കളമശ്ശേരി സ്ഫോടനം ആശങ്കയുടെ പകൽ
text_fieldsതൃശൂര്‍: കളമശ്ശേരി സ്ഫോടനക്കേസ് പ്രതി കൊച്ചി തമ്മനം സ്വദേശി ഡൊമിനിക് മാര്ട്ടിന് (48) കീഴടങ്ങിയത് തൃശൂർ കൊടകര പൊലീസ് സ്റ്റേഷനിൽ.
ഉച്ചക്ക് ഒന്നരയോടെ ഇരുചക്രവാഹനത്തിൽ അസ്വാഭാവികതകളൊന്നും കാണിക്കാതെ പരാതിക്കാരനെന്ന നിലയിലെത്തിയ ഡൊമിനിക് മാർട്ടിൻ സ്റ്റേഷനിലെത്തി ഫ്രണ്ട് ഓഫിസിലെ ഉദ്യോഗസ്ഥനോടാണ് കളമശ്ശേരിയിലെ പ്രാർഥന സമ്മേളനത്തിൽ ബോംബ് വെച്ചത് താനാണെന്ന് അറിയിച്ചത്. ഹൈവേയോട് ചേർന്ന് കണ്ട സ്റ്റേഷനെന്ന നിലയിലാണ് കൊടകര സ്റ്റേഷനിലെത്തിയതെന്നാണ് പറഞ്ഞത്. കബളിപ്പിക്കാൻ പറയുകയാണെന്ന് കരുതിയ പൊലീസുകാർ ചിരിയോടെ അവഗണിക്കാൻ ശ്രമിച്ചെങ്കിലും ‘പിഴവുകളില്ലാത്ത’ 30 മിനിറ്റ് നേരത്തെ വിശദീകരണം കേട്ട് അവർ ഞെട്ടി. നാടാകെ ചർച്ച ചെയ്യുന്ന സ്ഫോടനക്കേസിലെ മുഖ്യപ്രതി കൂസലില്ലാതെ ഇരുചക്രവാഹനത്തില്‍ വന്ന് താനാണ് ബോംബ് വെച്ചതെന്ന് പറയുമോയെന്ന സംശയം.
പിന്നാലെ ഇയാള്‍ക്ക് മാനസികാസ്വാസ്ഥ്യമുണ്ടോയെന്ന ആശങ്ക. എന്നാൽ, ഇയാളുടെ വിശദീകരണത്തിന് പിന്നാലെ കൊടകര പൊലീസ് ഉന്നതപൊലീസ് ഉദ്യോഗസ്ഥർക്ക് വിവരം നല്കി. ഇതിനിെട താനാണ് ഇത് ചെയ്തതെന്ന ഡൊമിനിക് മാർട്ടിെന്റ ഫേസ്ബുക്ക് ലൈവ്കൂടി പുറത്തെത്തി. വിവാദകേസായതിനാല് ഇയാളെ രഹസ്യമായി തൃശൂരിലെത്തിച്ചു. പൊലീസ് ഉന്നതരുടെ നിര്‍ദേശമനുസരിച്ചായിരുന്നു നീക്കം. പൊലീസ് ക്ലബില്‍ മധ്യമേഖല ഡി.ഐ.ജി ഉള്‍പ്പെടെയുള്ള സംഘം പൊലീസ് ഉന്നതരുമായി കാര്യങ്ങള്‍ ചോദിച്ചറിഞ്ഞു.
പൊലീസ് ക്ലബിൽ ചോദ്യം ചെയ്യാനായിരുന്നു ആദ്യ തീരുമാനം. പിന്നീട് രാമവർമപുരം അക്കാദമിയിലേക്ക് മാറ്റി. രണ്ടരയോടെ അക്കാദമിയിലെ ആധുനിക ചോദ്യം ചെയ്യൽ മുറിയിലെത്തിച്ച ഡൊമിനിക് മാർട്ടിനോട് കാര്യങ്ങൾ വിശദമായി ചോദിച്ചു. ചില ചോദ്യങ്ങളോട് അക്ഷോഭ്യനായിട്ടായിരുന്നു പ്രതികരണമെന്ന് ഉദ്യോഗസ്ഥർ സൂചിപ്പിച്ചു.
