കളമശ്ശേരി സ്ഫോടനം; വേദനകൾക്ക് നടുവിൽ ഇനിയും 10 പേർ; ഗൂഢാലോചന സംബന്ധിച്ച അന്വേഷണം വഴിമുട്ടി
text_fieldsകൊച്ചി: ആറ് നിരപരാധികളുടെ ജീവനെടുത്ത കളമശ്ശേരി സ്ഫോടനം നടന്ന് മൂന്നാഴ്ച പിന്നിടുമ്പോഴും വേദനകളോട് മല്ലിട്ട് 10 പേർ ചികിത്സയിൽ. പൊള്ളലേറ്റ ശരീരങ്ങളുടെ നോവും ഉറ്റവർ വിട്ടുപോയ കുടുംബങ്ങളുടെ തേങ്ങലുകളും ഇനിയും അവസാനിച്ചിട്ടില്ല. സ്ഫോടനം നടത്തിയ എറണാകുളം തമ്മനം സ്വദേശി ഡൊമിനിക് മാർട്ടിനെ തെളിവെടുപ്പ് പൂർത്തിയാക്കി കാക്കനാട് ജില്ല ജയിലിൽ അടച്ചിരിക്കുകയാണ്. എന്നാൽ, സംഭവത്തിനുപിന്നിലെ ഗൂഢാലോചനയടക്കം സംശയകരമായ വസ്തുതകൾ വിവിധ കോണുകളിൽനിന്ന് ചൂണ്ടിക്കാട്ടിയെങ്കിലും ഇതേക്കുറിച്ചൊന്നും അന്വേഷണം ഉണ്ടായില്ല.
ഒക്ടോബർ 29ന് രാവിലെ 9.40നാണ് കളമശ്ശേരി സംറ കൺവെൻഷൻ സെന്ററിൽ യഹോവയുടെ സാക്ഷികളുടെ കൺവെൻഷനിൽ സംസ്ഥാനത്തെ ഞെട്ടിച്ച സ്ഫോടനം നടന്നത്. ചികിത്സയിലുള്ള 10 പേരിൽ അഞ്ചുപേർ തീവ്രപരിചരണ വിഭാഗത്തിലും അഞ്ചുപേർ വാർഡുകളിലുമാണ്. പരിക്കേറ്റ 62 പേരിൽ ബാക്കിയുള്ളവർ ആശുപത്രി വിട്ടു. സ്ഫോടനത്തിൽ കുടുംബത്തിലെ മൂന്നുപേരടക്കം ആറുപേർ മരിച്ച സംഭവം കേരളത്തിൽതന്നെ അപൂർവമാണ്. സംഭവത്തിന് തൊട്ടുപിന്നാലെ സ്ഫോടനം നടത്തിയത് താനാണെന്ന് സമ്മതിച്ച് ഡൊമിനിക് മാർട്ടിൻ രംഗത്തെത്തുകയായിരുന്നു.
അങ്കമാലി അത്താണിയിലെ വീട്ടിലായിരുന്നു ബോംബ് നിർമാണം. ബോംബ് നിർമിച്ചതിന്റെയും സ്ഫോടനം നടത്തിയതിന്റെയും തെളിവുകളെല്ലാം മാർട്ടിൻതന്നെ പൊലീസിന് കൈമാറി. യഹോവയുടെ സാക്ഷികളുടെ ആശയങ്ങളോടുള്ള ശക്തമായ എതിർപ്പും സ്വന്തം വീട്ടുകാർപോലും ഈ ആശയധാരയിൽനിന്ന് പിന്മാറാതിരുന്നതുമാണ് കൃത്യത്തിന് പ്രേരിപ്പിച്ചതെന്നായിരുന്നു ഇയാളുടെ മൊഴി. അറസ്റ്റിലായ മാർട്ടിനെ ആറുദിവസം കസ്റ്റഡിയിൽ വാങ്ങി തെളിവെടുപ്പ് പൂർത്തിയാക്കിയ ശേഷമാണ് റിമാൻഡ് ചെയ്തിരിക്കുന്നത്. കേസിൽ കുറ്റപത്രം സമർപ്പിക്കാൻ നടപടി പുരോഗമിക്കുകയാണെന്ന് പൊലീസ് പറയുന്നു.
