പട്ടാമ്പിയിലെ ഡോ. രേഖ ചൊല്ലിയ കലിമ, ഇസ്രായേലിലെ ഇബ്രാഹിം ചൊല്ലിയ ശേമ
text_fieldsപരമത വിേദ്വഷവും വൈരവും അരങ്ങുവാഴുന്ന ഇൗ കാലത്ത് തന്നെയാണ് മനുഷ്യൻ എത്ര നിസ്സഹയാനാണെന്ന് ബോധ്യപ്പെടുത്താൻ ഒരു മഹാരോഗവും അവതരിച്ചത്. ആർക്കും ആരെയും സഹായിക്കാൻ പറ്റാത്ത നിലയിൽ മനുഷ്യരെ തമ്മിലകറ്റിയ ഇൗ രോഗത്താലുള്ള മരണങ്ങൾ പോലും വേദനാജനകമാണ്. ഏതുമരണവും വേദനിപ്പിക്കുന്നതാണെങ്കിലും കോവിഡ് ബാധിച്ചുള്ള ഏകാന്തമരണങ്ങൾ അവസാന നിമിഷങ്ങളിൽ മരണാസന്നനെ ഏതുതരത്തിൽ തളർത്തുമെന്ന് നമുക്കറിയില്ല.
ഉറ്റവരൊന്നും അടുത്തില്ലാതെ വെൻറിലേറ്റർ മുറികളിലെ തണുപ്പിൽ കിടന്ന് അവർ യാത്രയാകുന്നു. മതപരമായ അവസാന കർമങ്ങളൊന്നും അവർക്ക് ലഭിക്കുന്നില്ല. അങ്ങനെയുള്ള കാലത്താണ് പട്ടാമ്പിയിലെ ഡോ. രേഖയുടെ കഥ നാം കേൾക്കുന്നത്. നഗരത്തിലെ സ്വകാര്യ ആശുപത്രിയിലെ ഡോക്ടറാണ് രേഖ കൃഷ്ണൻ. കോവിഡ് ബാധിച്ച് മരണാസന്നയായ വയോധികയെ ഇനിയൊരു തിരിച്ചുവരവ് അസാധ്യമെന്ന് വ്യക്തമായ ഘട്ടത്തിൽ വെൻറിലേറ്ററിൽ നിന്ന് മാറ്റാൻ കുടുംബം സമ്മതിക്കുന്നു. കോവിഡ് ആയതിനാൽ ബന്ധുക്കൾക്കൊന്നും ആ വൃദ്ധ മാതാവിന്‍റെ അന്ത്യനിമിഷങ്ങളിൽ അടുത്ത് നിൽക്കാൻ കഴിയില്ല. ഡോ. രേഖയാണ് ആ സമയത്ത് അവരുടെ അടുത്തുള്ളത്. ഡോക്ടർ വെന്‍റിലേറ്റർ മാറ്റി.
മരണത്തിലേക്കുള്ള യാത്രയിൽ അവർ ബുദ്ധിമുട്ടുന്നത് കണ്ടപ്പോൾ നോക്കി നിൽക്കാൻ കഴിഞ്ഞില്ലെന്ന് ഡോ. രേഖ പറയുന്നു: ''ഹൃദയമിടിപ്പും രക്തസമ്മർദവും നാഡിമിടിപ്പുമെല്ലാം കുറഞ്ഞു തുടങ്ങി. അവർ ശ്വാസമെടുക്കുന്ന ദൈന്യത കണ്ടപ്പോൾ മനസ്സിൽ വല്ലാത്ത വിഷമം തോന്നി. കുടുംബാംഗങ്ങളാരും അടുത്തില്ല. നമുക്കാർക്കും ഒന്നും ചെയ്യാൻ പറ്റാത്ത അവസ്ഥ. അവർക്കായി പ്രാര്ഥിക്കാനായിരുന്നു ആദ്യം തോന്നിയത്. എന്തുകൊണ്ട് അവരുടെ തന്നെ വിശ്വാസ പ്രകാരമുള്ള വിടപറച്ചിലായിക്കൂടാ എന്ന് അനന്തരം ഉള്ളിൽ നിന്നാരോ ചോദിച്ചു.
അങ്ങോട്ടുമില്ല, ഇങ്ങോട്ടുമില്ല എന്ന ഖേദകരമായ സ്ഥിതിവിശേഷത്തിൽ ഞാൻ അവരുടെ കണ്ണുകളടച്ച് ചെവിയിൽ ശഹാദത് കലിമ ചൊല്ലിക്കൊടുക്കുകയായിരുന്നു. ഇതിനിടെ, എന്നെ സ്പർശിച്ച ഒരു കാര്യമുണ്ടായി. ഞാൻ ചൊല്ലിക്കൊടുക്കാൻ തുടങ്ങിയപ്പോൾ അവർ രണ്ടുപ്രാവശ്യം നീണ്ട ശ്വാസമെടുത്തു. അതോടെ നാഡിമിടിപ്പ് സമരേഖയായി. ആ ഉമ്മക്ക് ഭൂമിയിൽ നിന്ന് പോകാൻ തടസമുള്ളപ്പോൾ ആരോ നമ്മളെ അങ്ങനെ തോന്നിപ്പിച്ച് ചെയ്യിപ്പിച്ചതാണെന്നാണ് ഞാനിപ്പോഴും വിശ്വസിക്കുന്നത്''-ഡോ. രേഖ പറയുന്നു.
