കല്ലട ജലസേചന പദ്ധതി; ഡിസ്ട്രിബ്യൂട്ടറിയുടെ നവീകരണത്തിന് 70 ലക്ഷം രൂപയുടെ ഭരണാനുമതി
text_fieldsകൊട്ടാരക്കര: കല്ലട ജലസേചന പദ്ധതി പൂവറ്റൂർ ഡിസ്ട്രിബ്യൂട്ടറിയുടെ നവീകരണത്തിന് 70 ലക്ഷം രൂപയുടെ ഭരണാനുമതിയായെന്ന് മന്ത്രി കെ.എൻ. ബാലഗോപാൽ അറിയിച്ചു.
കല്ലട ജലസേചന പദ്ധതിയുടെ ഭാഗമായ പൂവറ്റൂർ ഡിസ്ട്രിബ്യൂട്ടറി നിലവിലെ കൊട്ടാരക്കര നഗരസഭാ പ്രദേശങ്ങൾ, നെടുവത്തൂർ, മൈലം, കലയപുരം, പൂവറ്റൂർ കിഴക്ക്, കുളക്കട കിഴക്ക് ഭാഗങ്ങളിലെ കൃഷിയിടങ്ങളിൽ വെള്ളം എത്തിക്കുന്നതിന് 1994ൽ നിർമിച്ചതാണ്.
15.389 കിലോമീറ്റർ നീളമുള്ള പൂവറ്റൂർ ഡിസ്ട്രിബ്യൂട്ടറി കൊട്ടാരക്കര ഷട്ടർ പോയന്റിൽ നിന്ന് ആരംഭിച്ച് പൂവറ്റൂർ കിഴക്ക് അവസാനിക്കും. കൊട്ടാരക്കര റെയിൽവേ മേൽപാലത്തിന് ശേഷം എൻ.എച്ച് 744 ൽ കനാൽ ക്രോസ് ചെയ്ത് കടന്നുപോകുന്നതിന് മുമ്പായി ഉള്ള ചതുപ്പ് നിലത്തിൽ കനാലിന്റെ ഭാഗമായുള്ള സൈഫൺ കിണറുകളിലെയും ബാരലിലെയും ചോർച്ച കാരണം കനാലിലെ വെള്ളം മുന്നോട്ട് ഒഴുക്കാൻ കഴിയാതെ ചതുപ്പ് നിലത്തിലെ തോട്ടിലേക്ക് ഒഴുകിപ്പോകുന്നതുമൂലം വർഷങ്ങളായി പൂവറ്റൂർ ഡിസ്ട്രിബ്യൂട്ടറിയിൽ 3.5 കിലോമീറ്റർ ദൂരത്തിൽ മാത്രമാണ് ജലവിതരണം. ഈ ഭാഗത്തെ ചോർച്ചയും അതിനുള്ള കാരണങ്ങളും കെ.എൻ. ബാലഗോപാൽ ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തിൽ പ്രദേശം സന്ദർശിച്ച് പരിശോധന നടത്തി ചോർച്ച പരിഹരിക്കാൻ ഉദ്യോഗസ്ഥർക്ക് നിർദേശം നൽകിയിരുന്നു. തുടർന്ന് കല്ലട ഇറിഗേഷൻ എൻജിനീയറിങ് വിഭാഗം തയാർ ചെയ്ത 70 ലക്ഷം രൂപയുടെ എസ്റ്റിമേറ്റിന് അംഗീകാരം നൽകിയതിനെ തുടർന്നാണ് ഡിസ്ട്രിബ്യൂട്ടറിയുടെ നവീകരണത്തിന് ജലവിഭവവകുപ്പിൽനിന്ന് ഭരണാനുമതി ലഭ്യമായത്. അറ്റകുറ്റപ്പണി പൂർത്തീകരിക്കുന്നതോടെ നെടുവത്തൂർ, മൈലം, കലയപുരം, പൂവറ്റൂർകിഴക്ക്, കുളക്കട ഭാഗങ്ങളിലെ ശേഷിക്കുന്ന 11.8 കിലോമീറ്റർ ദൂരത്ത് ആവശ്യത്തിന് വെള്ളം എത്തിക്കാൻ സാധിക്കും. ഏകദേശം 580 ഹെക്ടർ പ്രദേശത്തെ ഗുണഭോക്താക്കൾക്ക് ഇതിന്റ പ്രയോജനം ലഭിക്കും.
തുടർനടപടി വേഗത്തിലാക്കാൻ കെ.ഐ.പി അധികൃതർക്ക് നിർദേശം നൽകിയിട്ടുണ്ടെന്നും മന്ത്രി അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.