യഹോവയുടെ സാക്ഷികളുമായി പത്തുവർഷം ബന്ധമുണ്ടായിരുന്നു എന്നാണ് മാർട്ടിൻ പൊലീസിനോട് പറഞ്ഞത്. എന്നാൽ, സംഘടന ഭാരവാഹികൾ ഇക്കാര്യം നിഷേധിച്ചു. മാർട്ടിന്റെ ഈ അവകാശവാദത്തെക്കുറിച്ച് സ്വന്തം നിലയിൽ അന്വേഷിക്കുമെന്ന് സംഘടന നേതൃത്വം ആദ്യം പറഞ്ഞെങ്കിലും പൊലീസിന്റേതിന് സമാന്തരമായി അന്വേഷണം വേണ്ടെന്ന് പിന്നീട് തീരുമാനിച്ചു. മാർട്ടിൻ സ്വയം കുറ്റം ഏറ്റെടുത്തെങ്കിലും ഇയാളുടെ വിശ്വാസപ്രമാണങ്ങളോ പശ്ചാത്തലമോ ഏതെല്ലാം സംഘടനകളുമായി ബന്ധമുണ്ടെന്നതോ പൂർവകാല ചരിത്രമോ ഒന്നും അന്വേഷണ വിധേയമായില്ല. സമാന സംഭവങ്ങളിൽ ഉണ്ടാകാറുള്ളതുപോലെ പ്രതിയുടെ സാമ്പത്തിക ഇടപാടുകളിലേക്കോ സമീപകാലത്ത് അടുത്ത ബന്ധം പുലർത്തിയവരിലേക്കോ അന്വേഷണം നീണ്ടില്ല.
സംഘ്പരിവാർ ബന്ധമുള്ള ചില തീവ്ര ക്രൈസ്തവ സംഘടനകളും അവരെ പിന്തുണക്കുന്ന ഒാൺലൈൻ പോർട്ടലുകളും നടത്തുന്ന പ്രചാരണങ്ങൾക്ക് കീഴ്പ്പെട്ടാണ് മുഖ്യധാരാ ക്രൈസ്തവ വിഭാഗങ്ങൾക്ക് അനഭിമതരായ യഹോവയുടെ സാക്ഷികളുടെ യോഗത്തിൽ ഇയാൾ ബോംബാക്രമണം നടത്തിയതെന്ന സംശയവും ഉയർന്നിരുന്നു. എന്നാൽ, ആദ്യം സംഭവം വഴിതിരിച്ചുവിടാൻ ശ്രമിച്ച മാധ്യമങ്ങളും സംഘടനകളുമൊന്നും പിന്നീട് ഇക്കാര്യത്തിൽ പ്രതികരിച്ചില്ല.
സംഭവത്തിന്റെ തലേദിവസം മാർട്ടിൻ മറ്റൊരാളുമായി ഫോണിൽ സംസാരിച്ചെന്നും തുടർന്ന് എല്ലാം നാളെ അറിയാമെന്ന് പറഞ്ഞെന്നും ഭാര്യ നിർണായക മൊഴി നൽകിയിട്ടും ഈ ഫോൺ കാൾ കേന്ദ്രീകരിച്ചും കാര്യമായ അന്വേഷണമുണ്ടായില്ല. ഒരു സംഘടനയുടെ ആശയങ്ങളോടുള്ള വിരോധം മാത്രമാണ് ഇത്ര വലിയ ക്രൂരകൃത്യത്തിന് പ്രേരിപ്പിച്ചതെന്നും അതിന് മറ്റാരുടെയും സഹായമില്ലെന്നുമുള്ള മാർട്ടിന്റെ മൊഴിയും പൊലീസിന്റെ പതിവില്ലാത്ത മൗനവും ദുരൂഹതയായി തുടരുന്നു. സംഭവം നടന്ന കളമശ്ശേരിയിലെ സംറ കൺവെൻഷൻ സെൻറർ ഇപ്പോഴും പൊലീസ് കാവലിലാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.