കളമശ്ശേരി ബോംബ് സ്ഫോടനം: ലിബ്നക്ക് യാത്രാമൊഴി
text_fieldsകാലടി: കണ്ണീരും വേദനയും വിതുമ്പലും നെടുവീർപ്പുകളും മാത്രമായിരുന്നു ശനിയാഴ്ച മലയാറ്റൂർ നീലീശ്വരം എസ്.എന്‍.ഡി.പി ഹയര്‍ സെക്കൻഡറി സ്കൂളിലാകെ തങ്ങിനിന്നത്. സ്കൂൾ മുറ്റത്ത് പാറിപ്പറന്ന 12കാരി പെൺകുട്ടി, ചേതനയറ്റ ശരീരമായി ആ സ്കൂളിലേക്ക് എത്തിയപ്പോൾ സഹപാഠികൾ പലരും ആർത്തുകരഞ്ഞു, ചിലർ തേങ്ങി. അധ്യാപകരുടെയും കണ്ടുനിന്നവരുടെയും ഉള്ളിലെ നോവായി മാറിയിരുന്നു ലിബ്ന എന്ന ഏഴാം ക്ലാസുകാരി.
കളമശ്ശേരി ബോംബ് സ്ഫോടനത്തില്‍ മരണപ്പെട്ട മലയാറ്റൂര്‍ കടവന്‍കുഴി വീട്ടില്‍ പ്രദീപന്റെ മകള്‍ ലിബ്നയുടെ (12) മൃതദേഹം ശനിയാഴ്ച രാവിലെ 10.30നാണ് നീലീശ്വരം എസ്.എന്‍.ഡി.പി ഹയര്‍ സെക്കൻഡറി സ്കൂളില്‍ പൊതുദര്‍ശനത്തിന് എത്തിച്ചത്. തിങ്കളാഴ്ച കാണാം എന്നുപറഞ്ഞ് പോയ ലിബ്നയുടെ ചേതനയറ്റ ശരീരം കാണാന്‍ പനീനീര് പൂക്കളുമായി കാത്തുനിൽക്കുകയായിരുന്നു സഹപാഠികള്‍. ഏഴാം ക്ലാസ് ലീഡറായിരുന്ന ലിബ്നയുടെ ക്ലാസ് മുറിയുടെ ഇരിപ്പിടത്തിലെ മേശയില്‍ പനിനീര് പൂക്കള്‍ വെച്ചാണ് കൂട്ടുകാർ വിട നൽകിയത്.
കലങ്ങിയ കണ്ണുകളുമായി കുട്ടികള്‍ പലയിടങ്ങളിലായി തളര്‍ന്നിരുന്നത് നൊമ്പരക്കാഴ്ചയായി. ഉച്ചക്ക് 2.30ന് മൃതദേഹം ലിബ്ന, ഒന്നര വര്‍ഷമായി താമസിക്കുന്ന മലയാറ്റൂര്‍ പാലത്തിന് സമീപത്തെ വാടക വീട്ടില്‍ എത്തിച്ച് സംസ്കാര ചടങ്ങുകൾ നടത്തി. തുടർന്ന്, ചാലക്കുടിക്കുസമീപം കൊരട്ടിയിൽ യഹോവ സാക്ഷികളുടെ ശ്മശാനത്തിൽ സംസ്കരിച്ചു.
സ്ഫോടനത്തില്‍ പരിക്കേറ്റ് ഗുരുതരാവസ്ഥയില്‍ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന മാതാവ് റീനയെയും സഹോദരന് പ്രവീണിനെയും മൃതദേഹം കാണിക്കാനായി അഞ്ചുദിവസം കളമശ്ശേരി മെഡിക്കല്‍ കോളജ് മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരുന്നു.
മറ്റൊരു സഹോദരനായ രാഹുലും പൊള്ളലേറ്റ് ചികിത്സയിലാണ്. എന്നാല്‍, ഇവര്‍ക്ക് കാര്യമായ ആരോഗ്യ പുരോഗതി ഇല്ലാത്ത സാഹചര്യത്തിലാണ് സംസ്കാരം നടത്താന്‍ പിതാവ് പ്രദീപന് തീരുമാനിച്ചത്. ബെന്നി ബഹനാന് എം.പി, റോജി എം. ജോണ്‍ എം.എല്‍.എ, ജില്ല കലക്ടറെ പ്രതിനിധാനം ചെയ്ത് എറണാകുളം മെഡിക്കല്‍ കോളജ് ആശുപത്രി സൂപ്രണ്ട് ഡോ. ഗണേഷ് മോഹന്‍, മുന്‍ മന്ത്രി അഡ്വ. ജോസ് തെറ്റയില്‍, ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വില്‍സണ്‍ കോയിക്കര, ഫാ.വര്‍ഗീസ് മണവാളന് തുടങ്ങി നാടിന്റെ നാനാഭാഗത്തുള്ളവര്‍ ആദരാഞ്ജലി അര്‍പ്പിക്കാന്‍ എത്തിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.