ് നേരത്തേ മരിച്ചത്. സ്ഫോടനക്കേസിലെ പ്രതി ഡൊമിനിക് മാർട്ടിൻ ജുഡീഷ്യൽ കസ്റ്റഡിയിലാണുള്ളത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.