യഹോവ വിശ്വാസിയായിരുന്നെന്നും പിന്നീട് മനംമടുത്തെന്നുമാണ് ഇയാള്‍ മൊഴി നല്‍കിയത്. അത് പൊലീസ് ആദ്യം മുഖവിലക്കെടുത്തില്ല. എന്നാല്‍, മൊബൈല്‍ഫോണ്‍ പരിശോധിച്ചതോടെ നിര്‍ണായകവിവരങ്ങള്‍ ലഭിച്ചു. റിമോട്ട് കണ്ട്രോള് ഉപയോഗിച്ച് സ്ഫോടനം നടത്തുന്നതടക്കമുള്ള കാര്യങ്ങള്‍ മൊബൈല്‍ ഫോണില്‍ പകര്‍ത്തിയിട്ടുണ്ട്. സ്ഫോടനം സംബന്ധിച്ച് ഇന്റര്‍നെറ്റില്‍നിന്നാണ് വിവരങ്ങള്‍ ശേഖരിച്ചതെന്നാണ് പറയുന്നത്. സ്ഫോടകവസ്തു വെച്ചത് പെട്രോള്‍ നിറച്ച കുപ്പിക്കൊപ്പമാണ്. ഇതാണ് തീപിടിത്തത്തിന് കാരണം. ഇന്റര്‍നെറ്റിലൂടെയാണ് ബോംബ് നിര്‍മാണം പഠിച്ചതെന്നും ഇയാൾ വ്യക്തമാക്കി.
റിമോട്ട് ഉപയോഗിച്ച് ബോംബ് ട്രിഗര്‍ ചെയ്യുന്നതടക്കമുള്ള ദൃശ്യങ്ങള്‍ ഇയാളുടെ ഫോണില്‍ കണ്ടെത്തിയതോടെയാണ് പ്രതിയെന്ന നിഗമനത്തിലെത്തിയത്. സ്ഫോടകവസ്തു വാങ്ങിയ കടകളെക്കുറിച്ചും മൊഴി നല്കി.
തെളിവുകള്‍ സ്വയം നല്‍കിയതോടെ പൊലീസിന് വലിയ തലവേദന ഒഴിവായെങ്കിലും സ്ഥിരീകരണത്തിനായി പിന്നീട് ശ്രമം. ഇതോടെ എ.ഡി.ജി.പി അജിത് കുമാർ അടക്കമുള്ള ഉന്നതോദ്യോഗസ്ഥർ തൃശൂരിലേക്ക് എത്താൻ തീരുമാനിച്ചു.
പറഞ്ഞത് 70 ശതമാനം മാത്രം വിശ്വസിച്ചാൽ മതിയെന്ന നിലപാടിലായിരുന്ന പൊലീസ്, വിശദമായ ചോദ്യം ചെയ്യലിനായി ഇയാളെ ആലുവ പൊലീസ് ക്ലബിലേക്ക് മാറ്റാമെന്നായി. ഡി.ജി.പി അടക്കമുള്ള ഉദ്യോഗസ്ഥർ എറണാകുളത്തെത്തിയതോടെ എത്തിച്ചേരാൻ എളുപ്പംകൂടി കണക്കിലെടുത്തായിരുന്നു ആലുവ പൊലീസ് ക്ലബിലേക്കുള്ള മാറ്റം.
വൈകീട്ട് അഞ്ചോടെ തൃശൂരിൽനിന്ന് മാർട്ടിനെ കൊണ്ടുപോയി. പ്രതി ഇയാള്‍തന്നെയെന്ന് സൂചന വന്നതോടെ പിരിമുറക്കം ഒഴിവായി. ഇയാള്‍ മാത്രമാണോ ഇത്രയും വലിയ പദ്ധതി തയാറാക്കി നടപ്പാക്കിയത്, മറ്റാരുടെയെങ്കിലും പിന്തുണയുണ്ടായിരുന്നോ എന്നതടക്കമുള്ള കാര്യങ്ങളും പൊലീസ് അന്വേഷിക്കുകയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.