കളമശ്ശേരി സ്ഫോടനം: എം.വി. ഗോവിന്ദനുൾപ്പെടെ നാല് പേർക്കെതിരെ പൊലീസിൽ പരാതി നൽകി കെ.പി.സി.സി
text_fieldsതിരുവനന്തപുരം: കളമശ്ശേരി ബോംബ് സ്ഫോടന കേസിൽ വിവാദ പരമാർശം നടത്തിയെന്നാരോപിച്ച് സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദനുൾപ്പെടെ നാല് പേർക്കെതിരെ കെ.പി.സി.സി പരാതി നൽകി. ഡി.ജി.പിക്കാണ് പരാതി നൽകിയത്. എം.വി. ഗോവിന്ദന് പുറമെ, മുൻ എം.പി. സെബാസ്റ്റ്യൻ പോൾ, ബി.ജെ.പി നേതാവ് സന്ദീപ് വാര്യർ, റിവ തോളൂർ ഫിലിപ്പ് എന്നിവർക്കെതിരെയാണ് പരാതി. ഐപിസി 153 എ വകുപ്പ് പ്രകാരം എഫ്.ഐ.ആർ രജിസ്റ്റർ ചെയ്യണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്. കെ.പി.സി.സി ഡിജിറ്റൽ മീഡിയ സെൽ കൺവീനർ ഡോ പി. സരിനാണ് പരാതി നൽകിയത്.
എല്ലാവരും സ്ഫോടനവുമായി ബന്ധപ്പെട്ട് മതസ്പർദ്ധയുണ്ടാക്കും വിധം പ്രസ്താവനകൾ നടത്തിയെന്നാണ് പരാതിയിൽ പറയുന്നത്. സമുദായങ്ങൾ തമ്മിലുള്ള സൗഹൃദം തകരാതിരിക്കാൻ ഇവർക്കെതിരെ നടപടി അത്യാവശ്യമാണെന്നാണ് പരാതി. പൊതുപ്രവർത്തകർ സമൂഹത്തിന് നന്മയും നേരായ വഴിയും കാണിക്കേണ്ടവരാണ്. എന്നാൽ മനപ്പൂർവ്വവും ദുരുദ്ദേശപരവുമായി ഇരു മതവിഭാഗങ്ങൾ തമ്മിലുള്ള വെറുപ്പിനു കാരണമാകും വിധമായിരുന്നു ഇവരുടെ പ്രതികരണങ്ങൾ. രാഷ്ട്രീയ ലാഭം മുൻനിർത്തിയുള്ളതായിരുന്നു പ്രതികരണമെന്നാണ് പരാതിയിൽ ആരോപിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.