കളമശ്ശേരി സ്ഫോടനം; ഐ.സി.യുവിൽ 18 പേർ, ആറ് പേരുടെ നില ഗുരുതരം
text_fieldsകൊച്ചി: കളമശ്ശേരിയിൽ കൺവെൻഷൻ സെന്‍ററിൽ പ്രാർഥനക്കിടെയുണ്ടായ സ്ഫോടനത്തിൽ സാരമായി പരിക്കേറ്റ് ഐ.സി.യുവിൽ ചികിത്സയിലുള്ളത് 18 പേർ. ഇവരിൽ 12 വയസുള്ള കുട്ടി ഉൾപ്പെടെ ആറ് പേരുടെ നില ഗുരുതരമാണെന്ന് ആരോഗ്യമന്ത്രി വീണ ജോർജ് പറഞ്ഞു.
സ്ഫോടനത്തിൽ പരിക്കേറ്റ് വിവിധ ആശുപത്രികളിൽ ചികിത്സ തേടിയത് 52 പേരാണ്. 30 പേരാണ് നിലവിൽ ആശുപത്രിയിൽ തുടരുന്നത്. എറണാകുളം മെഡിക്കൽ കോളജിൽ 10 പേർ ഐ.സി.യുവിലുണ്ട്. വാർഡിലുള്ള 10 പേരെ വൈകീട്ടോടെ ഡിസ്ചാർജ് ചെയ്യും. രാജഗിരി, സൺറൈസ്, ആസ്റ്റർ മെഡിസിറ്റി എന്നിവിടങ്ങളിലാണ് ഐ.സി.യുവിലുള്ള മറ്റ് രോഗികൾ.
ലഭ്യമായ എല്ലാ ആധുനിക ചികിത്സയും പരിക്കേറ്റവർക്ക് നൽകുമെന്ന് മന്ത്രി പറഞ്ഞു. തൃശൂർ മെഡിക്കൽ കോളജിൽ നിന്ന് പ്ലാസ്റ്റിക് സർജന്മാർ ഉൾപ്പെടെ വിദഗ്ധ ഡോക്ടർമാർ എറണാകുളത്തേക്ക് എത്തിയിട്ടുണ്ട്. പ്രത്യേക മെഡിക്കൽ ബോർഡും രൂപീകരിച്ചിട്ടുണ്ട്.
മരിച്ച സ്ത്രീയുടെ വിശദവിവരങ്ങൾ പൊലീസ് അന്വേഷിക്കുകയാണ്. ഇവരുടെ വിവരങ്ങൾ സ്ഥിരീകരിച്ച ശേഷം പുറത്തുവിടും. 12 വയസുള്ള കുട്ടിക്ക് ഗുരുതരമായ പൊള്ളലേറ്റിട്ടുണ്ട്. വെന്‍റിലേറ്റർ സഹായത്തോടെയാണുള്ളതെന്നും മന്ത്രി പറഞ്ഞു.
കളമശ്ശേരി സ്ഫോടനത്തിന്‍റെ പശ്ചാത്തലത്തിൽ തിങ്കളാഴ്ച മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ സർവ്വകക്ഷി യോഗം ചേരും. രാവിലെ 10 മണിക്ക് സെക്രട്ടറിയേറ്റിലെ മുഖ്യമന്ത്രിയുടെ കോൺഫറൻസ് ഹാളിലാണ് യോഗം.
സ്ഫോടനത്തിന്‍റെ പശ്ചാത്തലത്തിൽ പൊലീസ് ജാഗ്രത ശക്തമാക്കിയിരിക്കുകയാണ്. സംസ്ഥാനത്താകെ പൊലീസ് പരിശോധന നടത്തുന്നുണ്ട്. റെയിൽവേ സ്റ്റേഷനുകൾ, മാർക്കറ്റുകൾ, ബസ് സ്റ്റാൻഡുകൾ, തിരക്കേറിയ മറ്റ് ഇടങ്ങൾ മുതലയാവ കേന്ദ്രീകരിച്ചാണ് പരിശോധന.
സമൂഹമാധ്യമങ്ങളിലും കർശന നിരീക്ഷണമാണ്. മതസ്പർദ്ധ, വർഗീയ വിദ്വേഷം എന്നിവ വളർത്തുന്ന തരത്തിൽ സാമൂഹ്യമാധ്യമങ്ങളിലൂടെയും മറ്റും വ്യാജവാർത്തകൾ പ്രചരിപ്പിക്കുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് പൊലീസ് വ്യക്തമാക്കി.
കളമശേരി കൺവെൻഷൻ സെന്‍ററിൽ പൊട്ടിത്തെറിച്ചത് സ്ഫോടകവസ്തുവെന്നാണ് പ്രാഥമിക നിഗമനമെന്ന് ഡി.ജി.പി ഷെയ്ഖ് ദർവേശ് സാഹിബ് പറഞ്ഞു. അന്വേഷണത്തിന് പ്രത്യേക സംഘത്തെ നിയോഗിക്കുമെന്നും അദ്ദേഹം പറഞ്ഞു.
രാവിലെ 9.40ഓടെയാണ് കളമശേരി സാമ്രാ ഇന്റർനാഷനൽ കൺവൻഷൻ സെന്‍ററിൽ സ്ഫോടനമുണ്ടായത്. ഒരാൾ മരിക്കുകയും 52 പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു. യഹോവ സാക്ഷികളുടെ മേഖലാ സമ്മേളനത്തിന്റെ അവസാന ദിന സമ്മേളനം നടക്കുന്നതിനിടെയായിരുന്നു സ്ഫോടനം.
ഈ മാസം 27 മുതല്‍ നടന്നുവരുന്ന യഹോവ സാക്ഷികളുടെ മേഖലാ സമ്മേളനത്തിന്റെ അവസാന ദിനമായിരുന്നു ഇന്ന്. 2000ലേറെ പേർ പങ്കെടുത്തിരുന്നു. ഹാളിൽ നിരനിരയായി കസേരയിട്ടാണ് ആളുകൾ ഇരുന്നിരുന്നത്.
പ്രാർഥന തുടങ്ങി അഞ്ച് മിനിറ്റിനുള്ളിൽ തന്നെ വേദിക്ക് മധ്യത്തായി സ്ഫോടനമുണ്ടായതായി ദൃക്സാക്ഷികളിലൊരാൾ മാധ്യമങ്ങളോട് പറഞ്ഞു. കണ്ണടച്ചുള്ള പ്രാർഥനയായതിനാൽ എന്താണ് സംഭവിച്ചതെന്ന് വ്യക്തമല്ല. പുറത്തേക്ക് കടക്കാനായി ആളുകളുടെ തിക്കുംതിരക്കുമായിരുന്നു. കസേരയിട്ടതിനാൽ എളുപ്പം ഓടിരക്ഷപ്പെടാനും സാധിക്കുമായിരുന്നില്ല. അതിനിടെ വീണ്ടും സ്ഫോടനശബ്ദം കേട്ടെന്നും ദൃക്സാക്ഷികൾ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.