കളമശ്ശേരി ഭീകരാക്രമണം: മാധ്യമപ്രവര്‍ത്തകനെതിരെ കേസെടുത്തത് അപലപനീയം -എസ്.ഡി.പി.ഐ
text_fieldsതിരുവനന്തപുരം: കേരളത്തെ നടുക്കിയ കളമശ്ശേരി ഭീകരാക്രമണത്തില്‍ മുന്‍വിധിയോടെ മുസ്‌ലിം യുവാക്കളെ കസ്റ്റഡിയിലെടുത്തത് വാര്‍ത്തയാക്കിയ മാധ്യമപ്രവര്‍ത്തകനെതിരെ കേസെടുത്ത പൊലീസ് നടപടി അപലപനീയമാണെന്ന് എസ്.ഡി.പി.ഐ സംസ്ഥാന സെക്രട്ടറി ജോണ്‍സൻ കണ്ടച്ചിറ. ഓണ്‍ലൈന്‍ മാധ്യമമായ മക്തൂബ് മീഡിയയിലെ ന്യൂസ് കോണ്‍ട്രിബ്യൂട്ടറും ഫ്രീലാന്‍സ് ജേണലിസ്റ്റുമായ റെജാസ് എം ഷീബാ സിദ്ദീഖിനെതിരെ വടകര പൊലീസ് രജിസ്റ്റര്‍ ചെയ്ത കേസ് ഉടന്‍ പിന്‍വലിക്കണം. കളമശ്ശേരിയില്‍ സ്‌ഫോടനം നടന്നയുടന്‍ പാനായിക്കുളം കേസില്‍ കോടതി വെറുതെവിട്ട നിസാം പാനായിക്കുളം, കുഞ്ഞുണ്ണിക്കര സ്വദേശി അബ്ദുല്‍ സത്താര്‍ എന്നിവരെ അന്യായമായി കസ്റ്റഡിയിലെടുത്തത് വാര്‍ത്തയാക്കിയതിനാണ് കേസെടുത്തത്.
രാജ്യത്ത് നടന്ന ഭീകരാക്രമണങ്ങളിലും ഭീകര സ്‌ഫോടനങ്ങളിലും സംഘ്പരിവാർ സംഘടനകള്‍ പ്രതിക്കൂട്ടില്‍ നില്‍ക്കുമ്പോള്‍ വെടിയൊച്ച കേട്ടാലുടന്‍ പ്രതിയെ തീരുമാനിക്കുന്ന കേരള പൊലീസ് നീതിശാസ്ത്രം തിരിച്ചറിയേണ്ടതുണ്ട്. ഹാഥറസിലെ ദലിത് യുവതിയുടെ ക്രൂരമായ മാനഭംഗവും കൊലപാതകവും റിപ്പോര്‍ട്ട് ചെയ്തത് കുറ്റകൃത്യമായി കണ്ട യോഗി ആദിത്യനാഥിനെ കേരളത്തിലെ ഇടതു സര്‍ക്കാരും പൊലീസും അനുകരിക്കാന്‍ നടത്തുന്ന ശ്രമം ദൂരവ്യാപകമായ പ്രത്യാഘാതങ്ങള്‍ സൃഷ്ടിക്കും.
ഇതര സംസ്ഥാനക്കാരനായ തൊപ്പി വെച്ചയാളുടെ ചിത്രം പ്രദര്‍ശിപ്പിച്ച് വ്യാജ പ്രചാരണം നടത്തിയ ന്യൂസ് 18 ഉള്‍പ്പെടെയുള്ള ചാനലുകള്‍ക്കെതിരെ നിയമനടപടിയെടുക്കാന്‍ പൊലീസിന് കഴിയാത്തത് അവരുടെ വിധേയത്വം പ്രകടമാക്കുന്നു. പ്രതിയായ മാര്‍ട്ടിന്റെ സമീപകാല ഫോണ്‍വിളികള്‍ പരിശോധിക്കാനോ പിന്നിലുള്ള നിഗൂഢ ശക്തികളെ അന്വേഷണത്തിലൂടെ പുറത്തുകൊണ്ടുവരാനോ തയാറാവാത്ത പൊലീസ് പുകമറ സൃഷ്ടിക്കാന്‍ നടത്തുന്ന ശ്രമത്തിന്റെ ഭാഗമാണ് പുതിയ കേസുകളെന്നും ജോണ്‍സൻ കണ്ടച്ചിറ കുറ്റപ്പെടുത്തി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.