ഉമ്മയുടെ ഖബറിനരികെ നിറകണ്ണുകളുമായി ശ്രീധരൻ
text_fieldsകാളികാവ്: കാലുഷ്യത്തിന്റെ കാലത്ത് വറ്റാത്ത മനുഷ്യസ്നേഹത്തിെൻറ കാഴ്ച സമ്മാനിക്കുകയാണ് കാളികാവ് അടക്കാകുണ്ട് പള്ളി ഖബർസ്ഥാൻ. പള്ളിയിൽ ജുമുഅ നടക്കുമ്പോൾ പുറത്ത് ഖബർസ്ഥാനിൽ പ്രിയപ്പെട്ട ഉമ്മ തെന്നാടൻ സുബൈദയുടെ ഖബറിന് മുന്നിൽ പ്രാർഥനാനിരതനായി നിൽക്കുന്ന ശ്രീധരെൻറ ദൃശ്യമാണ് മാനവിക മൂല്യങ്ങളുടെ ഉദാത്ത മാതൃക തീർക്കുന്നത്.
ജുമുഅക്ക് ശേഷം സുബൈദയുടെ മക്കളായ ഷാനവാസും ജാഫറും മറ്റു ബന്ധുക്കളും ഖബറിന് അരികെയെത്തും. അവരോടൊപ്പം ശ്രീധരനും ചേരും. മരിച്ചുപോയ സുബൈദയുടെ വളർത്തുമകനാണു ശ്രീധരൻ. അടക്കാകുണ്ടിലെ അസീസ് ഹാജിയുടേയും സുബൈദയുടേയും തെന്നാടൻ വീട്ടിലായിരുന്നു ശ്രീധരനും സഹോദരങ്ങളായ രമണിയും ലീലയും വളർന്നത്. സുബൈദയുടെ മൂന്ന് മക്കളും ഇവേരാടൊപ്പം കളിച്ചുവളർന്നു.
തെന്നാടൻ വീട്ടിലെ ജോലിക്കാരിൽ ഒരാളായിരുന്നു അടയ്ക്കാക്കുണ്ട് മൂർക്കൻ വീട്ടിൽ ചക്കി. ശ്രീധരന് ഒന്നര വയസ്സുള്ളപ്പോൾ ചക്കി മരിച്ചു. അടക്കം കഴിഞ്ഞ് വീട് മൂകമായി നിൽക്കുമ്പോഴാണ് സുബൈദയുടെ വരവ്. ശ്രീധരനെ വാരിയെടുത്ത്, ചേച്ചിമാരായ പതിനൊന്നുകാരി രമണിയെയും ആറു വയസ്സുകാരി ലീലയെയും കൂട്ടി സുബൈദ വീട്ടിലേക്കു നടക്കുകയായിരുന്നു.
രമണിയും ലീലയും മണവാട്ടിമാരായി പടിയിറങ്ങിയത് തെന്നാടൻ വീട്ടിൽനിന്നാണ്. വിവാഹശേഷം ശ്രീധരനും ഭാര്യ തങ്കമ്മുവും സ്വന്തം വീട്ടിലേക്കു മാറി. ഇപ്പോൾ ശ്രീധരന് 47 വയസ്സ്. ഒമാനിലെ മുസഫയിൽ അൽ ത്വയ്ബത് സൂപ്പർ മാർക്കറ്റിൽ ടെക്സ്റ്റെയിൽസ് വിഭാഗത്തിലെ ജീവനക്കാരൻ. പത്താംക്ലാസുകാരൻ അൻശ്യാം ആണ് മകൻ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.