കല്ലാംകുഴി ഇരട്ടക്കൊല: അപൂർവ വിധി; നിർണായകമായത് ദൃക്സാക്ഷി മൊഴി
text_fieldsപാലക്കാട്: ഏറെ രാഷ്ട്രീയ വിവാദങ്ങൾക്കിടയാക്കിയ കല്ലാംകുഴി ഇരട്ടക്കൊല കേസിലെ 25 പ്രതികൾക്കും ശിക്ഷ വാങ്ങി കൊടുക്കാനായത് പ്രോസിക്യൂഷന്റെ വിജയം. ദൃക്സാക്ഷികളായ ഏഴ് പേരുടെ മൊഴിയാണ് കേസിൽ നിർണായകമായത്.
മാരകായുധങ്ങളുമായി സംഘം ചേർന്നെത്തിയ 25 പ്രതികളും കൊലപാതകത്തിന് ഉത്തരവാദികളാണെന്നാണ് കോടതി കണ്ടെത്തിയത്. ഇത്രയധികം പ്രതികൾക്ക് ജീവപര്യന്തം ശിക്ഷ വിധിച്ച കേസുകൾ വളരെ അപൂർവമാണ്. ഇരുവിഭാഗം സുന്നി പ്രവർത്തകർ തമ്മിലുള്ള സംഘർഷമെന്ന നിലയിലും രാഷ്ട്രീയ കൊലപാതകമെന്ന നിലയിലും സംഭവം ഏറെ ചർച്ച ചെയ്യപ്പെട്ടിരുന്നു. പ്രതികൾക്കുവേണ്ടി മുസ്ലിം ലീഗും കൊല്ലപ്പെട്ടവരുടെ ബന്ധുക്കളോടൊപ്പം സി.പി.എമ്മും നിലയുറപ്പിച്ച കേസ് എന്ന നിലയിലും ശ്രദ്ധേയമായി. പ്രദേശത്ത് നിലനിന്നിരുന്ന എ.പി-ഇ.കെ. വിഭാഗം സുന്നികൾ തമ്മിലുള്ള ഭിന്നതയും ഇതിനൊപ്പം രൂപംകൊണ്ട ലീഗ്-സി.പി.എം തർക്കങ്ങളുമാണ് സംഭവത്തിന്റെ പ്രധാന കാരണമായി പറയുന്നത്.
കല്ലാങ്കുഴി ജുമാമസ്ജിദിൽ ഇ.കെ. വിഭാഗത്തിന്റെ നേതൃത്വത്തിലുള്ള 'തണൽ' സംഘടനയുടെ പിരിവുമായി ബന്ധപ്പെട്ട് ഉടലെടുത്ത തർക്കമാണ് പെട്ടെന്നുള്ള പ്രകോപനത്തിനും സംഘർഷത്തിലേക്കും തുടർന്നുള്ള കൊലപാതകങ്ങളിലേക്കും നയിച്ചതെന്നും പറയുന്നു. തർക്കങ്ങൾ രമ്യതയിലെത്തിക്കാനുള്ള ചർച്ച പുരോഗമിക്കുന്നതിനിടെയാണ് സഹോദരങ്ങൾ കൊല്ലപ്പെട്ടത്. സാക്ഷികളെ ഭീഷണിപ്പെടുത്തിയെന്ന പരാതിയെ തുടർന്ന് ആറ് പ്രതികളുടെ ജാമ്യം ഹൈകോടതി റദ്ദാക്കിയിരുന്നു.
വിചാരണ അനന്തമായി നീണ്ടതിനെതുടർന്ന് കൊല്ലപ്പെട്ടവരുടെ ബന്ധുക്കൾ ഹൈകോടതിയെ സമീപിച്ചിരുന്നു. ഹൈകോടതി നിർദേശത്തെതുടർന്നാണ് വിചാരണ വേഗത്തിലായത്. മണ്ണാർക്കാട് സി.ഐ അനിൽകുമാർ ആദ്യം അന്വേഷിച്ച കേസിന്റെ തുടരന്വേഷണം ഷൊർണൂർ ഡിവൈ.എസ്.പി ഷറഫുദ്ദീന്റെ നേതൃത്വത്തിലായിരുന്നു. 2014 ജനുവരിയിൽ കുറ്റപത്രം സമർപ്പിച്ചു. 2021 ഫെബ്രുവരി 15നാണ് വിചാരണയാരംഭിച്ചത്. ഒരു വർഷവും മൂന്ന് മാസവുമെടുത്ത് വിചാരണ പൂർത്തീകരിച്ച് ശിക്ഷ പ്രഖ്യാപിച്ചു. കൊല നടന്ന് എട്ടര വർഷത്തിനുശേഷമാണ് ശിക്ഷ.
ഗൂഢാലോചന നടത്തിയവരെയും നിയമത്തിന് മുന്നിൽകൊണ്ടുവരണം -കുഞ്ഞുമുഹമ്മദ്
പാലക്കാട്: രാഷ്ട്രീയ കൊലപാതകങ്ങൾക്ക് അറുതിവരുത്തുന്ന വിധത്തിൽ മാതൃകപരമായ വിധിയാണ് കല്ലാംകുഴി ഇരട്ടക്കൊലക്കേസിൽ ഉണ്ടായിരിക്കുന്നതെന്ന് കൊല്ലപ്പെട്ട നൂറുദ്ദീന്റെയും കുഞ്ഞുഹംസയുടെയും സഹോദരൻ കുഞ്ഞുമുഹമ്മദ് പറഞ്ഞു. സഹോദരങ്ങൾ കൊല്ലപ്പെട്ട സംഭവത്തിൽ കുഞ്ഞുമുഹമ്മദിനും സാരമായ പരിക്കേറ്റിരുന്നു. ഒരുകുറ്റവും ചെയ്യാത്തവരായിരുന്നു തന്റെ സഹോദരങ്ങൾ. പാവങ്ങളെ സഹായിക്കുന്ന, രണ്ട് സാധുമനുഷ്യരെയാണ് അക്രമിസംഘം കൊന്നത്. കൊലക്ക് പിന്നിൽ ആസൂത്രണമുണ്ട്. അണിയറയിൽ പ്രവർത്തിച്ചവരെ നിയമത്തിന് മുന്നിൽകൊണ്ടുവരാനുള്ള അവസരമാണ് കൈവന്നിരിക്കുന്നത്. ഡി.ജി.പിക്ക് നിവേദനം നൽകിയിട്ടും ഗൂഢാലോചന അന്വേഷിക്കപ്പെട്ടില്ല. അതിനായി വീണ്ടും സർക്കാറിനെ സമീപിക്കും. 13 വർഷത്തിനുശേഷമാണ് മാറാട് കേസിൽ ഗൂഢാലോചന അന്വേഷിക്കാൻ തീരുമാനമായത്. ആ നിലക്ക് കല്ലാംകുഴി കേസിലും സമാന തീരുമാനം ഉണ്ടാകുമെന്ന് പ്രതീക്ഷയുണ്ടെന്നും കുഞ്ഞുമുഹമ്മദ് പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.