റോഡിന്റെ വളവ് മാറ്റണമെന്ന ആവശ്യം ഇതുവരെ നടപ്പായില്ല; ഉദ്യോഗസ്ഥർക്കെതിരെ നടപടി വേണമെന്ന് വി.കെ ശ്രീകണ്ഠൻ
text_fieldsന്യൂഡൽഹി: പാലക്കാട് കല്ലടിക്കോട് ലോറിക്കടിയിൽപെട്ട് സ്കൂൾ വിദ്യാർഥിനികൾ മരിച്ച പശ്ചാത്തലത്തിൽ ദേശീയപാത അതോറിറ്റിക്കെതിരെ രൂക്ഷ വിമർശനവുമായി പാലക്കാട് എം.പി വി.കെ ശ്രീകണ്ഠൻ. അപകടത്തിന് കാരണം ദേശീയപാതാ അതോറിറ്റിയുടെ അനാസ്ഥയാണെന്ന് വി.കെ ശ്രീകണ്ഠൻ പറഞ്ഞു.
റോഡിന്റെ വളവ് മാറ്റി പുനഃക്രമീകരിക്കണമെന്ന ആവശ്യം ഇതുവരെ നടപ്പായില്ല. കേന്ദ്രമന്ത്രിയെ വിഷയം നേരിട്ട് ധരിപ്പിക്കും. ദേശീയപാതാ അതോറിറ്റി അധികൃതർ വെള്ളാനകളെ പോലെയാണ്. ഉദ്യോഗസ്ഥർക്കെതിരെ നടപടി വേണമെന്നും വി.കെ ശ്രീകണ്ഠൻ ആവശ്യപ്പെട്ടു.
പാലക്കാട് -കോഴിക്കോട് ദേശീയപാതയിൽ കരിമ്പക്കടുത്ത് പനയമ്പാടത്ത് വ്യാഴാഴ്ച വൈകീട്ട് 3.45 ഓടെയായിരുന്നു നാടിനെ നടുക്കിയ അപകടമുണ്ടായത്. അമിതവേഗത്തിലെത്തിയ നിയന്ത്രണംവിട്ട് മറിഞ്ഞ ലോറിക്കടിയിൽപെട്ടാണ് കരിമ്പ ഗവ. ഹയർ സെക്കൻഡറി സ്കൂളിലെ നാല് വിദ്യാർഥിനികൾ മരിച്ചത്. പരീക്ഷ കഴിഞ്ഞ് മടങ്ങുമ്പോഴായിരുന്നു സംഭവം.
പാലക്കാട് നിന്നും മണ്ണാർക്കാട്ടേക്ക് സിമൻറ് കയറ്റി പോകുന്ന ചരക്ക് ലോറിയാണ് മുന്നിൽ പോകുകയായിരുന്ന മറ്റൊരു ലോറിയിലിടിച്ച ശേഷം റോഡരികിലൂടെ നീങ്ങി മരത്തിലിടിച്ച് മറിഞ്ഞത്. വാഹനങ്ങൾക്കടിയിൽപ്പെട്ടാണ് കുട്ടികളുടെ മരണം. അപകടത്തിൽ നിന്ന് അജ്ന ഷെറിൻ എന്ന സഹപാഠി അത്ഭുതകരമായി രക്ഷപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.