കല്ലാങ്കുഴി ഇരട്ടക്കൊല: 25 പ്രതികൾ കുറ്റക്കാരെന്ന് കോടതി
text_fieldsപാലക്കാട്: കോളിളക്കം സൃഷ്ടിച്ച മണ്ണാർക്കാട് കാഞ്ഞിരപ്പുഴ കല്ലാങ്കുഴി ഇരട്ടക്കൊലക്കേസിൽ 25 പ്രതികൾ കുറ്റക്കാരെന്ന് പാലക്കാട് ഫാസ്റ്റ് ട്രാക്ക് സ്പെഷൽ കോടതി വിധിച്ചു. ശിക്ഷ വെള്ളിയാഴ്ച പ്രഖ്യാപിക്കും. കാഞ്ഞിരപ്പുഴ കല്ലാങ്കുഴി പള്ളത്ത് വീട്ടിൽ കുഞ്ഞുഹംസ (48), സഹോദരൻ നൂറുദ്ദീൻ (42) എന്നിവർ കൊല്ലപ്പെട്ട കേസിലാണ് ജഡ്ജി ടി.എച്ച്. രജിതയുടെ വിധി. 2013 നവംബര്‍ 20ന് രാത്രി ഒമ്പതോടെയാണ് മാരകായുധങ്ങളുമായെത്തിയ സംഘം കുഞ്ഞുഹംസ, നൂറുദ്ദീന്‍ എന്നിവരെ വെട്ടിക്കൊലപ്പെടുത്തിയത്. ഇവരുടെ മൂത്ത സഹോദരന് കുഞ്ഞുമുഹമ്മദിന് (66) ആക്രമണത്തിൽ സാരമായി പരിക്കേറ്റിരുന്നു.
ആകെ 27 പ്രതികളാണ് ഉണ്ടായിരുന്നത്. നാലാം പ്രതി ചീനൻ ഹംസപ്പ വിചാരണക്കിടെ മരിച്ചു. പ്രായപൂർത്തിയാവാത്ത മറ്റൊരു പ്രതിയുടെ കേസ് പാലക്കാട് ജുവനൈൽ കോടതിയിലാണ്. കൊലപാതകം, മാരകായുധങ്ങളുമായി സംഘംചേരൽ, കലാപം സൃഷ്ടിക്കൽ തുടങ്ങിയ വകുപ്പുകൾ പ്രകാരം പ്രതികൾ കുറ്റക്കാരാണെന്ന് കോടതി കണ്ടെത്തി.
കല്ലാങ്കുഴി ജുമാമസ്ജിദിലെ പിരിവുമായി ബന്ധപ്പെട്ട തർക്കമാണ് ഇരട്ടക്കൊലയിൽ കലാശിച്ചത്. കൊല്ലപ്പെട്ട കുഞ്ഞുഹംസയും നൂറുദ്ദീനും സുന്നി എ.പി വിഭാഗം പ്രവർത്തകരും സി.പി.എം പ്രവർത്തകരും ആയിരുന്നു. പ്രതികൾ മുസ്ലിം ലീഗ് പ്രവര്‍ത്തകരോ പാർട്ടിയുമായി ബന്ധമുള്ളവരോ ആയിരുന്നു. കാഞ്ഞിരപ്പുഴ പഞ്ചായത്ത് മുൻ വൈസ് പ്രസിഡന്റാണ് ഒന്നാം പ്രതിയായ ചോലാട്ടില്‍ സിദ്ദീഖ്. കേസിന്റെ വിചാരണ അനന്തമായി നീണ്ടതിനാല്‍ കൊല്ലപ്പെട്ടവരുടെ കുടുംബാംഗങ്ങള്‍ ഹൈകോടതിയെ സമീപിച്ചിരുന്നു. തുടര്‍ന്ന് വിചാരണ നിശ്ചിത സമയപരിധിക്കുള്ളില്‍ പൂര്‍ത്തിയാക്കണമെന്ന് ഹൈകോടതി നിർദേശം നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.