കളമശ്ശേരി ബസ് കത്തിക്കൽ കേസ്: മൂന്ന് പ്രതികൾ കുറ്റക്കാർ, ശിക്ഷ ആഗസ്റ്റ് ഒന്നിന്
text_fieldsകൊച്ചി: കളമശ്ശേരി ബസ് കത്തിക്കല്‍ കേസിലെ മൂന്ന് പ്രതികൾ കുറ്റക്കാരാണെന്ന് എറണാകുളം പ്രത്യേക എൻ.ഐ.എ കോടതി കണ്ടെത്തി. മുഖ്യപ്രതി തടിയൻറവിട നസീര്‍, എറണാകുളം കുന്നത്തുനാട് പുതുക്കാടന്‍ വീട്ടില്‍ സാബിര്‍ പി. ബുഖാരി, പറവൂര്‍ ചിറ്റാറ്റുകര മാക്കനായി ഭാഗത്ത് താജുദ്ദീൻ എന്നിവരെയാണ് കുറ്റക്കാരായി കണ്ടെത്തിയത്. ഇവർക്കുള്ള ശിക്ഷ ആഗസ്റ്റ് ഒന്നിന് വിധിക്കും.
വിചാരണക്ക് മുമ്പ് തന്നെ മൂന്ന് പ്രതികളും തങ്ങൾ കുറ്റം സമ്മതിക്കുന്നതായി അറിയിച്ചതിനെത്തുടർന്നാണ് കോടതി ശിക്ഷ നടപടികളിലേക്ക് നീങ്ങിയത്. ഇതുവരെ ജയിലിൽ കിടന്ന കാലയളവ് പരിഗണിച്ച് ശിക്ഷയിൽ ഇളവ് ലഭിക്കുമെന്ന പ്രതീക്ഷയിലാണ് മൂവരും കുറ്റം സമ്മതിച്ചതെന്നാണ് സൂചന. നേരത്തേ കുറ്റം സമ്മതിച്ച മറ്റൊരു പ്രതി പറവൂർ സ്വദേശി കെ.എ. അനൂപിനെ കോടതി ആറ് വർഷം കഠിന തടവിന് ശിക്ഷിച്ചിരുന്നു. സൂഫിയ മഅ്ദനി അടക്കമുള്ള പ്രതികളാണ് ഇനി വിചാരണ നേരിടാനുള്ളത്.
2005 സെപ്റ്റംബര്‍ ഒമ്പതിന് രാത്രി 8.30 ഓടെ എറണാകുളം കെ.എസ്.ആര്‍.ടി.സി സ്റ്റാൻഡിൽനിന്ന് സേലത്തേക്ക് പുറപ്പെട്ട തമിഴ്നാട് ട്രാൻസ്പോർട്ട് കോർപറേഷന്‍റെ ബസ് തട്ടിയെടുത്ത് കളമശ്ശേരി എച്ച്.എം.ടി കോളനിക്കടുത്ത പോപ്പ് മലക്ക് സമീപംവെച്ച് കത്തിച്ചെന്നാണ് കേസ്. അന്ന് കോയമ്പത്തൂര്‍ ജയിലില്‍ കഴിഞ്ഞിരുന്ന അബ്ദുന്നാസിര്‍ മഅ്ദനിയുടെ റിമാൻഡ് കാലാവധി നീളുന്നതിനെതിരെയുള്ള മുന്നറിയിപ്പായാണ് പ്രതികള്‍ ക്രിമിനല്‍ ഗൂഢാലോചന നടത്തി ബസ് കത്തിച്ചതെന്നാണ് എന്‍.ഐ.എയുടെ ആരോപണം.
ഇന്ത്യന്‍ ശിക്ഷ നിയമം 120 (ബി) പ്രകാരം ഗൂഢാലോചന, 121 (രാജ്യത്തിനെതിരെ യുദ്ധം ചെയ്യല്‍), 364 (തട്ടിക്കൊണ്ടുപോകല്‍), 323 (മുറിവേല്‍പിക്കല്‍), പൊതുമുതല്‍ നശിപ്പിക്കല്‍ തടയല്‍ നിയമത്തിലെ നാലാം വകുപ്പ്, നിയമവിരുദ്ധ പ്രവര്‍ത്തനം തടയല്‍ നിയമത്തിലെ 16, 18 വകുപ്പുകള്‍ പ്രകാരമുള്ള കുറ്റങ്ങളാണ് പ്രതികള്‍ക്കെതിരെ എൻ.ഐ.എ ചുമത്തിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.