കളമശ്ശേരി ബോംബ് ആക്രമണം: രണ്ടുദിവസത്തിനകം സാമ്പിൾ ശേഖരണം പൂർത്തിയാക്കി ഹാൾ വിട്ടുനൽകണം -ഹൈകോടതി
text_fieldsകൊച്ചി: ബോംബ് ആക്രമണമുണ്ടായ യഹോവയുടെ സാക്ഷികളുടെ സമ്മേളന വേദിയായിരുന്ന കളമശ്ശേരിയിലെ സംറ കൺവെൻഷൻ സെന്‍ററിൽനിന്ന് സാമ്പിളുകൾ ശേഖരിക്കാനുണ്ടെങ്കിൽ രണ്ടുദിവസത്തിനകം പൂർത്തിയാക്കണമെന്ന് ഹൈകോടതി. രണ്ടുദിവസത്തിനകം സാമ്പിൾ ശേഖരിച്ചശേഷം അടുത്ത ദിവസംതന്നെ കൺവെൻഷൻ സെന്റർ ഉടമകൾക്ക് കൈമാറണമെന്ന് ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ നിർദേശിച്ചു.
ഒക്ടോബർ 29ന് നടന്ന സ്ഫോടനത്തെതുടർന്ന് അന്വേഷണത്തിന്‍റെ ഭാഗമായി സെന്‍റർ അടച്ചുപൂട്ടിയിരിക്കുകയാണ്. പ്രതിയെ ഇവിടെ എത്തിക്കുകയും തെളിവുകൾ ശേഖരിക്കുകയും ചെയ്തിട്ടുണ്ട്. എന്നിട്ടും ഹാൾ വിട്ടുനൽകാൻ എറണാകുളം ഡെപ്യൂട്ടി പൊലീസ് കമീഷണറും കളമശ്ശേരി സ്റ്റേഷൻ ഹൗസ് ഓഫിസറും തയാറായിട്ടില്ലെന്ന് ചൂണ്ടിക്കാട്ടി സംറ മാനേജിങ് ഡയറക്ടർ എം.എ. റിയാസ് നൽകിയ ഹരജിയിലാണ് ഉത്തരവ്. എട്ടുപേരാണ് ദുരന്തത്തിൽ കൊല്ലപ്പെട്ടത്.
ഹാൾ തിരിച്ചുനൽകാൻ തടസ്സമില്ലെങ്കിലും ഫോറൻസിക് വിഭാഗം അധിക സാമ്പിളുകൾ ശേഖരിക്കണമെന്ന് പറഞ്ഞാൽ പിന്നീട് ബുദ്ധിമുട്ടാകുമെന്ന കാരണത്താലാണ് വിട്ടുകൊടുക്കാത്തതെന്ന് സർക്കാർ അഭിഭാഷകൻ വിശദീകരിച്ചു. ഇവിടെനിന്ന് ലഭിച്ച രണ്ട് മൊബൈൽ ഫോൺ ഫോറൻസിക് പരിശോധനക്ക് അയച്ചിട്ടുണ്ട്. ഇതിന്റെ ഫലം ലഭിച്ചശേഷമേ കേന്ദ്ര ഏജൻസികൾ ഇതിലിടപെടുന്ന കാര്യത്തിൽ തീരുമാനമാകൂവെന്നും വ്യക്തമാക്കി.
ഈ വിശദീകരണത്തിൽ കഴമ്പുണ്ടെങ്കിലും സംഭവം നടന്നിട്ട് 60 ദിവസത്തിലേറെയായത് കോടതി ചൂണ്ടിക്കാട്ടി. ഫോറൻസിക് ലാബിലെ കാലതാമസം കൺവെൻഷൻ സെന്റർ തിരികെ കിട്ടാനുള്ള ഉടമയുടെ അവകാശത്തെ ബാധിക്കരുതെന്ന് അഭിപ്രായപ്പെട്ട കോടതി, തുടർന്നാണ് തിരികെ നൽകാൻ ഉത്തരവിട്ടത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.