പരീക്ഷ കഴിഞ്ഞ് അവർ ഒന്നിച്ച് നടന്നുനീങ്ങിയത് മരണത്തിലേക്ക്...
text_fieldsകല്ലടിക്കോട് (പാലക്കാട്): പരീക്ഷ കഴിഞ്ഞ് സ്കൂളിൽനിന്നിറങ്ങിയ കളിക്കൂട്ടുകാർ ഒന്നിച്ചു നടന്നു നീങ്ങിയത് മരണത്തിലേക്ക്... ഒന്നിച്ച് സ്കൂളിൽ പോകുകയും ഒരുമിച്ച് വീട്ടിലേക്കു മടങ്ങുകയും ചെയ്യുന്നവരാണിവർ. എല്ലാവരും സമപ്രായക്കാർ. കരിമ്പ തുപ്പനാട് ചെറുള്ളി സ്വദേശികളായ പള്ളിപറമ്പിൽ അബ്ദുൽ സലീമിന്റെയും ഫാരിസയുടെയും മകൾ ഇർഫാന ഷെറിൻ (13), പട്ടേത്തൊടി അബ്ദുൽ റഫീഖിന്റെയും ജസീനയുടെയും മകൾ റിദ ഫാത്തിമ (13), കവളേങ്ങിൽ അബ്ദുൽ സലീമിന്റെയും നബീസയുടെയും മകൾ നിദ ഫാത്തിമ (13), അത്തിക്കൽ വീട്ടിൽ ഷറഫുദ്ദീന്റെയും സജ്നയുടെയും മകൾ ആയിഷ (13) എന്നിവരാണ് മരിച്ചത്.
കണ്ടുനിന്നവരെ ഒരുപോലെ കണ്ണ് നനയിക്കുന്ന രംഗങ്ങൾക്കാണ് പനയമ്പാടം സാക്ഷിയായത്. വിവരമറിഞ്ഞ് അപകടസ്ഥലത്തും ആശുപത്രികളിലും ഓടിയെത്തിയ രക്ഷിതാക്കൾ അപകടംപറ്റിയതാർക്കെന്നറിയാതെ അലമുറയിടുന്ന കാഴ്ച നൊമ്പരപ്പെടുത്തുന്നതായിരുന്നു. അധ്യാപകരും രക്ഷാകർതൃസമിതി ഭാരവാഹികളും ജനപ്രതിനിധികളും ആശുപത്രിയിലെത്തി. സ്ഥലത്തെത്തിയ ജനപ്രതിനിധികളും ജില്ല ഭരണാധികാരികളും എന്തു പറയണമെന്നറിയാതെ കുഴങ്ങി.
പാലക്കാട് -കോഴിക്കോട് ദേശീയപാതയിൽ കരിമ്പക്കടുത്ത് പനയമ്പാടത്ത് വ്യാഴാഴ്ച വൈകീട്ട് 3.45 ഓടെയായിരുന്നു അപകടം. പരീക്ഷ കഴിഞ്ഞ് മടങ്ങുകയായിരുന്നു കരിമ്പ ഗവ. ഹയർ സെക്കൻഡറി സ്കൂളിലെ എട്ടാം ക്ലാസ് വിദ്യാർഥിനികളാണ് നാല് പേരും. ക്രെയിൻ എത്തിച്ച് ലോറി ഉയർത്തിയാണ് ഇവരെ പുറത്തെടുത്തത്. മൂന്ന് പേർ തച്ചമ്പാറ സ്വകാര്യാശുപത്രിയിലും മറ്റൊരു വിദ്യാർഥിനി മണ്ണാർക്കാട്ടെ സ്വകാര്യാശുപത്രിയിലുമാണ് മരിച്ചത്.
പനയമ്പാടം സ്ഥിരം അപകടമേഖലയാണെന്നും പരിഹാരനടപടികൾ വേണമെന്നും സ്ഥലം എം.എൽ.എ അഡ്വ. കെ. ശാന്തകുമാരി രണ്ടു വർഷം മുമ്പ് തന്നെ നിയമസഭയിൽ ആവശ്യമുന്നയിച്ചിരുന്നു. തുടർന്ന് സംസ്ഥാന സർക്കാർ ദേശീയപാത വിഭാഗത്തെ വിഷയം അറിയിച്ചെങ്കിലും ഡി.പി.ആറിൽ മാറ്റം വരുത്താനാകില്ലെന്ന നിലപാടായിരുന്നു ദേശീയപാത ഉദ്യോഗസ്ഥർക്ക്. 2021ൽ വിഷയം ലോക്സഭയിൽ ഉന്നയിച്ചതാണെന്ന് വി.കെ. ശ്രീകണ്ഠൻ എം.പി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.