സമാനമായ സാഹചര്യമായിരുന്നു മൂന്നുമാസം മുമ്പ് ഇസ്രയേലിലെ വടക്കൻ നഗരമായ അഫൂലയിലും ഉണ്ടായത്. അവിടത്തെ ഹായിമെക് മെഡിക്കൽ സെന്‍ററിൽ കോവിഡ് ബാധിച്ച് ചികിത്സയിലായിരുന്നു അതി തീവ്ര യാഥാസ്ഥിതിക യഹൂദ വിഭാഗമായ ശബാദിെല അംഗമായ ശ്ലോമോ ഗാൽസ്റ്റർ. നന്നേ വൃദ്ധനായ അദ്ദേഹം ഒരുമാസത്തെ ചികിത്സക്കൊടുവിൽ മരണത്തിലേക്ക് അടുക്കുകയാണ്. ഏതുനിമിഷവും മരണം സംഭവിേച്ചക്കാമെന്ന് ആശുപത്രിയിൽ നിന്ന് അദ്ദേഹത്തിന്‍റെ കുടുംബത്തെ അറിയിച്ചു. കടുത്ത മതവിശ്വാസിയായ അദ്ദേഹത്തിന് അന്ത്യപ്രാർഥനയായ 'ശേമ യിസ്റായേൽ' ചൊല്ലിക്കൊടുക്കാൻ കുടുംബം ആശുപത്രിയിലേക്ക് കുതിച്ചു.
പക്ഷേ, കുടുംബം എത്തുന്നതുവരെ ഗാൽസ്റ്ററിന് ജീവൻ ഉണ്ടാകാനിടയില്ലെന്ന് അത്യാഹിത വിഭാഗം ജീവനക്കാർക്ക് വ്യക്തമായി. കോവിഡ് യൂനിറ്റിൽ ഗാൽസ്റ്ററിനെ പ്രവേശിപ്പിച്ചത് മുതൽ അദ്ദേഹത്തെ പരിചരിച്ചിരുന്നത് ഫലസ്തീൻ സ്വദേശിയായ ഇബ്രാഹിം മാഹിർ ആണ്. 'ശേമ യിസ്റായേൽ' ഏകദേശം ഇബ്രാഹിം മാഹിറിന് അറിയാം. പൂർണമായി വരികൾ അറിയില്ലെങ്കിലും മാഹിർ മടിച്ചില്ല. 'അദ്ദേഹമൊരു മതവിശ്വാസിയാണെന്ന് എനിക്കറിയാമായിരുന്നു.
അദ്ദേഹത്തിന് വേണ്ടി കുടുംബം അവസാനമായി പ്രാർഥിക്കുന്നത് അദ്ദേഹത്തിന് എത്രമാത്രം പ്രധാനപ്പെട്ടതാണെന്നും അറിയാം. പ്രാർഥന മുഴുവനായി എനിക്കറിയുമായിരുന്നില്ല. പക്ഷേ, 'ശേമ യിസ്റായേലി'ന്‍റെ വരികൾ അവസാനമായി അദ്ദേഹത്തിന് കേൾക്കേണ്ടതിന്റെ പ്രാധാന്യമാണ് എെൻറ മനസിൽ നിറഞ്ഞത്. അദ്ദേഹത്തിന്‍റെ കുടുംബത്തെയും ഞങ്ങൾക്ക് പരിചയമുണ്ട്. അവർക്കുവേണ്ടി ഞങ്ങൾ അദ്ദേഹത്തിനായി ആ പ്രാർഥന ചൊല്ലി'- ഇബ്രാഹിം മാഹിർ പറയുന്നു. ഞങ്ങൾ പ്രാർഥന ചൊല്ലാൻ അദ്ദേഹം അവസാനമായി ആഗ്രഹിച്ചിരുന്നുവെന്ന് എനിക്കുറപ്പാണ്. നമുക്കൊരു ദൈവമല്ലേയുള്ളു. -ഇബ്രാഹിം തുടരുന്നു.
കുടുംബം ആശുപത്രിയിൽ എത്തിയപ്പോഴേക്കും ഗാൽസ്റ്റർ മരണത്തിന് കീഴടങ്ങിക്കഴിഞ്ഞിരുന്നു. പിന്നീട് അദ്ദേഹത്തിന്‍റെ മകൾ ഇസ്രായേലി മാധ്യമങ്ങേളാട് ഇൗ വിവരം പങ്കുവെച്ചു. ആശുപത്രി കിടക്കയിൽ വെച്ച് മാഹിറിനെ കുറിച്ച് എപ്പോഴും അദ്ദേഹം സംസാരിക്കുമായിരുന്നുവെന്ന് മകൾ കൂട്ടിച്ചേർത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.