കളമശ്ശേരി കൂട്ട ബലാത്സംഗക്കേസ്: പ്രതികളുടെ ശിക്ഷ 30 വർഷമാക്കി ചുരുക്കി
text_fieldsകൊച്ചി: 2015ൽ കളമശ്ശേരിയില്‍ തമിഴ് യുവതിയെ തട്ടിക്കൊണ്ടുപോയി കൂട്ട ബലാത്സംഗം ചെയ്ത കേസില്‍ ആദ്യ നാലു പ്രതികളുടെ ശിക്ഷ ഹൈകോടതി 30 വർഷമാക്കി ചുരുക്കി.
അഞ്ചാം പ്രതിയെ വെറുതെ വിട്ട കോടതി ആറാം പ്രതിയുടെ മൂന്നുവർഷം തടവുശിക്ഷ ശരിവെച്ചു. ഒന്നു മുതൽ നാലുവരെ പ്രതികളായ തൃക്കാക്കര തേവക്കൽ വി.കെ.സി കോളനി പറക്കാട്ട് വീട്ടില്‍ അതുല്‍ പി. ദിവാകരന് (22), ആലുവ എടത്തല മുരുതക്കാട് കൊല്ലറ വീട്ടില്‍ അനീഷ് (22), ആലുവ മണലിമുക്ക് പാറയില്‍ വീട്ടില്‍ മനോജ് (21), തൃക്കാക്കര മുണ്ടക്കല്‍ വീട്ടില്‍ മസ്താൻ നിയാസ് (30) എന്നിവര്‍ക്ക് എറണാകുളം സെഷൻസ് കോടതി വിധിച്ച ജീവിതാവസാനം വരെയുള്ള ജീവപര്യന്തം തടവുശിക്ഷയാണ് ജസ്റ്റിസ് എ.കെ. ജയശങ്കരൻ നമ്പ്യാർ, ജസ്റ്റിസ് വി.എം. ശ്യാംകുമാർ എന്നിവരടങ്ങുന്ന ഡിവിഷൻ ബെഞ്ച് ഇളവ് ചെയ്തത്.
മൂന്നുവർഷം ശിക്ഷ വിധിച്ച അഞ്ചാം പ്രതി തൃക്കാക്കര കങ്ങരിപ്പടി കുറുപ്പുശ്ശേരി വീട്ടില്‍ ബിനീഷിനെ കുറ്റക്കാരനല്ലെന്നുകണ്ട് വിട്ടയച്ചു. അതേസമയം, ബിനീഷിന്റെ ഭാര്യയും ആറാം പ്രതിയുമായ ജാസ്മിന്റെ മൂന്നുവർഷത്തെ തടവുശിക്ഷ ശരിവെച്ചു.
രണ്ടു തമിഴ് സ്വദേശികളെ പുല്ല് വെട്ടാനെന്ന പേരിൽ വിളിച്ചുകൊണ്ടുപോയി ഒരാളെ ബലാത്സംഗം ചെയ്യുകയും ആഭരണങ്ങളും പണവും കവർച്ച ചെയ്യുകയും ചെയ്ത സംഭവത്തിലാണ് ഉത്തരവ്. ഒന്നുമുതല്‍ നാലുവരെ പ്രതികള്‍ക്കെതിരെ ഗൂഢാലോചന, കൂട്ടബലാത്സംഗം, കവര്‍ച്ചക്കുവേണ്ടി മുറിവേല്പിക്കൽ, അന്യായമായി തടഞ്ഞുവെക്കൽ എന്നീ കുറ്റങ്ങൾ ശരിവെച്ചാണ് 2016 ജൂലൈ 18ന് സെഷൻസ് കോടതി ശിക്ഷ വിധിച്ചത്. ഒന്നുമുതല്‍ നാലു വരെയുള്ള പ്രതികളെ ഒളിവില്‍ താമസിപ്പിച്ചതിന് അഞ്ചാം പ്രതിക്കും പ്രതികളെ ഒളിവില്‍ താമസിപ്പിച്ചതിനും മോഷണവസ്തു കൈവശപ്പെടുത്തിയതിന് ആറാം പ്രതിക്കും ശിക്ഷ വിധിക്കുകയായിരുന്നു. ചെയ്ത കുറ്റത്തിന്റെ ഗൗരവം കണക്കിലെടുക്കുമ്പോൾ പ്രതികൾ ഇളവ് അർഹിക്കുന്നില്ലെങ്കിലും ഇവരുടെ പ്രായം, ജയിലിലെ പെരുമാറ്റം, പരിവർത്തനത്തിനുള്ള സാധ്യത എന്നിവ കണക്കിലെടുത്ത് ശിക്ഷ ഇളവ് അനുവദിക്കുന്നതായി ഡിവിഷൻ ബെഞ്ച് വ്യക്തമാക്കി. ഇവർക്ക് പരമാവധി ശിക്ഷ നൽകാനുണ്ടായ സാഹചര്യം വിചാരണ കോടതിയുടെ വിധിയിൽ വ്യക്തമാക്കിയിട്ടില്ലെന്നും ചൂണ്ടിക്കാട്ടി. പ്രതികളെ സഹായിച്ചതിന് തെളിവില്ലെന്നുകണ്ടാണ് ബിനീഷിനെ വെറുതെ വിട്ടത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.