എൻ. പരമേശ്വരൻ നമ്പൂതിരി ശബരിമല മേൽശാന്തി
text_fieldsശബരിമല: മാവേലിക്കര തട്ടാരമ്പലം കണ്ടിയൂർ കളീക്കൽ മഠത്തിലെ (നീലമന ഇല്ലം) എൻ. പരമേശ്വരൻ നമ്പൂതിരി (49) ശബരിമല മേൽശാന്തി. കോഴിക്കോട് കല്ലായി ഋഷി നിവാസിൽ കുറുവക്കാട്ട് ഇല്ലത്ത് ശംഭു നമ്പൂതിരി മാളികപ്പുറം മേൽശാന്തിയായും തെരഞ്ഞെടുക്കപ്പെട്ടു. സന്നിധാനത്ത് നടന്ന നറുക്കെടുപ്പിലാണ് മേൽശാന്തിമാരെ തെരഞ്ഞെടുത്തത്. അന്തിമ പട്ടികയിൽ ഇടംനേടിയ ഒമ്പത് ശാന്തിമാരുടെ പേരുകളിൽനിന്നാണ് നറുക്കെടുത്തത്. പന്തളം കൊട്ടാരം അംഗമായ ഗോവിന്ദ് വർമയാണ് ശബരിമല മേൽശാന്തിയെ നറുക്കെടുത്തത്. മാളികപ്പുറം ക്ഷേത്ര സോപാനത്ത് പന്തളം കൊട്ടാര അംഗമായ നിരഞ്ജൻ ആർ. വർമയാണ് നറുക്കെടുത്തത്.
പുറപ്പെടാ ശാന്തിമാർ കൂടിയാകുന്ന മേൽശാന്തിമാർ ഇരുവരും നവംബർ 15ന് ഇരുമുടിക്കെട്ടുമായി സന്നിധാനത്ത് എത്തും. ആചാരാനുഷ്ഠാനപരമായ ചടങ്ങുകൾക്കുശേഷം ചുമതല ഏൽക്കും. വൃശ്ചികം ഒന്നായ നവംബർ 16ന് ശബരിമല, മാളികപ്പുറം നടകൾ തുറക്കുന്നത് പുതിയ മേൽശാന്തിമാരായിരിക്കും.
ശബരിമല സ്പെഷൽ കമീഷണർ എം. മനോജ് നറുക്കെടുപ്പ് നടപടികൾക്ക് മേൽനോട്ടം വഹിച്ചു. തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡൻറ് എൻ. വാസു, അംഗങ്ങളായ കെ.എസ്. രവി, പി.എം. തങ്കപ്പൻ, ദേവസ്വം കമീഷണർ ബി.എസ്. പ്രകാശ്, ചീഫ് എൻജിനീയർ കൃഷ്ണകുമാർ, ശബരിമല എക്സിക്യൂട്ടിവ് ഓഫിസർ കൃഷ്ണകുമാര വാര്യർ, അഡ്മിനിസ്ട്രേറ്റിവ് ഓഫിസർ സുനിൽകുമാർ, പബ്ലിക് റിലേഷൻസ് ഓഫിസർ സുനിൽ അരുമാനൂർ, അസിസ്റ്റൻറ് എക്സിക്യൂട്ടിവ് ഓഫിസർ ഗണേഷ് പോറ്റി തുടങ്ങിയവർ നറുക്കെടുപ്പ് നടപടികളിൽ സംബന്ധിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.