കലയുടെ കൊലപാതകം: അനിലിനെതിരെ ഓപൺ വാറന്റ് പുറപ്പെടുവിച്ചു
text_fieldsചെങ്ങന്നൂർ: കാണാതായ കല എന്ന ശ്രീകല കൊല്ലപ്പെട്ട സംഭവത്തിൽ ഭർത്താവ് അനിലിനെതിരെ ചെങ്ങന്നൂർ ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി ഓപൺ വാറന്റ് പുറപ്പെടുവിച്ചു. കേസിലെ ഒന്നാം പ്രതിയായ ഇരമത്തൂർ മൂന്നാം വാർഡിൽ കണ്ണമ്പള്ളിൽ അനിൽകുമാറിനെ ഇസ്രായേലിൽനിന്ന് നാട്ടിലെത്തിക്കാനുള്ള നടപടിയുടെ ഭാഗമായാണ് ഓപൺ വാറന്റ് പുറപ്പെടുവിച്ചത്.
ഇസ്രായേലിൽ ജോലി നോക്കുന്ന ഇയാളുടെ പാസ്പോർട്ട് നമ്പറും വിലാസവും സ്പോൺസറുടെയും കമ്പനിയുടെയും വിശദാംശങ്ങളും ഉൾപ്പെട്ട വാറന്റാണ് അന്വേഷണ ഉദ്യോഗസ്ഥനായ മാന്നാർ സി.ഐക്ക് കോടതി കൈമാറിയത്. അടുത്ത ഘട്ടമെന്ന നിലയിൽ ഓപൺ വാറന്റ് പൊലീസ് ആസ്ഥാനം വഴി ക്രൈംബ്രാഞ്ച് മുഖേന സി.ബി.ഐക്ക് കൈമാറും.
തുടർന്ന്, സി.ബി.ഐ ഡൽഹി ഓഫിസിലെ ഇന്റർപോൾ വിഭാഗം റെഡ്കോർണർ നോട്ടീസ് പുറത്തിറക്കും. അതോടൊപ്പം പൊലീസ് ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ച് എമിഗ്രേഷൻവിഭാഗം മുഖേന എംബസികൾക്കും വിമാനത്താവളങ്ങൾക്കും കൈമാറും. അനിൽ ഇസ്രായേലിൽനിന്ന് മറ്റെവിടേക്കെങ്കിലും കടക്കുന്നത് തടയാൻ ഇതുവഴി കഴിയുമെന്ന് പൊലീസ് പറയുന്നു.
വീട്ടുകാരെയും ബന്ധുക്കളെയും സമ്മർദത്തിലാക്കി ഇയാളെ സ്വമേധയാ നാട്ടിലേക്ക് വരുത്താനുള്ള അവസരമുണ്ടാക്കാനും അന്വേഷണസംഘം പരിശ്രമിക്കുന്നുണ്ട്. കലയുടെ മൃതദേഹത്തിന്റെ അവശിഷ്ടങ്ങൾ കണ്ടെത്താനും കൊലപ്പെടുത്തിയ രീതിയും അതിന് ഉപയോഗിച്ച വാഹനവും കണ്ടെത്താനും മുഖ്യപ്രതിയുടെ സാന്നിധ്യം അനിവാര്യഘടകമാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.