പാലക്കാട് ലോറിക്കടിയിൽപെട്ട് വിദ്യാർഥികൾ മരിച്ച സംഭവത്തിൽ ഒരാൾ അറസ്റ്റിൽ
text_fieldsകല്ലടിക്കോട് (പാലക്കാട്): പാലക്കാട് പനയമ്പാടത്ത് അമിതവേഗത്തിലെത്തിയ നിയന്ത്രണംവിട്ട് മറിഞ്ഞ ലോറിക്കടിയിൽപെട്ട് നാലു വിദ്യാർഥികൾ മരിച്ച സംഭവത്തിൽ ഒരാൾ അറസ്റ്റിൽ. ലോറി ഡ്രൈവറും മലപ്പുറം സ്വദേശിയുമായ പ്രജീഷ് ജോണിനെയാണ് കല്ലടിക്കോട് പൊലീസ് അറസ്റ്റ് ചെയ്തത്.
പ്രജീഷ് ഓടിച്ച മഹാരാഷ്ട്ര രജിസ്ട്രേഷൻ ലോറി ഇടിച്ചാണ് സിമന്റ് ലോറി വിദ്യാർഥികളുടെ മുകളിലേക്ക് മറിഞ്ഞത്. അപകടത്തിന്റെ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ച് കൂടുതൽ നടപടി സ്വീകരിക്കുമെന്ന് പൊലീസും മോട്ടോർ വാഹന വകുപ്പും അറിയിച്ചു.
പാലക്കാട് -കോഴിക്കോട് ദേശീയപാതയിൽ കരിമ്പക്കടുത്ത് പനയമ്പാടത്ത് വ്യാഴാഴ്ച വൈകീട്ട് 3.45 ഓടെയായിരുന്നു അപകടം. അമിതവേഗത്തിലെത്തിയ നിയന്ത്രണം വിട്ട് മറിഞ്ഞ ലോറിക്കടിയിൽപെട്ട് നാല് സ്കൂൾ വിദ്യാർഥിനികളാണ് മരിച്ചത്. കരിമ്പ തുപ്പനാട് ചെറുള്ളി സ്വദേശികളായ പള്ളിപറമ്പിൽ അബ്ദുൽ സലീമിന്റെയും ഫാരിസയുടെയും മകൾ ഇർഫാന ഷെറിൻ (13), പട്ടേത്തൊടി അബ്ദുൽ റഫീഖിന്റെയും ജസീനയുടെയും മകൾ റിദ ഫാത്തിമ (13), കവളേങ്ങിൽ അബ്ദുൽ സലീമിന്റെയും നബീസയുടെയും മകൾ നിദ ഫാത്തിമ (13), അത്തിക്കൽ വീട്ടിൽ ഷറഫുദ്ദീന്റെയും സജ്നയുടെയും മകൾ ആയിഷ (13) എന്നിവരാണ് മരിച്ചത്.
പരീക്ഷ കഴിഞ്ഞ് മടങ്ങുകയായിരുന്നു കരിമ്പ ഗവ. ഹയർ സെക്കൻഡറി സ്കൂളിലെ എട്ടാം ക്ലാസ് വിദ്യാർഥിനികളായ നാല് പേരും. പാലക്കാട് നിന്നും മണ്ണാർക്കാട്ടേക്ക് സിമൻറ് കയറ്റി പോകുന്ന ചരക്ക് ലോറിയാണ് മുന്നിൽ പോകുകയായിരുന്ന മറ്റൊരു ലോറിയിലിടിച്ച ശേഷം റോഡരികിലൂടെ നീങ്ങി മരത്തിലിടിച്ച് മറിഞ്ഞത്. വാഹനങ്ങൾക്കടിയിൽപ്പെട്ടാണ് കുട്ടികളുടെ മരണം.
ക്രെയിൻ എത്തിച്ച് ലോറി ഉയർത്തിയാണ് ഇവരെ പുറത്തെടുത്തത്. അപകടസമയത്ത് ചാറ്റൽ മഴ ഉണ്ടായിരുന്നു. പരിക്കേറ്റ ഡ്രൈവർ കാസർകോട് സ്വദേശി വർഗീസ് (52), ക്ലീനർ മഹേന്ദ്ര പ്രസാദ് (28) എന്നിവർ മണ്ണാർക്കാട് സ്വകാര്യാശുപത്രിയിൽ ചികിത്സയിലാണ്.
സംഭവത്തെ തുടർന്ന് നാട്ടുകാർ റോഡ് ഉപരോധിച്ചു. പാലക്കാട് -കോഴിക്കോട് ദേശീയപാതയുടെ നിർമാണത്തിലെ അശാസ്ത്രീയതയാണ് അപകട കാരണമെന്ന് ആരോപിച്ചാണ് റോഡ് ഉപരോധിച്ചത്. പ്രശ്നം ചർച്ച ചെയ്യാൻ പാലക്കാട്ട് യോഗം വിളിക്കുമെന്ന് എ.ഡി.എം ഉറപ്പ് നൽകിയതോടെ ജനം പിൻമാറി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.