കല്ലടിക്കോട് അപകടം: റോഡിന്‍റെ തകരാറിന് പരിഹാരം ഉണ്ടാകണമെന്ന് രാഹുൽ മാങ്കൂട്ടത്തിൽ
text_fieldsകല്ലടിക്കോട്: മണ്ണാർക്കാടിനും കല്ലടിക്കോടിനും ഇടയിൽ തുടർച്ചയായുള്ള റോഡ് അപകടങ്ങളിൽ പരിഹാരം ഉണ്ടാകണമെന്ന് രാഹുൽ മാങ്കൂട്ടത്തിൽ എം.എൽ.എ. നിരന്തര അപകടത്തിന് പിന്നിൽ റോഡിന്‍റെ അശാസ്ത്രീയത ആണോയെന്ന് സംശയമുണ്ട്. പ്രശ്നം പരിഹരിക്കണമെന്ന കാര്യത്തിൽ എല്ലാവരും ഒറ്റക്കെട്ടാണ്. ഉന്നതതല യോഗം ഇന്ന് ചേരുന്നുണ്ടെന്നും രാഹുൽ പറഞ്ഞു.
കുഞ്ഞുങ്ങളുടെ മരണം വലിയ പ്രയാസമാണ്. രാവിലെ യാത്ര പറഞ്ഞ് പരീക്ഷ എഴുതാൻ പോയ കുഞ്ഞുമക്കൾ വൈകുന്നേരം ഈ പരുവത്തിൽ വരുക എന്നത് ദുഃഖകരമാണെന്നും രാഹുൽ പറഞ്ഞു.
തുടർച്ചയായ അപകടമാണ് ഈ മേഖലയിൽ ഉണ്ടാകുന്നത്. നിരവധി ആളുകൾ മരണമടഞ്ഞു. ഒരു മാസം മുമ്പ് ക്ഷേത്രത്തിനടുത്തുണ്ടായ അപകടത്തിൽ അഞ്ച് യുവാക്കൾ മരിച്ചു. അപകടം ഉണ്ടാകുമ്പോഴെങ്കിലും പ്രശ്നത്തിന് പരിഹാരം കാണേണ്ടതുണ്ടെന്നും രാഹുൽ മാങ്കൂട്ടത്തിൽ മാധ്യമങ്ങളോട് വ്യക്തമാക്കി.
പാലക്കാട് -കോഴിക്കോട് ദേശീയപാതയിൽ കരിമ്പക്കടുത്ത് പനയമ്പാടത്ത് വ്യാഴാഴ്ച വൈകീട്ട് 3.45 ഓടെയായിരുന്നു അപകടം. അമിതവേഗത്തിലെത്തിയ നിയന്ത്രണംവിട്ട് മറിഞ്ഞ ലോറിക്കടിയിൽപെട്ട് നാല് സ്കൂൾ വിദ്യാർഥിനികളാണ് മരിച്ചത്. പരീക്ഷ കഴിഞ്ഞ് മടങ്ങുകയായിരുന്നു കരിമ്പ ഗവ. ഹയർ സെക്കൻഡറി സ്കൂളിലെ എട്ടാം ക്ലാസ് വിദ്യാർഥിനികൾ.
പാലക്കാട് നിന്നും മണ്ണാർക്കാട്ടേക്ക് സിമൻറ് കയറ്റി പോകുന്ന ചരക്ക് ലോറിയാണ് മുന്നിൽ പോകുകയായിരുന്ന മറ്റൊരു ലോറിയിലിടിച്ച ശേഷം റോഡരികിലൂടെ നീങ്ങി മരത്തിലിടിച്ച് മറിഞ്ഞത്. വാഹനങ്ങൾക്കടിയിൽപ്പെട്ടാണ് കുട്ടികളുടെ മരണം. ക്രെയിൻ എത്തിച്ച് ലോറി ഉയർത്തിയാണ് ഇവരെ പുറത്തെടുത്തത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.